'അനാവശ്യ മേക്കപ്പ് എനിക്കിഷ്ടമല്ല, അതുകണ്ടപ്പോള്‍ ഞാന്‍...'; മമിതയെ അടിച്ചെന്ന വാര്‍ത്തയില്‍ ബാലയുടെ പ്രതികരണം
ചെന്നൈ: നടി മമിത ബൈജുവിനെ അടിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സംവിധായകന്‍ ബാല. മമിതയെ താന്‍ അടിച്ചിട്ടില്ല എന്നും താരം തനിക്ക് മകളെ പോലെയാണ് എന്നും ബാല പറഞ്ഞു. വണങ്കാന്‍ സിനിമയുടെ റിലീസിന് മുന്നോടിയായി ഗലാട്ട തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ബാലയുടെ പ്രതികരണം. വണങ്കാന്‍ സിനിമയുടെ സെറ്റില്‍ വച്ച് ബാല മമിത ബൈജുവിനെ അടിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇതില്‍ ആണ് സംവിധായകന്റെ വിശദീകരണം. 'എന്റെ മകളെ പോലെയാണ് മമിത. അവളെ ഞാന്‍ അടിക്കുമോ? ആരെങ്കിലും പെണ്‍കുട്ടികളെ അടിക്കുമോ? ചെറിയ കുട്ടിയാണ് മമിത. എനിക്ക് അനാവശ്യമായി മേക്കപ്പ് ചെയ്യുന്നത് ഇഷ്ടമല്ല. അന്ന് ബോംബെയില്‍ നിന്ന് കൊണ്ടുവന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്നു സെറ്റിലുണ്ടായിരുന്നത്,' ബാല പറയുന്നു. മമിതയ്ക്ക് അന്ന് ഷോട്ട് ഇല്ലായിരുന്നു എന്നും വെറുതെ ഇരിക്കുകയായിരുന്നുവെന്ന് ബാല പറഞ്ഞു.

അതിനിടെ തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാതെ മേക്കപ്പ് ആര്‍ടിസ്റ്റ് വന്ന് മമിതയ്ക്ക് മേക്കപ്പ് ചെയ്യുകയായിരുന്നു. മേക്കപ്പ് തനിക്കിഷ്ടമല്ല എന്നത് മമിത പറഞ്ഞതുമില്ല എന്നും ഷോട്ടിന് റെഡിയായി വിളിച്ചപ്പോള്‍ മേക്കപ്പ് ഇട്ടാണ് മമിത വന്നത് എന്നും ബാല പറഞ്ഞു. ആരാണ് മേക്കപ്പ് ചെയ്തതെന്ന് ചോദിച്ച് അടിക്കുന്നത് പോലെ താന്‍ കയ്യോങ്ങുകയായിരുന്നു എന്നു ബാല കൂട്ടിച്ചേര്‍ത്തു.
'എന്നാല്‍ വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ അടിച്ചു എന്ന തരത്തിലായി. യഥാര്‍ത്ഥത്തില്‍ ഇതാണ് അവിടെ നടന്നത്,' അദ്ദേഹം പറഞ്ഞു. മമിത തന്നെ നേരത്തെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയതാണ് എന്നും താന്‍ അടിച്ചു എന്ന് മമിത പറഞ്ഞിട്ടില്ല എന്നും ബാല ചൂണ്ടിക്കാട്ടി. സൂര്യയേയും മമിതയേയും കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ബാല വണങ്കാന്‍ ഒരുക്കാനിരുന്നത്. എന്നാല്‍ പിന്നീട് ഇരുവരും പിന്മാറി.
സൂര്യ പിന്മാറിയതിന് പിന്നാലെയാണ് മമിതയും പിന്മാറിയത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമല്ല സൂര്യ പിന്മാറിയത് എന്നും കഥയില്‍ ചില മാറ്റങ്ങള്‍ വന്നതാണ് കാരണമെന്നും ബാല വ്യക്തമാക്കി. 40 ദിവസത്തോളം മമിത സിനിമയില്‍ അഭിനയിച്ചിരുന്നു എന്നും വീണ്ടും ചിത്രം റീ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോഴേക്കും മമിതയ്ക്ക് മറ്റു സിനിമകളുടെ തിരക്ക് വരികയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മമിതയും പിന്മാറുകയായിരുന്നു.
സൂര്യയും മമിതയും പിന്മാറിയതോടെ വണങ്കാനില്‍ അരുണ്‍ വിജയും റോഷ്നി പ്രകാശുമാണ് നായികാനായകന്മാരായത്. ചിത്രം ജനുവരി 10 ന് തീയറ്ററുകളിലെത്തും.












Click it and Unblock the Notifications