ലാലേട്ടൻ, ദിലീപും കാവ്യയും മക്കളും; ജയറാമിന്റെ ചക്കിയുടെ വിവാഹ സൽക്കാരത്തിന് എത്തിയ താരങ്ങളെ കണ്ടോ
നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമിന്റെ വിവാഹം ഇന്ന് ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് നടന്നത്. വിവാഹത്തിന് വളരെ കുറച്ച് പേർ മാത്രമാണ് പങ്കെടുത്തിരുന്നത്. എന്നാൽ വിവാഹത്തിന് ശേഷം ഹയാത്ത് ഹോട്ടലിൽ നടക്കുന്ന വിരുന്നിൽ നിരവധി പ്രമുഖരാണ് എത്തിയത്. മോഹൻലാൽ, ദിലീപ്, കാവ്യാമാധവൻ എന്നിവരൊക്കെ വിവാഹ സൽക്കാരത്തിന് എത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും മാളവികയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തി. വെള്ള കുർത്ത ധരിച്ചാണ് ലാലേട്ടൻ എത്തിയത്. ദിലീപിനും കാവ്യയ്ക്കും ഒപ്പം മക്കളും ഉണ്ടായിരുന്നു. പിങ്ക് നിറത്തിലുള്ള സാരിയിൽ അതിമനോഹരിയായിട്ടാണ് കാവ്യ വന്നത്. ദിലീപിന്റെ കൈപിടിച്ച് മഹാലക്ഷ്മിയും മീനാക്ഷിയും ഉണ്ടായിരുന്നു. സുഷിൻ ശ്യാം വിവാഹ സൽക്കാരത്തിന് എത്തിയിരുന്നു. നിരവധി താരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഗുരുവായൂർ വെച്ച് നടന്ന ചടങ്ങിൽ ജയറാമും പാർവതിയും കാളിദാസും കാളിദാസിന്റെ ഭാവി വധു തരിണിയും സുരേഷ് ഗോപിയും ഭാര്യയും ഉൾപ്പെടെ വളരെ കുറച്ച് പേർ മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛൻ ജയറാമിന്റെ മടിയിലിരുത്തിയാണ് മാളവികയുടെ കഴുത്തിൽ വരൻ നവനീത് ഗിരീഷ് താലികെട്ടിയത്. 2023 ഡിസംബർ മാസത്തിലായിരുന്നു മാളവിക ജയറാമിന്റെ വിവാഹ നിശ്ചയം. ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷമാണെന്നും തന്റെ സന്തോഷം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ലെന്നുമാണ് ജയറാം പറഞ്ഞത്.
യു എന്നിലെ മുൻ ഉദ്യോഗസ്ഥൻ ഗിരീഷ് മേനോന്റെയും വത്സല മേനോന്റെയും മകൻ ആണ് നവനീത്. നവനീത് വിദേശത്താണ് ജോലി ചെയ്യുന്നത്. പാലക്കാട് നെന്മാറയാണ് നവനീതിന്റെ സ്വദേശം. നവനീത് യു കെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്. തമിഴ് സറ്റൈലിൽ പട്ടുസാരി അണിഞ്ഞാണ് മാളവിക എത്തിയത്. കസവ് മുണ്ടും മേൽ മുണ്ടുമായിരുന്നു നവനീത് ധരിച്ചത്.
കാളിദാസിന്റെയും തരിണിയുടെയും വിവാഹ നിശ്ചയത്തിന് പിന്നാലെയായിരുന്നു മാളവികയുടെ വിവാഹ നിശ്ചയം നടന്നത്. കാളിദാസും തരിണിയും പ്രണയത്തിലായിരുന്നു, കാളിദാസ് തന്നെയായിരുന്നു പ്രണയം വെളിപ്പെടുത്തിയത്.
ഓണക്കാലത്ത് കാളിദാസിനും ജയറാമിനും പാർവതിക്കും ചക്കിക്കും ഒപ്പം തരിണിയുമുള്ള ഫോട്ടോ കാളിദാസ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ പ്രണയത്തിലാണോ എന്ന സംശയം ഉയർന്നത്. വാലന്റൈൻസ് ദിനത്തിൽ കാളിദാസ് താൻ പ്രണയത്തിലാണെന്ന് വ്യക്തമാക്കി. ചക്കിയുടെ വിവാഹം കഴിഞ്ഞതോടെ കാളിദാസിന്റെ വിവാഹം എന്നാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.












Click it and Unblock the Notifications