'പ്രധാനപ്പെട്ട കാര്യം പറഞ്ഞപ്പോൾ കളിയാക്കി ചിരിച്ചു, എംഎ നിഷാദ് മാപ്പ് പറയണം'; നടൻ ബാല
ചാനൽ ചർച്ചയ്ക്കിടെ തന്നെ സംവിധായകൻ എംഎ നിഷാദ് പരിഹസിച്ചുവെന്നും അദ്ദേഹം തന്നോട് മാപ്പ് പറയണമെന്നും നടനും നിർമ്മാതാവുമായ ബാല. സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള ചാനൽ ചർച്ചയിൽ സംസാരിക്കവെയായിരുന്നു സംഭവം. വളരെ പ്രധാനപ്പെട്ട പ്രശ്നം താൻ ചർച്ച ചെയ്യുമ്പോഴാണ് എംഎ നിഷാദും റിവ്യൂവർ അശ്വന്ത് കോക്കും തന്നെ പരിഹസിച്ചതെന്നും സാങ്കേതിക തടസങ്ങൾ നേരിട്ടതിനാൽ അവരുടെ പ്രതികരണത്തിന്റെ ദൃശ്യങ്ങൾ തനിക്ക് അപ്പോൾ കാണാൻ സാധിച്ചിരുന്നില്ലെന്നും ബാല പറഞ്ഞു. ദൃശ്യങ്ങൾ പിന്നീട് കണ്ടപ്പോഴാണ് അവരുടെ പ്രതികരണം മനസിലായത്. തന്നെ പരിഹസിച്ച അവരോട് പുച്ഛം മാത്രമാണെന്നും ബാല പറഞ്ഞു. ബാലയുടെ വാക്കുകളിലേക്ക്
'ചർച്ചയുടെ ദൃശ്യം കാണാൻ സാധിച്ചിരുന്നില്ല. ഞാൻ സംസാരിക്കുമ്പോൾ മറ്റ് പാനലിസ്റ്റുകൾ ചിരിക്കുകയായിരുന്നു. പ്രധാനപ്പെട്ട കാര്യം പറയുമ്പോൾ ചിരിക്കുന്നത് ശരിയാണോ? അശ്വന്ത് കോക്ക് എന്നയാളുടെ പേര് ഞാൻ പറഞ്ഞിട്ടേയില്ല. അശ്വന്ത് കോക്ക് പറയുന്നത് ഞാൻ പാരലൽ ലോകത്താണെന്നാണ്. അല്ല ഞാൻ ഇവിടെ തന്നെയാണ് കഴിയുന്നത്.

റിവ്യൂ ചെയ്യുന്നവർ പറയേണ്ടത് ഇത് ഞങ്ങളുടെ അഭിപ്രായമാണിതെന്നാണ്. പലർക്കും പല അഭിപ്രായമായിരിക്കും.എല്ലാവരും ഇഷ്ടപ്പെടുന്ന പടത്തെ ഒരാൾ കുറ്റം പറഞ്ഞാൽ അവർ വ്യത്യസ്തരാണെന്ന് ചിന്തിക്കും. ചാനൽ ചർച്ചയിൽ എംഎ നിഷാദ് എന്നെ ചിരിച്ച് കളിയാക്കി. എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത്. അവർ ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടില്ല. എനിക്ക് അവരെ കുറിച്ച് ഓർത്ത് ലജ്ജ തോന്നുന്നു.
കളിയാക്കി ചിരിച്ചതിൽ അദ്ദേഹം എന്നോട് മാപ്പു പറയണം. എന്നെ ഫോൺ വിളിച്ചു പറഞ്ഞാൽ മതി. ചാനലിൽ ഒന്നും പറയണ്ട. അദ്ദേഹം എന്റെ വളരെ അടുത്ത സുഹൃത്താണ്. എംഎ നിഷാദ് അങ്ങനെ ചിരിച്ച കാര്യം അപ്പോൾ ഞാൻ അറിഞ്ഞില്ല. അശ്വന്ത് കോക്കും ചിരിച്ചു. ഞാൻ അവർ ചിരിക്കുന്നതൊന്നും കണ്ടില്ല. കണ്ടിരുന്നുവെങ്കിൽ ഞാൻ പറഞ്ഞേനെ. അപ്പോൾ ഞാൻ ഇതൊന്നും കണ്ടില്ല, കണ്ടിരുന്നെങ്കിൽ ഞാൻ അപ്പോൾ ചോദിച്ചേനെ..
എംഎ നിഷാദ് എന്നെ സെറ്റിൽ പൊന്നുപോലെ നോക്കിയിട്ടുണ്ട്. ഇല്ലെന്നു പറയില്ല. അതുകഴിഞ്ഞിട്ടും എന്റെ ഫ്ളാറ്റിൽ വന്നിട്ട് 'ബർത് ഡേ' എന്ന ഒരു സിനിമയുടെ സ്ക്രിപ്റ്റ് പറഞ്ഞു. അത് ഞാൻ നിർമിക്കാൻ വേണ്ടി ആലോചിച്ചതാണ്. പക്ഷേ നടന്നില്ല. നമ്മൾ എല്ലാം സിനിമയുടെ ഭക്ഷണം കഴിച്ചു വളരുന്നവരാണ്. കളിയാക്കിയതു ശരിയല്ലെന്ന് എനിക്കു തോന്നുന്നുണ്ട്', ബാല പറഞ്ഞു.












Click it and Unblock the Notifications