ആദ്യ മണിക്കൂറുകളിൽ വിറ്റത് 1 ലക്ഷം ടിക്കറ്റുകൾ, ലിയോ സിനിമ കാണാൻ ഇപ്പോൾ ബുക്ക് ചെയ്യാം
വിജയ് - ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഇറങ്ങാനിരിക്കുന്ന ചിത്രം ലിയോ കേരളത്തിൽ ബുക്കിങ് ആരംഭിച്ചു. ഈ മാസം 19 ന് ആണ് ലിയോ റിലീസ് ചെയ്യുന്നത്. ബുക്കിങ് തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ കേരളത്തിലെ പ്രധാന തീയേറ്ററകളിൽ 19, 20, 21 തീയതികളിലേക്കുള്ള പല ഷോകളുടെയും സീറ്റ് കാലിയായ അവസ്ഥയാണ്. ബുക്ക് മൈഷോ, പേടിഎം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്.കോം എന്നീ ആപ്ലിക്കേഷനുകളിലൂടെയാണ് ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ഓഫ്ലൈനായി ഷോ ദിവസം തീയേറ്ററുകളിൽച്ചെന്നും ടിക്കറ്റ് എടുക്കാം. കേരള ബോക്‌സോഫീസിൽ ലിയോ പ്രീ-സെയിലിലൂടെ ഇപ്പോൾ തന്നെ 1 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. കേരളത്തിലെ ലിയോയുടെ ഡിസ്ട്രിബൂഷൻ പാർട്ട്ണർ ഡ്രീം ബിഗ് ഫിലിംസാണ്.

വിജയ് , തൃഷ,സഞ്ജയ് ദത്ത്,ഗൗതം മേനോൻ,അർജുൻ സർജ, മലയാളി യുവ താരം മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, മലയാളി താരം ബാബു ആന്റണി എന്നിവരുൾപ്പെടെ വൻ താരനിരയാണ് ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. U/A സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
വിജയ് ആരാധകരും ലോകേഷ് കനകരാജ് ആരാധകരും ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ഹോളിവുഡ് ക്ലാസിക് ആയ എ ഹിസ്റ്ററി ഓഫ് വയലൻസ് എന്ന സിനിമ ലിയോ എടുക്കാൻ പ്രചോദനമായോ എന്ന ആരാധകരുടെ ചോദ്യത്തിന് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഒക്ടോബർ 19 ന് തീയേറ്ററിൽ നിന്ന് ലഭിക്കും എന്നാണ് ലോകേഷ് കനകരാജ് മറുപടി പറഞ്ഞിരിക്കുന്നത്. സിനിമയുടെ ആദ്യത്തെ 10 മിനിറ്റ് ഒരു കാരണവശാലും കാണാതിരിക്കരുത് എന്നും അത് തുടർന്നുള്ള സിനിമാ ആസ്വാദനത്തിന് നർണായകമാണെന്നും ലോകേഷ് കനകരാജ് ഒരു ഇന്റർവ്യൂയിലൂടെ പറഞ്ഞിട്ടുണ്ട്.
ലോകേഷ് കനകരാജ് യൂണിവേഴ്സിലെ (LCU) മൂന്നാമത്തെ സിനിമയാണ് റിലീസ് ചെയ്യാനിരിക്കുന്ന ലിയോ. കാർത്തി മുഖ്യകഥാപാത്രമായ കൈതി, കമൽഹാസൻ നായകനായ വിക്രം എന്നിവയായിരുന്നു LCU വിലെ ഇതിനു മുൻപത്തെ ചിത്രങ്ങൾ.












Click it and Unblock the Notifications