'എന്റമ്മോ ഇത് തീ', അര്‍ധരാത്രി ഞെട്ടിച്ച് എമ്പുരാന്റെ ട്രെയ്‌ലര്‍; ഇതിനകം കണ്ടത് 16 ലക്ഷത്തിലേറെ പേര്‍
കൊച്ചി: മോഹന്‍ലാല്‍-പൃഥ്വിരാജ് കോമ്പോയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വമ്പന്‍ ചിത്രം എല്‍2: എമ്പുരാന്റെ ട്രെയ്‌ലര്‍ റിലീസായി. അര്‍ധരാത്രി ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ആശീര്‍വാദ് സിനിമാസ് ട്രെയ്‌ലര്‍ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. പിന്നാലെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ട്രെയ്‌ലറുകളും പുറത്തുവന്നു. 12 മണിക്ക് റിലീസായി ഏഴ് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഇതിനകം 16 ലക്ഷത്തോളം പേരാണ് ട്രെയ്‌ലര്‍ കണ്ടത്.
പ്രേക്ഷകരുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്ന വിധമാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ബോളിവുഡിനെയും കടത്തിവെട്ടുന്ന രീതിയിലാണ് ചിത്രത്തിന്റെ മേക്കിങ് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന ആദ്യസൂചനകള്‍. നിരവധി പേരാണ് ചിത്രത്തിന് ആശംസ അറിയിച്ചിരിക്കുന്നത്. എമ്പുരാന്റെ ട്രെയിലര്‍ ആദ്യമായി കണ്ടത് രജനികാന്താണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ചിത്രത്തിന്റെ ടീസര്‍ ജനുവരി 26-ന് പുറത്തുവന്നിരുന്നു. ട്രെയ്‌ലര്‍ ലോഞ്ച് ചെയ്യുന്ന ചടങ്ങ് മുംബൈയില്‍ നടക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. മാര്‍ച്ച് 27-നാണ് ചിത്രം തീയറ്ററുകളിലെത്തുക. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ളിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാഡര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മൈക്കല്‍ നോവികോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മുരളി ഗോപിയാണ് തിരക്കഥ. മലയാളത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രം നിര്‍മ്മിച്ചത് ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌ക്കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്.
തമിഴ്നാടിന് പുറമേ പാന്‍ ഇന്ത്യന്‍ തലത്തിലും വമ്പന്‍ കമ്പനികളാണ് ചിത്രം റിലീസ് ചെയ്യുക. ആന്ധ്രാ-തെലുങ്കാന സംസ്ഥാനങ്ങളില്‍, ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സാണ് ചിത്രം വിതരണം ചെയ്യുന്നത്. അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളില്‍ ഇതിനോടകം ചിത്രത്തിന്റെ ബുക്കിങ് ആരംഭിക്കുകയും റെക്കോര്‍ഡ് പ്രീ സെയില്‍സ് നേടുകയും ചെയ്തിട്ടുണ്ട്.
അമേരിക്ക, യുകെ, യുഎഇ, കേരളം, ഫരീദാബാദ്, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, ഹൈദരാബാദ്, ഷിംല, ലേ തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് എമ്പുരാന്‍ ചിത്രീകരിച്ചത്. ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ പതിനായിരത്തോളം മോഹന്‍ലാല്‍ ഫാന്‍സ് പങ്കെടുത്ത, എമ്പുരാന്റെ ലോഞ്ചിങ്ങും സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.












Click it and Unblock the Notifications