മലയാള നടിയോട് വിമാനത്തിൽ വെച്ച് സഹയാത്രികൻ മോശമായി പെരുമാറി; പരാതി, അനുഭവം പങ്കുവെച്ച് നടി
തിരുവനന്തപുരം: വിമാനയാത്രക്കിടെ മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി മലയാളത്തിലെ യുവ നടി. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. സഹയാത്രികനെതിരെ ഇവർ പോലീസിൽ പരാതിയും നൽകി. മദ്യലഹരിയിലാണ് ഇയാൾ മോശമായി പെരുമാറിയതെന്നും എന്നാൽ സംഭവത്തിൽ വിമാനത്തിലെ കാബിൻ ക്രൂ അംഗങ്ങളോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നടി ആരോപിച്ചു. പോലീസിൽ പരാതി നൽകിയത് ഉൾപ്പെടെ തനിക്ക് ഉണ്ടായ മോശം അനുഭവം അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
ആരോപണവിധേയനായ സഹയാത്രികനും താനും തമ്മിൽ ഒരു സീറ്റിന്റെ വ്യത്യാസത്തിലായിരുന്നു ഇരുന്നത്. പിന്നീട് അയാൾ തന്റെ തൊട്ടടുത്ത സീറ്റിൽ വന്നിരിക്കുകയായിരുന്നു. സംസാരിക്കുകയെന്ന വ്യാജേന ശരീരത്തിൽ സ്പർശിച്ചുവെന്ന് നടി ആരോപിച്ചു. ഇക്കാര്യം വിമാന ജീവനക്കാരെ അറിയിച്ചപ്പോൾ തന്നെ സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് ചെയ്തത്.വിമാനം ഇറങ്ങിയപ്പോൾ എയർപോർട്ട് സ്റ്റാഫ് പോലീസിൽ പരാതി നൽകാനും ആവശ്യപ്പെട്ടുവെന്ന് നടി പറയുന്നു. തുടർന്ന് കൊച്ചിയിൽ ഇറങ്ങിയ ശേഷമാണ് താൻ പരാതി നൽകിയതെന്ന് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ നടി വിശദീകരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നടിയുടെ കുറിപ്പ് വായിക്കാം- 'ഒക്ടോബർ പത്തിന് വൈകിട്ട് 5.20ന് മുംബൈയിൽ നിന്നും പുറപ്പെട്ട് രാത്രി 7.25ന് കൊച്ചിയിൽ എത്തിച്ചേരുന്ന AI 681 എന്ന വിമാനത്തിൽ വെച്ച് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. വിമാനം പുറപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് സംഭവം.
സഹയാത്രികൻ ആദ്യം 12സി എന്ന സീറ്റിലായിരുന്നു ഇരുന്നിരുന്നത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. പിന്നാലെ എന്റെ അടുത്തുള്ള 12ബി എന്ന സൂറ്റിലേക്ക് ഇരുന്നു. തുടർന്ന് യാതൊരു ലോജിക്കുമില്ലാത്ത സംസാരത്തിലേക്ക് കടന്നു. സീറ്റിനെ കുറിച്ചായിരുന്നു സംസാരം. തുടർന്ന് മോശമായി പെരുമാറുകയും ശരീരത്തിൽ അപമര്യാദയായി സ്പർശിക്കുകയും ചെയ്തു. എയർഹോസ്റ്റസിനോട് സംസാരിച്ചപ്പോൾ എന്നെ മൂന്നാല് സീറ്റ് മുന്നിലേക്ക് മാറ്റിയിരുത്തുക മാത്രമാണ് അവർ ചെയ്തത്. നിർഭാഗ്യവശാൽ അയാൾക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. വിമാനം ഇറങ്ങിയപ്പോൾ എയർ ഇന്ത്യയുടെ എയർപോർട്ട് സ്റ്റാഫിനോട് ഞാൻ കാര്യം അറിയിച്ചു. അവർ എന്നോട് പോലീസിനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടു. പോലീസിന് പരാതി നൽകാനുള്ള ഇമെയിൽ വിലാസവും നൽകി', നടി പറഞ്ഞു.












Click it and Unblock the Notifications