വാലിബന്‍ നഷ്ടം വരുത്തിയ സിനിമയല്ല, വലിയൊരു തുക ലഭിച്ചെന്ന് ഷിബു ബേബി ജോണ്‍; രണ്ടാം ഭാഗമുണ്ടാകുമോ?
കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തിയ മലൈക്കോട്ടെ വാലിബന്‍ സാമ്പത്തികമായി നഷ്ടമായിരുന്നില്ലെന്ന് നിര്‍മാതാവും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍. തിയേറ്ററില്‍ നിന്നുള്ളതിന് പുറമെ നല്ല ബിസിനസ് നടന്ന സിനിമയാണ് വാലിബന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ സിനിമാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിയേറ്റര്‍ കളക്ഷന് പുറമെ ഒ ടി ടിയും സാറ്റ്ലൈറ്റും മ്യൂസിക്കും എല്ലാം കൂടെ വലിയൊരു തുക ലഭിച്ച സിനിമയാണ് വാലിബന്‍ എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. മറ്റ് വരുമാനുമുള്ളതുകൊണ്ട് വാലിബന് നഷ്ടം വന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ കാണാന്‍ കൊള്ളാവുന്നതാണെങ്കില്‍ ആളുകേറും, അല്ലെങ്കില്‍ ആരും കേറില്ല എന്നായിരുന്നു ലയിലെ പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യത്തോട് ഷിബു ബേബി ജോണിന്റെ പ്രതികരണം.

അതില്‍ കയറി ചര്‍ച്ച ചെയ്തിട്ട് വല്ല കാര്യവുമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അതേസമയം മലൈക്കോട്ടെ വാലിബന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. വാലിബനില്‍ നിന്ന് താന്‍ പൂര്‍ണമായി മാറി എന്നും ആദ്യം തുടങ്ങിയപ്പോള്‍ അതുമായി കുറച്ച് സമയം ചെലവഴിച്ചു എന്നതല്ലാതെ ഇപ്പോള്‍ പൂര്‍ണമായും യാതൊരു ബന്ധവുമില്ല എന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഏതായാലും വാലിബന് രണ്ടാംഭാഗം എന്നത് ഇപ്പോള്‍ ആലോചനയിലില്ല എന്ന് തറപ്പിച്ച് പറയാം എന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേയും വാലിബന്‍ ഫ്‌ളോപ്പാണെന്ന വാദങ്ങളെ അദ്ദേഹം നിരാകരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ പ്രതീക്ഷിച്ച ലെവലിലേക്ക് പടം പോയിട്ടില്ല എന്ന അദ്ദേഹം സമ്മതിച്ചിരുന്നു. 2024 ല്‍ ആണ് മലൈക്കോട്ടെ വാലിബന്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ കഴിഞ്ഞ വര്‍ഷത്തെ ആദ്യത്തെ റിലീസ് ആയിരുന്നു വാലിബന്‍.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയില്‍ ആദ്യമായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. അതിനാല്‍ തന്നെ ചിത്രത്തിന് വലിയ ഹൈപ്പായിരുന്നു ഉണ്ടായിരുന്നത്. മത്സരങ്ങളില്‍ തോല്‍ക്കാത്ത പോരാളിയായ മലൈക്കോട്ടൈ വാലിബന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തിയത്. ശരീരഭാഷ കൊണ്ടും ലുക്ക് കൊണ്ട് വാലിബനായുള്ള മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം ശ്രദ്ധേയമായിരുന്നു.
എന്നാല്‍ ഒരു വിഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ വാലിബന് സാധിച്ചിരുന്നില്ല. ഇതിനാല്‍ തന്നെ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചിരുന്നത്. മലൈക്കോട്ടൈ വാലിബന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 29.85 കോടി ആയിരുന്നു. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ കേരളത്തില്‍ 5.85 കോടി ആയിരുന്നു. ചിത്രത്തിന്റെ ബജറ്റ് ഏകദേശം 65 കോടി ആയിരുന്നു.












Click it and Unblock the Notifications