'പെർഫ്യൂം വീഡിയോക്ക് ലക്ഷ്മി നക്ഷത്ര ലക്ഷങ്ങള്‍ വാങ്ങി': ആദ്യമായി പ്രതികരിച്ച താരം, എല്ലാം രേണു പറഞ്ഞത്
കൊല്ലം സുധിയുമായി അടുത്ത ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ലക്ഷ്മി നക്ഷത്ര. സുധിയുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് സാമ്പത്തികമായും മാനസികമായി ലക്ഷ്മി നക്ഷത്ര നല്‍കിയ പിന്തുണയെ കുറിച്ച് സുധിയുടെ ഭാര്യ രേണു തന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. സുധിയുടെ കുടുംബവുമായി ബന്ധപ്പെട്ട് തന്നെ വലിയ തോതിലുള്ള വിമർശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുള്ള വ്യക്തി കൂടിയാണ് ലക്ഷ്മി നക്ഷത്ര.
സുധിയുടെ മണമുള്ള ഒരു പെർഫ്യും ലക്ഷ്മി നക്ഷത്ര ദുബായിലെ ഒരു പെർഫ്യൂം മേക്കറുടെ സഹായത്തോടെ തയ്യാറാക്കി രേണുവിന് നല്‍കിയിരുന്നു. പെർഫ്യൂം തയ്യാറാക്കുന്നതും അത് രേണുവിന് നല്‍കുന്നതുമെല്ലാം തന്റെ യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി നക്ഷത്ര പുറത്ത് വിടുകയും ചെയ്തു. രേണുവിന്റെ ആഗ്രഹ പ്രകാരമാണ് ലക്ഷ്മി ഇക്കാര്യം ചെയ്തതെങ്കിലും വലിയ തോതിലുള്ള വിമർശനമാണ് അവർക്ക് നേരിടേണ്ടി വന്നത്.

വിമർശനങ്ങളും അധിക്ഷേപങ്ങളും ഒരു വശത്ത് വലിയ രീതിയില്‍ ഉയർന്നപ്പോഴും അന്നൊന്നും അതിനോട് പ്രതികരിക്കാന്‍ ലക്ഷ്മി നക്ഷത്ര തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ആദ്യമായി തന്റെ യൂട്യൂബ് ചാനലിലൂടെ തന്നെ ആ വിഷയത്തില്‍ താരം ആദ്യമായി പ്രതികരിക്കുകയാണ്. ഇനി ഒരു ബിസിനസ് തുടങ്ങുന്നുണ്ടെങ്കിൽ പെർഫ്യൂം ബിസിനസ് ആയിരിക്കും ആരംഭിക്കുകയെന്നാണ് ലക്ഷ്മി നക്ഷത്ര പറയുന്നത്.
രേണു പറഞ്ഞ ആഗ്രഹം സുധിച്ചേട്ടന് വേണ്ടി നടപ്പാക്കി കൊടുക്കുകയായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്. 'ഇനി ഒരു ബിസിനസ് തുടങ്ങുന്നുണ്ടെങ്കിൽ ഞാൻ പെർഫ്യും ബിസിനസ് ആയിരിക്കും നടത്തുക. കാരണം മാർക്കറ്റിങ് സൈഡിൽ പത്ത് രൂപ ചിലവാക്കാതെ നല്ല രീതിയിൽ ബിസിനസ് പിടിക്കാമെന്നത് ഒറ്റ പെർഫ്യൂം കൊണ്ട് എനിക്ക് മനസിലായി. ഞാൻ ഇപ്പോൾ പെർഫ്യൂം പോലും അടിക്കാറില്ല. പെർഫ്യൂം ഉപേക്ഷിച്ചു. എന്തായാലും ബിസിനസ് ആരംഭിക്കുന്നുണ്ടെങ്കില്‍ അത് പെർഫ്യൂം തന്നെയായിരിക്കും. ചില മിക്സിങ് ഒക്കെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്' ലക്ഷ്മി നക്ഷത്ര വ്യക്തമാക്കി.
സ്റ്റാർ മാജിക്കിലുള്ള ഞാന്‍ അടക്കമുള്ള എല്ലാവർക്കും കരയുന്നതും ചിരിക്കുന്നതുമായുള്ള മുഖങ്ങളുണ്ട്. എന്നാല്‍ സുധിച്ചേട്ടനെ ഞാന്‍ ചിരിക്കുന്ന മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളു. രേണു പറഞ്ഞൊരു ആഗ്രഹം സുധി ചേട്ടന് വേണ്ടി കൂടി ആയതുകൊണ്ട് ഞാൻ നല്ല ഉദ്ദേശത്തോട് കൂടി ചെയ്തത് ആയിരുന്നു. പക്ഷെ ഒരു നാണയത്തിന് രണ്ട് വശം ഉണ്ടെന്ന് പറയുന്നത് പോലെ പോസിറ്റീവ് ആയിട്ട് പറഞ്ഞവരും ഉണ്ട്, അതിലേറെ നെഗറ്റീവ് പറഞ്ഞവരും ഉണ്ട്.
രേണുവാണ് പെർഫ്യൂം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള റഫറൻസ് എനിക്ക് തന്നത്. ഇന്ന വ്യക്തിയുടെ അടുത്ത് പോയി കഴിഞ്ഞാൽ പെർഫ്യൂം ഉണ്ടാക്കാൻ പറ്റും. ചിന്നു അത് ഒന്ന് എനിക്ക് ചെയ്ത് തരാമോയെന്നും ചോദിച്ചു. അവർ ചില വ്യക്തികളോട് നേരത്തെ ഈ ആവശ്യം ഉന്നയിച്ചെങ്കിലും അത് നടന്നിരുന്നില്ല. ആ ഒരു സാഹചര്യത്തിലും ഇപ്പോഴത്തെ ഒരു സാഹചര്യത്തിലും എനിക്ക് അത് ചെയ്തുകൊടുക്കാന്‍ പറ്റുമായിരുന്നു.
മരിച്ച ഒരാള്‍ക്ക് വേണ്ടി സ്വന്തം ഭാര്യ ഒരു ആഗ്രഹം പറയുമ്പോള്‍ അത് ചെയ്തുകൊടുക്കണ്ടെ എന്ന് ആഗ്രഹത്തോടെയാണ് ചെയ്തത്. ദുബായിലേക്ക് വന്നത് രണ്ട് പെട്ടിയുമായിട്ടാണ്. അതില്‍ ഒരു പെട്ടിയില്‍ പുള്ളിയുടെ ഷർട്ട് മാത്രമായിരുന്നു. അത്രയും പവിത്രതോയെടാണ് ചെയ്തത്. പക്ഷെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയായിരുന്നു. എന്നാല്‍ നഷ്ടപ്പെടലൊക്കെ നമ്മുടെ വീട്ടില്‍ ഉണ്ടാകുമ്പോഴെ അതിന്റെ വിഷമം മനസ്സിലാകുകയുള്ളു.
ഒരിക്കല്‍ കൊച്ചിയിലെ ഒരു പെറ്റ് പാർക്കില്‍ പോയപ്പോള്‍ ഒരു ആന്റ് എന്നെ കണ്ടുവന്ന് ആദ്യം തന്നെ ചെയ്തത് തലയില്‍ തലോടലാണ്. അവരുടെ ഭർത്താവ് മരിച്ച ശേഷം അദ്ദേഹത്തിന്റെ തോർത്തും കൊണ്ട് ദുബായില്‍ പോയി പെർഫ്യൂം ഉണ്ടാക്കി. അതിന് കാരണമായത് എന്റെ വീഡിയോ ആണെന്ന് പറഞ്ഞ് കേട്ടപ്പോള്‍ വലിയ സന്തോഷമായി. അങ്ങനെ ഗുരുവായൂരുള്ള ഒരു ഭർത്താവ് ഭാര്യയുടെ മണമുള്ള പെർഫ്യൂമും ഉണ്ടാക്കി. തുറന്ന് പറഞ്ഞാല്‍ നെഗറ്റീവ് കമന്റുകള്‍ എനിക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ട്.
പെർഫ്യൂം നിർമ്മിച്ച സമയത്ത് ദുബായിലുള്ള ആ ബ്രാന്റിന്റെ കയ്യിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയിട്ട് ബ്രാന്റ് പ്രമോഷനാണ് ചെയ്തതെന്ന രീതിയിലുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. അതിനുള്ള ഏതെങ്കിലും ഒരു തെളിവ് നിങ്ങള്‍ക്ക് കൊണ്ടുവരാമോ? എന്റെ അക്കൗണ്ട്സ് നിങ്ങൾക്ക് ചെക്ക് ചെയ്യാം. ആ പെർഫ്യൂം മേക്കർ മലയാളി ആണെങ്കില്‍ പോലും ഞാൻ ആരാണെന്ന് പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു.












Click it and Unblock the Notifications