മമ്മൂട്ടിയുടെ ബിനാമിയാണോ രമേശ് പിഷാരടി, വലിഞ്ഞ് കയറി പോകുന്നതോ?'; ആ ബന്ധത്തിന് പിന്നിൽ..പിഷാരടി പറയുന്നു
അടുത്ത കാലത്താണ് മമ്മൂട്ടിയ്ക്കൊപ്പം രമേശ് പിഷാരടിയേയും മലയാളികൾ കണ്ട് തുടങ്ങിയത്. മമ്മൂട്ടിയുടെ വലം കൈയ്യായി തന്നെ പല പരിപാടികളിലും പിഷാരടി പങ്കെടുക്കാറുണ്ട്. ഇതോടെ ഇരുവരും തമ്മിലുള്ള അടുപ്പം എങ്ങനെ ഉണ്ടായി എന്ന ചോദ്യങ്ങളും ഇത് സംബന്ധിച്ചുള്ള ട്രോളുകളും ധാരാളം ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം ഉത്തരം നൽകുകയാണ് പിഷാരടി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. താരത്തിന്റെ വാക്കുകളിലേക്ക് -
'മമ്മൂട്ടിയുടെ കൂടെ വലിഞ്ഞ് കയറി പോകാൻ പറ്റില്ല, ഒരാൾ ഒരാളോട് നന്നായി പെരുമാറിയാൽ സംശയത്തോടെ നോക്കുന്നൊരു കാലമാണിത്. , നമ്മള്‍ കാണുന്ന പല സൗഹൃദങ്ങളിലും എന്താണ് ലാഭം എന്നൊക്കെയാണ് പലരും ചിന്തിക്കുന്നത്.. പലരും കരുതുന്നത് അവന് സിനിമയിൽ അഭിനയിക്കാൻ വേണ്ടിയോ വേഷം കിട്ടാനോ ജീവിക്കാനോ വേണ്ടിയോ ഒക്കെയാണ് ഇങ്ങനെ നടക്കുന്നതെന്ന്. യഥാർത്ഥത്തിൽ നമ്മുടെ പ്രൊഫൈൽ മാച്ചാകാത്തത് കൊണ്ടായിരിക്കാം മമ്മൂക്കയുടേയും എന്റേയും സൗഹൃദത്തെ ആളുകൾ സംശയത്തോടെ കാണുന്നത്.

സത്യത്തിൽ ഞങ്ങളുടെ സൗഹൃദത്തെ കുറിച്ച് ഒരു ചോദ്യത്തിന് പോലും പ്രസക്തിയില്ല. ഞാൻ മമ്മൂട്ടി കമ്പനിയുടെ ഒരുപടത്തിലും അഭിനയിച്ചിട്ടില്ല. ഞാൻ സംവിധാനം ചെയ്ത രണ്ട് പടത്തിലും ഞാൻ അഭിനയിച്ചിട്ടില്ല. മമ്മൂട്ടി എന്നോട് ചോദിച്ചിട്ടുണ്ട്. നിനക്ക് തന്നെ അഭിനയിച്ചൂടെയെന്ന്. പക്ഷെ അങ്ങനെ എനിക്ക് തോന്നിയിട്ടില്ല. ആളുകൾക്ക് എന്തെങ്കിലുമൊക്കെ ചോദിക്കണ്ടേ, അതുകൊണ്ടാണ് എന്റേയും മമ്മൂക്കയുടേയും സൗഹൃദത്തെ കുറിച്ച് ചോദിക്കുന്നത്.
ഞാനും ധര്‍മനും ഇരുപത് വര്‍ഷം ഒന്നിച്ച് നടന്നിട്ടും ആരും ചോദിച്ചിട്ടില്ലാ നിങ്ങള്‍ ഒന്നിച്ചാണല്ലോ എന്ന്. സത്യത്തിൽ എന്റെയൊക്കെ സിനിമ ഓർമകൾ തുടങ്ങുന്ന കാലത്ത് മമ്മൂട്ടിയൊക്കെ അവിടെയുണ്ട്. അങ്ങനെയൊരു വ്യക്തിയെ നേരിട്ട് കാണാൻ അവസരം കിട്ടുന്നു, സിനിമ അനുഭവങ്ങൾ കേൾക്കാൻ സാധിക്കുന്നു, എനിക്ക് കിട്ടിയ ഭാഗ്യമായിട്ടാണ് ഇതിനെ കാണുന്നത്. എനിക്ക് ഇതൊക്കെ വലിയ ഇഷ്ടവുമാണ്. ഞാൻ എന്റെ ഇഷ്ടം ചെയ്യുന്നെന്നേ ഉള്ളൂ. ഭരണഘടനപരമായി അനുവദിച്ച കാര്യമാണല്ലോ ഇത്.
കുട്ടികാലത്ത് ദൂരെ നിന്ന് കണ്ട മമ്മൂട്ടിയെ കാണാനും കൂടെ നടക്കാനും കഴിഞ്ഞത് വലിയ സന്തോഷമാണ്. വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊക്കെ ആളുകൾ എന്തുകൊണ്ടാണ് പോകുന്നത്, ഇതിനെ കുറിച്ച് കേട്ടിട്ടുണ്ട്, അപ്പോഴൊന്ന് കാണണം. എന്നെ സംബന്ധിച്ച് മമ്മൂട്ടി അങ്ങനെയാണ്. ആളുകൾ ഒരുപാട് പറഞ്ഞ് കേട്ട ഒരു ടൂറിസ്റ്റ് സ്പോട്ട് ആണത്. അവിടെ എനിക്ക് ഒരു എൻട്ര കിട്ടി എന്നത് സന്തോഷമുള്ള കാര്യമാണ്. മമ്മൂട്ടിയെ വെച്ച് ഞാനൊരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട്. ഉറപ്പായും അത് നടക്കും', രമേശ് പിഷാരടി പറഞ്ഞു.












Click it and Unblock the Notifications