ലാല്‍ സലാമിന് ആകെ ബജറ്റ് 50 കോടി: രജനികാന്തിന്റെ പ്രതിഫലം അറിയുമോ? ഇത്രയും കുറവോ, എന്തു പറ്റി?
കളക്ഷനില്‍ പുതിയ റെക്കോർഡുകള്‍ ഭേദിച്ച ജയിലറിന് ശേഷം സൂപ്പർ സ്റ്റാർ രജനീകാന്ത് അഭിനയിക്കുന്ന ചിത്രമാണ് "ലാൽ സലാം". മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ "മൊയ്തീൻ ഭായി" എന്ന കഥാപാത്രമായിട്ടാണ് രജനീകാന്ത് എത്തുന്നത്. സ്പോർട്സ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് "ലാൽ സലാം" എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലാല്‍ സലാം 2024 പൊങ്കലിന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിക്കുന്ന സിനിമയില്‍ വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രജനീകാന്തിന്റേത് അഥിതി വേഷമായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

ഏറ്റവും പ്രധാനം ജയിലറിനേക്കാളെല്ലാം വളരെ കുറഞ്ഞ ശമ്പളമാണ് ലാല്‍ സലാമില്‍ അഭിനയിക്കാന്‍ രജനീകാന്ത് വാങ്ങിക്കുന്നത്. മൊയ്തീൻ ഭായ് എന്ന കഥാപാത്രത്തിന് തെന്നിന്ത്യൻ മെഗാസ്റ്റാർ രജനീകാന്ത് 40 കോടി ഈടാക്കിയെന്നാണ് റിപ്പോർട്ട്. ഏകദേശം 50 ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ജയിലറിനുള്ള പ്രതിഫലമായി രജനികാന്തിന് 110 കോടിയാണ് ലഭിച്ചത്. കൂടാതെ, ചിത്രം ഒരു വലിയ ബോക്സ് ഓഫീസ് വിജയമായതിന് ശേഷം നടന് നിർമ്മാതാവിൽ നിന്ന് 100 കോടി കൂടി ലഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, 7 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം രജിൻകാന്തിൻ്റെ മകൾ ഐശ്വര്യയുടെ സിനിമാ നിർമ്മാണത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ലാല്‍ സലാമിലൂടെ സംഭവിക്കുന്നത്. വൈ രാജ വൈ എന്ന ചിത്രമായിരുന്നു ഇതിന് മുമ്പ് ഐശ്വര്യ സംവിധാനം ചെയ്തത്.
ഇതിഹാസ ക്രിക്കറ്റ് താരം കപിൽ ദേവും ചിത്രത്തിൽ ഒരു പ്രത്യേക വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. എആർ റഹ്മാനാണ് സംഗീതം. ഛായാഗ്രഹണം - വിഷ്ണു രംഗസാമി, എഡിറ്റർ - പ്രവീണ് ഭാസ്‌കർ, പി ആർ ഒ - ശബരി. സിനിമയുടെ ചിത്രീകരണത്തിനായി തലൈവര്‍ പത്ത് ദിവസത്തോളം കേരളത്തിലുമെത്തിയിരുന്നു. തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം.
അതേസമയം, തന്റെ പിതാവ് സംഘിയല്ലെന്ന് അവകാശപ്പെട്ടുകൊണ്ട് ഐശ്വര്യ രജനികാന്ത് നേരത്തെ രംഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയകളിൽ രജനികാന്തിനെ 'സംഘി' എന്ന മുദ്രകുത്തുന്നത് തനിക്ക് വിഷമമുണ്ടാക്കുന്നുവെന്നും അദ്ദേഹത്തിനെതിരെ നടക്കുന്ന അധിക്ഷേപം അതിര് കടക്കുന്നുവെന്നുമായിരുന്നു മകളുടെ പ്രതികരണം.
'സോഷ്യൽ മീഡിയകളിൽ നിന്ന് മാറിനിൽക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. എന്നാൽ ചുറ്റും എന്താണ് നടക്കുന്നതെന്ന് എൻ്റെ ടീം അറിയിക്കാറുണ്ട്. ചില പോസ്റ്റുകളും അവർ കാണിച്ചുതരും. അതെല്ലാം കാണുമ്പോൾ എനിക്ക് ദേഷ്യമാണ് വരുന്നത്. ഞങ്ങളും മനുഷ്യരാണ്. ഈയടുത്തായി ഒരുപാട് ആളുകൾ എന്റെ അച്ഛനെ സംഘിയെന്ന് വിളിക്കുന്നുണ്ട്, അത് എന്നെ വേദനിപ്പിക്കുന്നു. അതിന്റെ അർഥം എന്താണെന്ന് എനിക്കറിയില്ല.' ഐശ്വര്യ പറഞ്ഞു.
സംഘിയുടെ അർഥം എന്താണെന്ന് ചിലരോട് ചോദിച്ചു. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് സംഘിയെന്ന് വിളിക്കുകയെന്ന് അവർ പറഞ്ഞു. ഞാൻ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു, രജനികാന്ത് ഒരു സംഘിയല്ല. സംഘിയായിരുന്നെങ്കിൽ അദ്ദേഹം "ലാൽസലാം" പോലൊരു ചിത്രം ചെയ്യില്ലായിരുന്നുവെന്നു. ഒരുപാട് മനുഷ്യത്വമുള്ളയാൾക്കേ ഈ ചിത്രം ചെയ്യാനാകൂ. അതുകൊണ്ട് തന്നെ അദ്ദേഹത്തെ സംഘി എന്ന് വിളിക്കരുത്' ഐശ്വര്യ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications