'ലക്ഷ്മി നക്ഷത്ര കൊല്ലം സുധിയെ വിറ്റ് കാശാക്കുന്നുണ്ടോ?'; പാഷാണം ഷാജിക്ക് പറയാനുള്ളത് ഇതാണ്
നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട വ്യക്തിയായി അവതാരകയായ ലക്ഷ്മി നക്ഷത്ര. ലക്ഷ്മി സുധിയുടെ മരണത്തേയും കുടുംബത്തിന്റെ സാഹചര്യത്തേയും വിറ്റ് കാശാക്കുന്നുവെന്നായിരുന്നു ചിലരുടെ വിമർശനം. സുധിയുടെ ഭാര്യ രേണുവിനും കുഞ്ഞുങ്ങൾക്കും ലക്ഷ്മി സാമ്പത്തിക സഹായം അടക്കം നൽകിയിരുന്നു. ഇതെല്ലാം തന്റെ യുട്യൂബ് ചാനലിലൂടെ ലക്ഷ്മി പുറത്തുവിട്ടിരുന്നു. അടുത്തിടെ സുധിയുടെ മണം പെർഫ്യൂം ആക്കി കുടുംബത്തിന് സമ്മാനിച്ച സംഭവവും വീഡിയോ ആയി ചെയ്തിരുന്നു. ഇതെല്ലാമാണ് സൈബർ വിമർശനങ്ങൾക്ക് കാരണമായത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് മിമിക്രി താരവും സുധിയുടെ സുഹൃത്തുമായ പാഷാണം ഷാജി. ലക്ഷ്മിയുടെ നടപടിയെ വിമർശിക്കുകയാണ് താരം.
'സുധി പോയി എന്ന് പറഞ്ഞ് ഇരുന്നിട്ട് കാര്യമില്ല. കുട്ടികളുടെ കാര്യം നോക്കണം. വളരെ ബോൾഡായിരിക്കണം. ചെറിയ കുഞ്ഞുണ്ട്. അവനെ വളർത്തി വലുതാക്കണമെങ്കിൽ നല്ല കഷ്ടപ്പാടുണ്ട്. ഈ കമന്റിടുന്നവരുടെ സഹോദരിമാർക്കാണ് ഇത് സംഭവിക്കുന്നതെങ്കിൽ വെള്ള വസ്ത്രവും ധരിപ്പിച്ച് പൂട്ടിയിടുമോ. അവരെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാനെ ശ്രമിക്കൂ. അല്ലേലും ആരാന്റമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണെന്ന് പറഞ്ഞത് പോലെയാണ് ചിലർക്ക്. സ്വന്തം കാര്യം വരുമ്പോഴെ മനസിലാകൂ.
സുധി രേണുവിനോട് ചെയ്തത് എന്ന് പറഞ്ഞ് കൊറേ യുട്യൂബ് ചാനലുകൾ മുൻപ് വാർത്ത കൊടുത്തിട്ടുണ്ട്. മരിച്ചപ്പോൾ സുധിച്ചേട്ടൻ അങ്ങനെ ഇങ്ങനെ എന്ന് പറഞ്ഞ് കൊടുക്കാൻ തുടങ്ങി. സുധി എന്താണെന്ന് ഞങ്ങൾക്ക് അറിയാം. കഴിഞ്ഞ 5 വർഷത്തോളം ഉള്ള ബന്ധമാണ്. അവൻ എന്റെ വീട്ടിലാണ് വന്ന് കിടന്നുറങ്ങിയിരുന്നത്. ആ കുടുംബവുമായി ഞങ്ങൾ അത്ര ബന്ധമുള്ളതാണ്.
സുധിയെ വിറ്റ് കാശാക്കുന്നു എന്ന നിലയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്ക് അത് തോന്നും. ജനങ്ങളിലേക്ക് ചീത്ത കേൾക്കാൻ ഇട്ട് കൊടുത്താൽ അവർ പറയും. അല്ലെങ്കിൽ ചെയ്യുന്ന കാര്യം രഹസ്യമായി ചെയ്യണം. നമ്മുക്കൊന്നും സൈബർ അറ്റാക്ക് ഇക്കാര്യത്തിൽ കിട്ടുന്നില്ലല്ലോ. ഇവർ തന്നെ ഇക്കാര്യങ്ങൾ ചെയ്തിട്ട് പിന്നെ. ലക്ഷ്മി നക്ഷത്ര അല്ല, ആര് ചെയ്താലും ഇങ്ങനെ തന്നെ. സുധിക്കെതിരെ നേരത്തേ സൈബർ അറ്റാക്ക് ഉണ്ടായ സമയത്ത് ആരും അവന് വേണ്ടി വീഡിയോ ചെയ്യാനൊന്നും ഉണ്ടായില്ല. ഇത്തരം അവസ്ഥ വന്നപ്പോൾ അത് പരമാവധി ഉപയോഗിക്കണം എന്ന ചിന്തയാണ് എല്ലാവർക്കും.

ഇങ്ങനെയൊക്കെ ചെയ്താൽ എല്ലാവർക്കും ഓർമ നിക്കുവോ. നമ്മുടെ അച്ഛൻ അമ്മ ഒക്കെ മരിച്ച് കഴിഞ്ഞാൽ കൊല്ലം കഴിയുന്തോറും ഓർമ പോയിക്കൊണ്ടിരിക്കുകയാണ്. സുധിയെ കുറിച്ച് പറയാനായിരുന്നുവെങ്കിൽ നമ്മക്കെല്ലാവർക്കും പറയാൻ ഉണ്ട്. ഞങ്ങൾ എല്ലാവരുടേയും ഇടയിൽ ഞങ്ങൾ സംസാരിക്കാറുണ്ട്. ചില കാര്യങ്ങൾ രഹസ്യമായി തന്നെ നമ്മുക്ക് ചെയ്യാം. ലക്ഷ്മി മൊബൈലൊക്കെ നോക്കി കരയുന്നത് ഞാൻ കണ്ടിരുന്നു. ലക്ഷ്മി ചെയ്തത് ലക്ഷ്മിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ്. കമന്റിട്ടവരെ സംബന്ധിച്ച് അവരുടെ ശരിയാണ്', ഷാജി പറഞ്ഞു.
അതേസമയം ലക്ഷ്മി നക്ഷത്ര തനിക്ക് സ്വന്തം സഹോദരിയെ പോലെയാണെന്നും സുധിച്ചേട്ടന്റെ വിയോഗ ശേഷം വളരെ അധികം സാമ്പത്തികമായി തങ്ങളെ പിന്തുണച്ചിട്ടുണ്ടെന്നുമാണ് നേരത്തേ സുധിയുടെ ഭാര്യ രേണു പറഞ്ഞത്. എല്ലാ മാസവും ഒരു വിഹിതം തങ്ങൾക്ക് നൽകാറുണ്ടെന്നും രേണു വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications