മമ്മൂക്ക തന്ന കണ്ണടയുണ്ട്, പൊട്ടിക്കല്ലേ.. ഉണ്ണി മുകുന്ദനോട് മേജർ രവി, 'പക്വതയില്ലാത്ത കുട്ടി'
സംവിധായകന്‍ മേജര്‍ രവിയെ നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. ജോഷി ചിത്രമായ സലാം കശ്മീര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. പിന്നീട് ഇരുവരും പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് സൗഹൃദത്തിലുമായി. ഇപ്പോള്‍ വീണ്ടും ഒരു അടിപ്രശ്‌നത്തില്‍ കൂടി കുടുങ്ങിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
മാനേജര്‍ വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ നടനെ പോലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. അതിനിടെ വിവാദത്തില്‍ പ്രതികരിച്ച് മേജര്‍ രവി രംഗത്ത് വന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍ പക്വത ഇല്ലാത്ത കുട്ടിയാണെന്നാണ് മേജര്‍ രവി മാധ്യമങ്ങളോട് പറഞ്ഞത്.

മേജര്‍ രവിയുടെ വാക്കുകള്‍: ''ഞാനറിയുന്ന ഒരു ഉണ്ണിയുണ്ട്. ഇന്ന് മലയാള സിനിമയില്‍ ഉണ്ണി മുകുന്ദന്‍ ഉണ്ടെങ്കില്‍ ഇരുപത്തിയൊന്ന് വര്‍ഷം മുന്‍പ് 21000 രൂപ അഡ്വാന്‍സ് കൊടുത്തിട്ട് സിനിമയ്ക്ക് സൈന്‍ ചെയ്ത വ്യക്തിയാണ് ഈ മേജര്‍ രവി. അന്ന് നിങ്ങള്‍ ഈ ഉണ്ണി മുകുന്ദനെ അറിയുക പോലും ഇല്ല. മാടന്‍കൊല്ലി എന്നൊരു സിനിമയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അത് നടന്നില്ല.
അതിന് ശേഷം ഉണ്ണി മുകുന്ദന്‍ മേജര്‍ രവിയെ ഇടിച്ചു എന്നൊക്കെ പറഞ്ഞ് വാര്‍ത്തകള്‍ വന്നു. എന്തെങ്കിലും കേള്‍ക്കുമ്പോള്‍ പെട്ടെന്ന് എടുത്ത് ചാടരുത്. ഉണ്ണി ചിലപ്പോള്‍ ഇടിച്ച് കാണും. അതിന് കാരണം എന്താണെന്ന് നിങ്ങള്‍ക്ക് ആര്‍ക്കും അറിയുന്നുണ്ടാകില്ല.
ഒരു ഉദാഹരണം പറയാം, എന്റെ വീടിന് അടുത്താണ് ഒരു സ്ത്രീ 4 വയസ്സുളള കുഞ്ഞിനെ നദിയില്‍ എറിഞ്ഞത്. നമ്മളാദ്യം ആദ്യം എന്താണ് പറയുക, ആ തള്ള എന്താണ് ചെയ്തത് എന്നല്ലേ. പിന്നീടല്ലേ കാര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ അറിഞ്ഞത് എന്താണ് എന്ന്. ഒരു അമ്മയാണത്. ആ കുട്ടിയെ ഒരുത്തന്‍ പീഡിപ്പിച്ച് കൊണ്ടിരിക്കുന്നു. അപ്പോള്‍ ആ അമ്മ ആലോചിക്കുകയാണ്, എന്തിനാണ് ഈ കുട്ടി ജീവിച്ചിരിക്കുന്നത് എന്ന്. അപ്പോള്‍, ആദ്യം കേട്ടപ്പോള്‍ ആ അമ്മയെ നമ്മളെല്ലാം കുറ്റം പറഞ്ഞു. കാരണം എന്താണ് എന്നത് പിന്നീടാണ് വരുന്നത്. അതുപോലെ ഉണ്ണി മുകുന്ദന്റെ വിഷയത്തില്‍ കാത്തിരിക്കാം.
കണ്ണാടി മാത്രം പൊട്ടിച്ചു എന്ന് പറയുന്നത് ഒരു സംഭവം ആണ്. ഉണ്ണിയുടെ അടുത്ത് നിന്ന് അത് പഠിക്കണം. രാവിലെ ഉണ്ണിയെ വിളിച്ചിരുന്നു. അവന്‍ ഫോണ്‍ എടുത്തില്ല. അവന് അറിയാം ഞാന്‍ വിളിച്ചാല്‍ എന്താണ് സംസാരിക്കുക എന്ന്. ഉണ്ണി മുകുന്ദന്‍ കണ്ണാടി മാത്രമേ പൊട്ടിച്ചിട്ടുളളൂ എങ്കില്‍ അത് അങ്ങനെ തന്നെ ആയിരിക്കും. ഉണ്ണി കേള്‍ക്കുന്നുണ്ടെങ്കില്‍, മിഷന്‍ 90 ഡേയ്‌സ് കഴിഞ്ഞപ്പോള്‍ മമ്മൂക്ക തന്ന ഒരു കണ്ണാടിയുണ്ട്. ഞാന്‍ അതിട്ട് വരുമ്പോള്‍ പറയാം, നീ അതൊന്നും പൊട്ടിക്കല്ലേ.
ഫേസ്ബുക്കില്‍ എന്നെ കുറേ പേര്‍ ഇരുന്ന് തെറി വിളിക്കുന്നുണ്ട്. ഇവരുടെയൊന്നും മുഖം ഞാന്‍ കാണുന്നില്ല. നേരിട്ട് വന്നിട്ട് തെറി വിളിച്ചാല്‍ ഞാന്‍ ഇടിക്കും. അത് പോലെ ഉണ്ണി മുകുന്ദനെ തെറി വിളിച്ചോ ഇല്ലയോ എന്നത് അറിയില്ല. ഉണ്ണി പറഞ്ഞല്ലോ താന്‍ അടിച്ചിട്ടില്ല എന്ന്. അപ്പോള്‍ അത് വിശ്വസിക്കുന്നു. ഇനി വിപിന്‍ തന്നെ വിളിച്ച് പറയുകയാണ്, ഇല്ല ചേട്ടാ എന്നെ അടിച്ചു, അപ്പോള്‍ അടിച്ചു അത്ര തന്നെ. വിപിനെയും വിളിച്ചിട്ട് കിട്ടിയില്ല.
ഞാനൊരു മനുഷ്യനാണ്. എനിക്ക്‌രാഷ്ട്രീയമില്ല. ഞാന്‍ ബിജെപി വൈസ് പ്രസിഡണ്ടാണ് എന്നത് എന്റെ തലയില്‍ ഉണ്ട്. ഞാനൊരു മോദി ഭക്തനാണ്. ഉണ്ണി മുകുന്ദന്‍ ബിജെപിക്കാരനോ ആര്‍എസ്എസുകാരനോ അല്ല. അദ്ദേഹം മോദിക്കൊപ്പം ഫോട്ടോ എടുത്തു, ഗുജറാത്തി ബന്ധം ഉളളത് കൊണ്ട് കുറച്ച് ഗുജറാത്തി സംസാരിച്ചു, അേ്രത ഉളളൂ. ഉണ്ണി മുകുന്ദന് പാര്‍ട്ടി അംഗത്വവും ഇല്ല. ഉണ്ണി മുകുന്ദനെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കില്ല. അവനെ ഞാന്‍ എപ്പോഴും കാണുന്നത് പക്വത ഇല്ലാത്ത കുട്ടിയായാണ്. 37 വയസ്സിന്റെ പക്വത ഇല്ല. ഉണ്ണിയല്ലേ, വിട്ടേക്ക്''.












Click it and Unblock the Notifications