മൻസൂർ അലി ഖാനെതിരെ പൊട്ടിത്തെറിച്ച് നടി തൃഷ; 'വെറുപ്പുളവാക്കുന്നത്'..തുറന്നടിച്ച് ലോകേഷും
ചെന്നൈ: നടൻ മൻസൂർ അലിഖാന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ രൂക്ഷപ്രതികരണവുമായി നടി തൃഷ. മൻസൂർ അലിയെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും ഒരിക്കലും താൻ നടന്റെ കൂടെ അഭിനയിക്കില്ലെന്നും നടി തുറന്നടിച്ചു.
'മിസ്റ്റർ മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ എന്റെ ശ്രദ്ധയിൽ പെട്ടു. സെക്സിസ്റ്റായ , അനാദരവുള്ള, സ്ത്രീ വിരുദ്ധമായ ,വെറുപ്പുളവാക്കുന്ന അങ്ങേയറ്റം മോശം പരാമർശമാണത്. അയാൾക്ക് ഇനിയും ആഗ്രഹിക്കാം, പക്ഷേ അയാളെപോലെ ഒരാളുമായി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷിക്കുന്നു. ഇനിയുള്ള എന്റെ സിനിമ ജീവിതത്തിലും അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പാക്കും. അദ്ദേഹത്തെപ്പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്', തൃഷ ട്വീറ്റ് ചെയ്തു.

സംവിധായകൻ ലോകേഷ് കനകരാജും നടനെതിരെ രംഗത്തെത്തി. 'മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് നിരാശയും രോഷവും തോന്നുന്നു. എല്ലാ വ്യവസായത്തിലും സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രൊഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം എപ്പോഴും കാത്തുസൂക്ഷിക്കണം. ഈ പെരുമാറ്റത്തെ ഞാൻ തികച്ചും അപലപിക്കുന്നു', തൃഷയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് ലോകേഷും കുറിച്ചു.
വിജയ് ചിത്രമായ ലിയോയുടെ വിജയത്തിന് പിന്നാലെ നടന്ന ഒരു വാർത്താസമ്മേളനത്തിലായിരുന്നു മൻസൂർ അലിഖാന്റെ സ്ത്രീ വിരുദ്ധ പരാമർശം. മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ ലിയോ സിനിമയിൽ തൃഷയെ ഇടാൻ പറ്റിയില്ലെന്നും ലിയോയിൽ തനിക്ക് റേപ് സീനുകൾ ഒന്നും ഇല്ലായിരുന്നുവെന്നുമായിരുന്നു മൻസൂർ അലി ഖാൻ പറഞ്ഞത്.
'തൃഷക്കൊപ്പം അഭിനയിക്കുന്നുവെന്ന് കേട്ടപ്പോൾ ഞാൻ കരുതി എനിക്ക് ഈ ചിത്രത്തിലും ഒരു ബെഡ് റൂം സീൻ ഉണ്ടായിരിക്കുമെന്ന്. എന്റെ മുൻ ചിത്രങ്ങളിൽ നടിമാരായ റോജയേയും ഖുശ്ബുവിനെയുമെല്ലാം എടുത്ത് കട്ടിലേലേക്ക് ഇടുന്നത് പോലെ തൃഷയേയും എടുക്കാൻ പറ്റുമെന്ന് കരുതി. ഞാൻ എന്റെ പല സിനിമകളിലും റേപ്പ് സീൻ അഭിനയിച്ചിട്ടുണ്ട്. അതൊരിക്കലും എനിക്ക് പുതിയ അനുഭവം അല്ല. എന്നാൽ കാശ്മീർ ഷെഡ്യൂളിന്റെ സമയത്ത് തൃഷയെ ഇവർ എന്നെ കാണിച്ചത് പോലുമില്ല', എന്നായിരുന്നു മൻസൂർ അലി ഖാന്റെ പരമാർശം.












Click it and Unblock the Notifications