ലോക സിനിമാ കളക്ഷനിൽ ലിയോയുടെ കയ്യൊപ്പ് ; തമിഴകത്ത് നിന്ന് തെരഞ്ഞെടുക്കുന്ന ആദ്യ ചിത്രം
കളക്ഷനിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ലോക ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ച ആദ്യ തമിഴ് ചിത്രമായി ലിയോ. ഗ്ലോബൽ കോംസ്കോർ പട്ടികയിലാണ് വിജയ്- ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ പിറന്ന ലിയോ എന്ന ചിത്രം ഇടം നേടിയിരിക്കുന്നത്. നാല് ദിവസം കൊണ്ടുള്ള കളക്ഷന്റെ അടിസ്ഥാനത്തിൽ കോംസ്കോർ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ലിയോ.
വിജയുടെ അഭിനയ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമയായി 4-ാം ദിവസം തന്നെ ലിയോ മാറിക്കഴിഞ്ഞു. ബോക്‌സ് ഓഫീസിൽ ആകെ ആദ്യ നാല് ദിവസം കൊണ്ട് ലിയോ 400 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ. ഓസ്ട്രേലിയയിൽ 1 മില്യൺ ഡോളറിനപ്പുറം കളക്ഷൻ നേടി ലിയോ മുന്നേറുകയാണ്.

അതേ സമയം ഇന്ത്യയിലെ മറ്റു ചില ചിത്രങ്ങളെ അപേക്ഷിച്ച് 4 ദിവസത്തെ കളക്ഷനിൽ ഒരുപാട് പിറകിലാണ് ലിയോ. രജനികാന്തിന്റെ ജയിലർ (302.89 കോടി രൂപ), പ്രഭാസിന്റെ ആദിപുരുഷ് (327.46 കോടി രൂപ), ഷാരൂഖ് ഖാന്റെ പത്താൻ (429.10 കോടി രൂപ) ,ജവാൻ (531.26 കോടി രൂപ) എന്നിങ്ങനെയാണ് 4 ദിവസം കൊണ്ട് നേടിയത്.
നാലാം ദിവസം തമിഴ്‌നാട്ടിലെയും യുഎസിലെയും ബോക്‌സ് ഓഫീസ് കളക്ഷനിൽ ഇടിവ് രേഖപ്പെടുത്തി. തമിഴ് നാട്ടിൽ ആദ്യദിനം 27.63 കോടി കളക്ഷൻ നേടിയ ചിത്രം പിന്നീടുള്ള ദിവസങ്ങളിൽ 15.95 കോടി, 13.32 കോടി, 12.79 കോടി എന്നിങ്ങനെ ഇടിഞ്ഞു. ഇതോടെ തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ 69.47 കോടി രൂപയായി.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ (എൽസിയു) ഭാഗമായി വന്ന മൂന്നാം ചിത്രമാണിത്. ലോകേഷ് കനകരാജിന്റെ അഞ്ചാം സിനിമയാണിത്.ദളപതി വിജയ്, തൃഷ കൃഷ്ണൻ, സഞ്ജയ് ദത്ത്, അർജുൻ സർജ, അനുരാഗ് കശ്യപ്, പ്രിയ ആനന്ദ്, മിഷ്‌കിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഒക്ടോബർ 19 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ലിയോ റിലീസ് ചെയ്തു.












Click it and Unblock the Notifications