'കാര്യമറിയാതെ തര്‍ക്കിക്കരുത്, എന്നോട് ചോദിച്ചാല്‍ പോരെ'; പൃഥ്വിയുടെ സസ്പെന്‍സ് പൊട്ടിച്ച് മല്ലിക
കേരളത്തിലെ സമ്പൂര്‍ണ്ണ സിനിമാ കുടുംബം എന്ന വിശേഷണത്തിന് അര്‍ഹമാണ് നടന്‍ സുകുമാരന്റെ കുടുംബം. ഭാര്യയും മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാം സിനിമാമേഖലയില്‍ കൈവച്ചവരാണ് എന്നതാണ് ഇതിന് കാരണം. മല്ലിക സുകുമാരന്‍ മലയാളത്തിലെ മുതിര്‍ന്ന അഭിനേതാക്കളില്‍ ഒരാളാണ്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മലയാള സിനിമയിലെ അവിഭാജ്യ താരങ്ങളാണ്.
ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമ നടിയാണ്. മകള്‍ പ്രാര്‍ത്ഥന പിന്നണി ഗാനരംഗത്തേക്കും പ്രവേശിച്ചിട്ടുണ്ട്. പൃഥ്വിയുടെ ഭാര്യ സുപ്രിയ നിര്‍മാതാവ് എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്. മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുന്ന പൃഥ്വിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന എമ്പുരാനില്‍ കുടുംബത്തിനും ഏറെ പ്രതീക്ഷയാണ് ഉള്ളത്. മാര്‍ച്ച് 27 നാണ് എമ്പുരാന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകളും ടീസറും ഇതിനകം തന്നെ ഇറങ്ങിയിരുന്നു. റിലീസിനുള്ള എല്ലാ ജോലികളും പൂര്‍ത്തിയാക്കിയ ശേഷം അഭിനയത്തിലേക്ക് മടങ്ങുകയാണ് എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പൃഥ്വി ഒരു പോസ്റ്റ് പങ്ക് വെച്ചിരുന്നു. 'നടന്‍ എന്ന നിലയില്‍ പുതിയ മേഖലകള്‍ തേടുകയാണ്' എന്ന ആമുഖത്തോടെയാണ് പൃഥ്വി ചിത്രം പങ്ക് വെച്ചിരുന്നത്. ഇതിന് താഴെ നിരവധി പേര്‍ കമന്റുമായി രംഗത്തെത്തിയിരുന്നു.
ആക്ടിവിസ്റ്റ് സിന്‍സി അനിലും ഇതിന് താഴെ രസകരമായ കമന്റുമായി എത്തിയിരുന്നു. 'ഇതൊക്കെ എഐ ആണ്... ആരും വിശ്വസിക്കേണ്ട' എന്നായിരുന്നു സിന്‍സിയുടെ കമന്റ്. ഇതിനുള്ള മറുപടിയെന്നോണം മല്ലിക സുകുമാരന്‍ നല്‍കിയ കമന്റാണ് വൈറലായിരിക്കുന്നത്. പൃഥ്വിരാജ് അടുത്തതായി ചെയ്യാന്‍ പോകുന്നത് രാജമൗലിയുടെ സിനിമയാണ് എന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ പൃഥ്വിരാജ് ഇതിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. അതേസമയം ഈ സസ്‌പെന്‍സ് പൊളിച്ചിരിക്കുകയാണ് മല്ലിക സുകുമാരന്‍. ' അല്ല... അടുത്ത സിനിമ രാജമൗലി ഫിലിം. ഹീ ഈസ് ലീവിംഗ് ടുനൈറ്റ്. സിന്‍സിയും തുടങ്ങിയോ കാര്യങ്ങള്‍ അന്വേഷിക്കാതെയുള്ള തര്‍ക്കം... എന്നോട് ചോദിച്ചുകൂടെ?' എന്നായിരുന്നു സിന്‍സിയുടെ കമന്റിന് മറുപടിയായി മല്ലിക പറഞ്ഞത്.
ഇരുവരുടേയും കമന്റ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഒരു ട്രോളിന് താഴെ താന്‍ സര്‍ക്കാസ്റ്റിക് ആയി കമന്റിട്ടതാണ് എന്നും ആന്റിയുമായി സംസാരിച്ചിരുന്നു എന്നും സിന്‍സിയും പറഞ്ഞിരുന്നു. രാജമൗലി അടുത്തതായി സംവിധാനം ചെയ്യുന്നത് മഹേഷ് ബാബുവിനെ നായകനാക്കിയുള്ള സിനിമയാണ്. ഈ ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതു ശരിവയ്ക്കുന്നതാണ് മല്ലിക സുകുമാരന്റെ കമന്റ്.












Click it and Unblock the Notifications