കേട്ടതെല്ലാം പൊയ്, ഇതാണ് നിജം;ബോക്സ് ഓഫീസിൽ 'വാലിബന്' സംഭവിക്കുന്നത്..കണക്കുകൾ പുറത്ത്
കൊച്ചി: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ മലൈക്കോട്ടെ വാലിബൻ.
ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്തത്. മലയാള സിനിമ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഹൈപ്പിലായിരുന്നു ചിത്രം തീയറ്ററുകളിൽ എത്തിയത്.
എന്നാൽ റിലീസ് ദിവസം സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. മോഹൻലാൽ എന്ന നടന്റെ മാസ് പ്രകടനങ്ങൾ പ്രതീക്ഷിച്ച് പോയവർ കടുത്ത നിരാശ രേഖപ്പെടുത്തി. എന്നാൽ വാലിബൻ ക്ലാസും മാസും ചേർന്നൊരു ദൃശ്യാനുഭവം ആണെന്നായിരുന്നു മറ്റൊരു വിഭാഗം ആരാധകർ വ്യക്തമാക്കിയത്. ഇത് ശരിവെയ്ക്കുന്ന ബോക്സ് ഓഫീസ് കണക്കുകളാണ് ഇപ്പോൾ തീയറ്ററിൽ നിന്നും പുറത്തുവരുന്നത്.

ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ വാലിബൻ ഇതുവരെ നേടിയത് 26.88 കോടിക്ക് മുകളിലാണെന്നാണ് ഐഎംഡിബി റിപ്പോർട്ടുകൾ പറയുന്നത്. ഇത് ആഗോള കളക്ഷനാണ്. കേരളത്തിൽ നിന്നും 12.92കോടിയാണ് ചിത്രം നേടിയത്. ഓവർസീസിൽ 11.70കോടിയും. രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ നി്നനായി 2.25 കോടിയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. 65 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയതെന്നാണ് ഐ എം ഡി ബി റിപ്പോർട്ടിൽ പറയുന്നത്.
വിവിധ ട്രേഡ് അനലിസ്റ്റുകളും ട്രാക്കർമാരും റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ആദ്യദിനം 12 കോടിയ്ക്ക് മുകളിലാണ് ചിത്രം നേടിയത്. ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത് 5.85 കോടി രൂപയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഒരു കോടി രൂപയും വിദേശത്തുനിന്ന് ആകെ 6,53,000 ഡോളറും സിനിമ നേടിയിരുന്നു. ഇതോടെ മോഹൻലാലിൻ്റെ ഏറ്റവും മികച്ച നാലാമത്തെ ഓപ്പണിംഗ് ചിത്രമായി വാലിബൻ മാറി.
പലദേശങ്ങളിൽ പോയി മല്ലൻമാരോട് യുദ്ധം ചെയ്ത് തറപറ്റിക്കുന്ന മലൈക്കോട്ടൈ വാലിബനായിട്ടായിരുന്നു മോഹൻലാൽ സിനിമയിലെത്തിയത്. സിനിമ ഇറങ്ങിയതിന് പിന്നാലെ വലിയ ഹേറ്റ് ക്യാമ്പെയ്നാണ് ചിത്രത്തിനെതിരെ നടന്നതെന്ന് ലിജോ ജോസ് പെല്ലിശേരി ആരോപിച്ചിരുന്നു.
മലൈക്കോട്ടൈ വാലിബന് ഒരു മുത്തശ്ശിക്കഥയുടെ വേഗതമാത്രമാണ് ഉള്ളത് എന്നാണ് ലിജോ പ്രതികരിച്ചത്. നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത്. സിനിമ കണ്ട് അഭിപ്രായം പറയണം. നെഗറ്റീവ് റിവ്യൂനെ പറ്റി ചിന്തിക്കുന്നില്ല അത് തനിക്ക് ഒരു പ്രശ്നമല്ല.സിനിമ ഇറങ്ങിയ ശേഷം ഷോക്കിങ് ആയിട്ടുള്ള കാര്യമാണ് ഉണ്ടായത് എന്നായിരുന്നു ലിജോയുടെ വാക്കുകൾ.












Click it and Unblock the Notifications