'തൃഷയാണ് കേസ് കൊടുക്കേണ്ടത്, എന്നിട്ട് നിരപരാധിയെന്നോ'; മൻസൂർ അലി ഖാനെ കുടഞ്ഞ് കോടതി
ചെന്നൈ; ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടി തൃഷയ്ക്കെതിരെ നടൻ മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വലിയ വിവാദത്തിന് കാരണമായിരുന്നു. തുടർന്ന് നടനെതിരെ തൃഷ രംഗത്തെത്തുകയും പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിമർശനം കടുത്തതോടെ മൻസൂർ മാപ്പും പറഞ്ഞു. എന്നാൽ തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് ആരോപിച്ച് നടൻ തൃഷ അടക്കമുള്ളവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തു. എന്നാൽ ഇപ്പോഴിതാ ഹർജി പരിഗണിക്കവെ നടനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാദ്രാസ് ഹൈക്കോടതി.
തൃഷ, ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയായിരുന്നു മൻസൂർ അലി ഖാൻ ഹർജി ഫയൽ ചെയ്തത്.
തന്നെ സോഷ്യൽ മീഡിയ പ്ലാഫ്ഫ്ഫോമായ എക്സിലൂടെ അപമാനിച്ചെന്നും നഷ്ടപരിഹാരമായി 1 കോടി വീതം നൽകണമെന്നുമായിരുന്നു നടൻ ആവശ്യം. തൃഷയും മറ്റുള്ളവരും തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നും താൻ തമാശയായി പറഞ്ഞ കാര്യത്തിന്റെ സത്യാവസ്ഥ മനസിലാക്കാതെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഹർജിയൽ പറഞ്ഞിരുന്നു.

എന്നാൽ ഇന്ന് ഹർജി പരിഗണിച്ച കോടതി മൻസൂർ അലി ഖാൻറെ നടപടിയെ വിമർശിച്ചു. കേസ് കൊടുക്കേണ്ടത് തൃഷയാണെന്ന് പറഞ്ഞ കോടതി പൊതുവിടത്തിൽ എങ്ങനെ പെരുമാറണമെന്ന് മൻസൂർ പഠിക്കണമെന്നും വിമർശിച്ചു. തെറ്റ് ചെയ്തിട്ട് നിരപരാധിയെന്ന് അവകാശപ്പെടുകയാണ് നടനെന്നും കോടതി കുറ്റപ്പെടുത്തി.
അതേസമയം മൻസൂർ പറഞ്ഞ കാര്യങ്ങൾ എന്തെന്ന് കോടതി പരിശോധിക്കണമെന്നും നടന്റെ അഭിമുഖത്തിന്റെ വീഡിയോ സമർപ്പിക്കാമെന്നും മൻസൂർ അലി ഖാന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് തൃഷ, ഖുശ്ബു, ചിരഞ്ജീവി എന്നിവരോട് അവരുടെ വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു. കേസ് ഈ മാസം 22ലേക്ക് മാറ്റിവെച്ചതായും കോടതി അറിയിച്ചു.
'ലിയോ' സിനിമയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിനിടെയായിരുന്നു മൻസൂർ അലി ഖാന്റെ വിവാദ പരാമർശം. താൻ മുൻപ് ചെയ്തത് പോലുള്ള റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലെന്നും തൃഷയെ കട്ടിലിലേക്ക് എടുത്ത് ഇടുന്ന സീനുകളൊന്നും തനിക്ക് കിട്ടിയിലെന്നുമായിരുന്നു മൻസൂർ പറഞ്ഞത്. സ്ത്രീവിരുദ്ധൻ എന്നും മനുഷ്യരാശിക്ക് തന്നെ ഇയാൾ അപമാനമാണെന്നുമായിരുന്നു നടന്റെ വാക്കുകളോട് തൃഷ പ്രതികരിച്ചത്. സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജ്, ഖുശ്ബു , ചിരഞ്ജീവി,ചിൻമയി, മാളവിക തുടങ്ങിയവരും നടനെ രൂക്ഷമായി വിമർശിച്ചിരുന്നു.












Click it and Unblock the Notifications