'ലെനയോട് ഇഷ്ടം തോന്നിയതിന് കാരണം ഇതാണ്, യുട്യൂബിലൂടെ പെണ്ണ് കണ്ടു'; പ്രശാന്തിന്റേയും ലെനയുടേയും പ്രണയകഥ
കഴിഞ്ഞ ദിവസമായിരുന്നു തന്റെ വിവാഹം കഴിഞ്ഞ കാര്യം നടി ലെന തുറന്നുപറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗഗൻയാൻ ദൗത്യ സംഘത്തിലെ നാല് യാത്രികരുടെ പേര് വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സംഘത്തിലെ പ്രശാന്ത് ബാലകൃഷ്ണൻ നായർ തന്റെ ഭർത്താവാണെന്ന് ലെന പറഞ്ഞത്. ഇപ്പോഴിതാ തങ്ങളുടെ 'പ്രണയകഥ'യും പറയുകയാണ് ഇരുവരും.
തങ്ങളുടേത് അറേഞ്ച്ഡ് മാരേജ് ആണെന്ന് ലെന പറഞ്ഞിരുന്നു. ലെനയോട് ഇഷ്ടം തോന്നാൻ കാരണം താരത്തിന്റെ വൈറൽ ഇന്റർവ്യൂ ആയിരുന്നുവെന്നാണ് പ്രശാന്ത് നായർ പറയുന്നത്. 'മതം, ആത്മീയത, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയാണ് ആ വൈറൽ അഭിമുഖത്തിൽ ലെന പറയുന്നത്. ഇതുകണ്ടാണ് എനിക്ക് ഇഷ്ടം തോന്നിയത്. തുടർന്ന് ലെനയെ വിളിക്കുകയായിരുന്നു.സംസാരിച്ചപ്പോൾ ഒരേ വൈബാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് വീട്ടുകാരുമായി വിവാഹം ആലോചിക്കുന്നത്', പ്രശാന്ത് വ്യക്തമാക്കി.

അഭിമുഖത്തിൽ ലെന പറഞ്ഞ പല കാര്യങ്ങളോടും തനിക്ക് യോജിപ്പ് തോന്നിയിരുന്നുവെന്നും യൂട്യൂബിൽ നിന്ന് പെണ്ണ് കണ്ട അനുഭവം രസകരമായിരുന്നെന്നും പ്രശാന്ത് പറഞ്ഞു. രണ്ട് കുടുംബങ്ങളും ഞങ്ങളുടെ ജാതകമൊക്കെ നോക്കി, അത് ശരിക്കും പൊരുത്തുമായിരുന്നു, ഇരുവരും പറഞ്ഞു.
ജനുവരി 17 ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വച്ചായിരുന്നു ലെനയുടെയും പ്രശാന്തിന്റെയും വിവാഹം. വിവാഹത്തിൽ ഇരുവരുടെയും വീട്ടുകാർ മാത്രമാണ് പങ്കെടുത്തത്. പ്രോട്ടോകോൾ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാലാണ് കൂടുതൽ പേരെ പങ്കെടുപ്പിക്കാതിരുന്നത്, വിവാഹക്കാര്യം വെളിപ്പെടുത്താതിരുന്നതും അതുകൊണ്ടായിരുന്നുവെന്നും നടി പറഞ്ഞു. അതിനിടെ ബെംഗളൂരുവിൽ വെച്ചുള്ള ഇരുവരുടേയും വിവാഹ റിസ്പഷനിൽ നിന്നുള്ള വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പ്രശസ്ത ഷെഫ് സുരേഷ് പിള്ളയായിരുന്നു വീഡിയോ പങ്കിട്ടത്. ഇതിൽ തങ്ങളുടെ രണ്ട് പേരുടേയും രണ്ടാം ഇന്നിങ്സ് ആണെന്ന് പ്രശാന്ത് പറയുന്നുണ്ട്.
'നിങ്ങളുടെ വിലയേറിയ സമയം മാറ്റിവച്ച് ഈ മനോഹരനിമിഷത്തിൽ ഞങ്ങൾക്കൊപ്പം ചേർന്നതിൽ നന്ദിയുണ്ട്. ഇതു ഞങ്ങളുടെ രണ്ടുപേരുടെയും രണ്ടാം ഇന്നിങ്സ് ആണ്. പക്ഷേ ഇന്നിവിടെ നിങ്ങളെയെല്ലാവരെയും ഒരുമിച്ചു കാണുമ്പോൾ ഇത് ജീവിതകാലം മുഴുവനുമുള്ള ഇന്നിങ്സ് ആണെന്നു തന്നെ പറയുന്നു. സ്നേഹം മാത്രം', എന്നാണ് പ്രശാന്ത് പറയുന്നത്.
2004 ൽ അഭിലാഷ് കുമാർ എന്ന തന്റെ ബാല്യകാല സുഹൃത്തിനെയായിരുന്നു ലെന വിവിാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. എന്നാൽ പരസ്പര സമ്മതത്തോടെ ഇരുവരും വേർപിരിയുകയായിരുന്നു.












Click it and Unblock the Notifications