വരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത തീപ്പൊരി ഐറ്റം, മഞ്ജുവും ചാക്കോച്ചനും ഒന്നിക്കുന്നു
ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ബോക്‌സോഫീസ് ഹിറ്റുകളേക്കാളുപരി കലാമൂല്യവും പ്രതിഭയും അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടേതായി ഇതുവരെ പുറത്തിറങ്ങിയത്. 2010 ല്‍ നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകനാകുന്നത്.
തുടര്‍ന്ന് സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍, അങ്കമാലി ഡയറീസ്, ഈ.മ.യൗ, ജെല്ലിക്കെട്ട്, ചുരുൡഎന്നീ ചിത്രങ്ങള്‍ ചെയ്തു. ഇതിനോടകം പ്രതിഭാധനനായ സംവിധായകന്‍ എന്ന് പേരെടുത്ത ലിജോ മമ്മൂട്ടിക്കൊപ്പം ആദ്യമായി സഹകരിച്ച സിനിമയായിരുന്നു നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി എന്ന നടന്റെ അനന്തമായ സാധ്യതകള്‍ ചൂഷണം ചെയ്ത സിനിമ നിരൂപകശ്രദ്ധ നേടി.

വൈകാതെ മോഹന്‍ലാലിനെ നായകനാക്കി മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രവും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്തു. ഈ ചിത്രം റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാലിന് ഇടവേളയ്ക്ക് ശേഷം ബ്രേക്ക് നല്‍കുന്ന ചിത്രമായിരിക്കും ഇത് എന്നാണ് എല്ലാവരുടേയും പ്രതീക്ഷ. ജനുവരി 25 നാണ് മലൈക്കോട്ടെ വാലിബന്‍ എത്തുന്നത്. ഇപ്പോഴിതാ ലിജോയുടെ അടുത്ത ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത സിനിമ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യര്‍ക്കുമൊപ്പമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതാദ്യമായാണ് ഇരുവരും ലിജോ ജോസ് ചിത്രത്തിന്റെ ഭാഗമാകുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സമീപ വര്‍ഷങ്ങളില്‍ സിനിമാ സെലക്ഷനില്‍ ഏറ്റവും അമ്പരപ്പിക്കുന്ന നടനാണ് കുഞ്ചാക്കോ ബോബന്‍.
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് കഴിഞ്ഞ വര്‍ഷം കുഞ്ചാക്കോ ബോബന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയിരുന്നു. കുഞ്ചാക്കോയ്ക്കും ലിജോയ്ക്കുമൊപ്പം മലയാളത്തിന്റെ പ്രിയനായിക മഞ്ജു വാര്യരും ചേരുന്നു എന്ന് അറിയുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. മഞ്ജു വാര്യരുടെ രണ്ടാം വരവില്‍ കുഞ്ചാക്കോ ബോബന്‍ ആയിരുന്നു നായകന്‍. പിന്നീട് വേട്ട എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു.
ഈ.മ.യൗ. തിരക്കഥാകൃത്ത് പി എഫ് മാത്യൂസ് ആയിരിക്കും ലിജോയുടെ പുതിയ ചിത്രത്തിന്റെ രചയിതാവ് എന്നാണ് വിവരം. സിനിമയുടെ പ്രമേയമോ മറ്റ് വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ല. രണ്ടാം വരവില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത രണ്ട് താരങ്ങള്‍ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനൊപ്പം ചേരുമ്പോള്‍ വൈവിധ്യത്തില്‍ കുറഞ്ഞതൊന്നും സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം.












Click it and Unblock the Notifications