സത്യം സത്യമായി പറയണ്ടേ? രേണു സുധിയെ കുറിച്ചുളള ചോദ്യത്തിന് ലക്ഷ്മി നക്ഷത്രയുടെ മറുപടി ഇങ്ങനെ
ബിഗ് ബോസ് മലയാളം സീസൺ 7നിൽ നിലവിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മത്സരാർത്ഥികളിലൊരാളാണ് അനുമോൾ. അപ്പാനി ശരത്തും അക്ബറും അടക്കമുളളവർ ടാർജറ്റ് ചെയ്ത് ആക്രമിക്കുന്നത് അനുമോൾക്ക് ഗുണകരമായിട്ടാണ് വരുന്നത്. ഇത്തരത്തിലാണ് ഷോ പോകുന്നത് എങ്കിൽ അനുമോൾ അവസാന അഞ്ചിൽ എത്താനും കപ്പടിക്കാനും വരെ സാധ്യത ഉണ്ടെന്നാണ് ബിഗ് ബോസ് ആരാധകർക്കിടയിലെ ചർച്ച.
അതേസമയം വലിയ പ്രതീക്ഷകളോട് കൂടി ബിഗ് ബോസിലേക്ക് പോയ രേണു സുധി നിറം മങ്ങിയ പ്രകടനം ആണ് കാഴ്ച വെയ്ക്കുന്നത്. രേണു സുധി ആണോ അനുമോള്‍ ആണോ ബിഗ് ബോസിലെ ഇപ്പോഴത്തെ മികച്ച മത്സരാര്‍ത്ഥി എന്ന ചോദ്യത്തിന് അവതാരകയായ ലക്ഷ്മി നക്ഷത്രയുടെ മറുപടി ഇങ്ങനെ.
''നമ്മള്‍ സത്യം സത്യമായി തന്നെ പറയണ്ടേ. ഇപ്പോള്‍ ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ കണ്ടന്റ് കൊടുക്കുന്നത്, അല്ലെങ്കില്‍ ഒറ്റയ്ക്ക് നിന്ന് പോരാടിക്കൊണ്ടിരിക്കുന്നത് 150 ശതമാനവും അനു തന്നെയാണ്. ശരിക്കും പറഞ്ഞാല്‍ ഗെയിമില്‍ അനു നമ്മളെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്.

താന്‍ എപ്പോഴും ഒരു കുഞ്ഞുകുട്ടിയെ പോലെ കൊഞ്ചിക്കുന്ന ഒരാളാണ് അനു. ആ അനു ഇത്രയും ആള്‍ക്കാരുടെ ഇടയില്‍ നിന്ന് ഇത്രയും ഫൈറ്റ് ചെയ്ത് നില്‍ക്കുന്നുണ്ടെങ്കില്‍, ഇത്രയും കണ്ടന്റ് കൊടുക്കുന്നുണ്ടെങ്കില്‍, നാളെ എങ്ങനെ ആകുമെന്ന് അറിയില്ല, പക്ഷേ ഇപ്പോഴത്തെ ഗെയിം നോക്കുമ്പോള്‍ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാള്‍ തന്നെയാണ്.
അനുമോള്‍ വലിയ നടിയൊന്നും അല്ലെന്നും ഏത് സിനിമയില്‍ ആണ് അഭിനയിച്ചത് എന്നും ബിഗ് ബോസില്‍ വെച്ച് ശരത് അപ്പാനി അടക്കമുളളവര്‍ പരിഹസിച്ചിരുന്നു. ഇതേക്കുറിച്ച് ലക്ഷ്മി നക്ഷത്രയുടെ പ്രതികരണം ഇങ്ങനെ:
''സിനിമയില്‍ ആണെങ്കിലും കോമഡി ഷോ ആണെങ്കിലും ഡാന്‍സറോ സിംഗറോ ആകട്ടെ, ഏതൊരു മേഖലയ്ക്കും അതിന്റേതായ ഒരു വില ഉണ്ട്. ശരത് പറഞ്ഞ എപിസോഡ് താന്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹം പറഞ്ഞ പ്രസ്താവന കേട്ടിട്ടില്ല. എന്താണെങ്കിലും എല്ലാ കലയ്ക്കും ഏതൊരു ജോലിക്കും അതിന്റേതായ മൂല്യം ഉണ്ട്'', ലക്ഷ്മി നക്ഷത്ര പറഞ്ഞു.
നേരത്തെയും ബിഗ് ബോസിലെ അനുമോളുടേയും രേണു സുധിയുടേയും പ്രകടനം സംബന്ധിച്ച് ലക്ഷ്മി നക്ഷത്ര അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. ലക്ഷ്മി നക്ഷത്ര അവതാരകയായ സ്റ്റാര്‍ മാജിക് പരിപാടിയില്‍ അനുമോള്‍ പങ്കെടുത്തിരുന്നു. അതുപോലെ തന്നെ രേണു സുധിയുടെ ഭര്‍ത്താവും മിമിക്രി താരവുമായ കൊല്ലം സുധിയും ഈ പരിപാടിയുടെ ഭാഗമായിരുന്നു.
കൊല്ലം സുധിയുടെ മരണശേഷം ലക്ഷ്മി നക്ഷത്ര രേണുവിനും കുടുംബത്തിനുമൊപ്പം സഹായങ്ങളുമായി ഉണ്ടായിരുന്നു. സഹായങ്ങള്‍ നല്‍കുന്ന വീഡിയോകള്‍ സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ചത് ലക്ഷ്മി നക്ഷത്രയ്ക്ക് ഏറെ വിമര്‍ശനങ്ങളും നേടിക്കൊടുത്തു. അതിന് ശേഷം രേണു സുധിയുമായുളള ബന്ധം ലക്ഷ്മി നക്ഷത്ര പരസ്യമാക്കാറില്ല.
ബിഗ് ബോസിലെത്തിയ രേണു സുധിക്ക് കാര്യമായ പിന്തുണയും ലക്ഷ്മി നക്ഷത്ര നല്‍കിയിട്ടില്ല. തന്റെ പിന്തുണ അനുമോള്‍ക്ക് ആണെന്ന് ലക്ഷ്മി നക്ഷത്ര പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. രേണു സുധിയുമായി അടുപ്പം ഉണ്ടായിട്ടും, ഒരു മാസം മുന്‍പ് വരെ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടും ബിഗ് ബോസിലേക്ക് പോകുന്ന കാര്യം പറഞ്ഞിട്ടില്ലെന്ന് ലക്ഷ്മി നക്ഷത്ര പറഞ്ഞിരുന്നു. അനു മോള്‍ പോകുന്നതിന് മുന്‍പ് പറഞ്ഞിരുന്നു. അനുഗ്രഹം വേണമെന്ന് പറഞ്ഞിരുന്നു. എങ്ങനെ ഗെയിം കളിക്കണം എന്നൊക്കെ ചോദിച്ചിരുന്നുവെന്നും ലക്ഷ്മി പറഞ്ഞിരുന്നു.












Click it and Unblock the Notifications