മമ്മൂട്ടി രോഗത്തെ കുറിച്ച് ടെൻഷനടിച്ചോ? ശ്രീരാമൻ പറയുന്നു...'മുഖം കാണിക്കില്ലായിരുന്നു'
കൊച്ചി: ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടി തിരിച്ചുവന്നിരിക്കുകയാണ് നടൻ മമ്മൂട്ടി. താരത്തിന്റെ തിരിച്ചുവരവ് മലയാളികൾ ആഘോഷമാക്കുകയാണ്. പലരും അദ്ദേഹത്തിന്റെ രോഗമുക്തിയിൽ സന്തോഷം പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കിട്ടിരുന്നു. അക്കൂട്ടത്തിൽ ശ്രദ്ധനേടിയ കുറിപ്പായിരുന്നു നടൻ ശ്രീരാമന്റേത്. രോഗമുക്തി നേടിയതിനെ കുറിച്ച് മമ്മൂട്ടി തന്നെ വിളിച്ച് പറഞ്ഞ കാര്യമാണ് അദ്ദേഹം പങ്കുവെച്ചത്. എന്നാൽ അന്ന് മാത്രമല്ല അസുഖം ബാധിച്ച് ആശുപത്രയിലായത് മുതൽ മണിക്കൂറുകളോളം അദ്ദേഹം വിളിച്ച് സംസാരിച്ചിട്ടുണ്ടെന്ന് പറയുകയാണ് ഇപ്പോൾ ശ്രീരാമൻ. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'അസുഖ ബാധിതനായ സമയത്ത് ഒരു ദിവസം പോലും അദ്ദേഹത്തിന്റെ ആത്മവിശ്വാസം ചോർന്ന് പോയതായി എനിക്ക് തോന്നിയിട്ടില്ല. ചിലപ്പോൾ ബേജാറുണ്ടായിക്കാണും, അഭിനയക്കാരനാണല്ലോ, ചിലപ്പോൾ അഭിനയിച്ചതായിരിക്കാം ഇല്ലായെന്ന്. എന്തായാലും മൂപ്പരെന്തെങ്കിലും ആശങ്ക പ്രകടിപ്പിച്ചതായി എനിക്ക് തോന്നിയിട്ടില്ല. അതേസമയം അവസാനത്തെ ടെസ്റ്റും പാസായപ്പോൾ മാത്രമായിരുന്നു അദ്ദേഹം സന്തോഷം പങ്കുവെച്ചത്. അവസാന റിസൾട്ട് വരുന്നതിന് രണ്ട് ദിവസം മുൻപ് അദ്ദേഹം വിളിച്ചിരുന്നു. മണിക്കൂറുകളോളം സംസാരിച്ചപ്പോഴും പരിശോധന മറ്റന്നാളാണെന്ന് പറഞ്ഞിരുന്നില്ല, നിസ്കരിക്കുകയൊക്കെ ചെയ്യുന്ന ആളാണ് മമ്മൂട്ടി. പ്രാർത്ഥിക്കണമെന്നൊന്നും പറഞ്ഞില്ല. വളരെ അധികം ഉത്കണ്ഠ ഉള്ള ആളായിരുന്നെങ്കിൽ അദ്ദേഹം ഇതൊക്കെ പറയില്ലേ. അതാണ് മമ്മൂട്ടിയുടെ രീതി.

ഞാനും മമ്മൂട്ടിയും തമ്മിൽ കണ്ടകാലം തൊട്ട് തുടങ്ങിയ സൗഹൃദമാണ്. മൂപ്പരുടെ രീതിയെന്ന് പറയുന്നത് നമ്മൾ എന്ത് ഹിമാലയം കൊണ്ടുവെച്ചാലും അംഗീകരിക്കില്ലെന്നതാണ്. പക്ഷെ പിന്നീട് അതിനെ കുറിച്ചും ചോദിക്കും കേട്ടോ. ആദ്യം അംഗീകരിക്കില്ല, അത് മൂപ്പരുടെ രീതിയാണ്. ഏത് പരിപാടിയിലും തല ഉയർത്തിപ്പിടിച്ച് നടക്കുകയെന്നത് അദ്ദേഹത്തിന്റെ പണ്ടേക്ക് പണ്ടേയുള്ള രീതിയാണ്. അതിന്റെ ആപത്തുകൾ മമ്മൂട്ടിക്ക് നേരിടേണ്ടി വരാറുണ്ട്. കാരണം ആവശ്യമുള്ളതും ആവശ്യം ഇല്ലാത്തതിമായ കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. മറ്റേത് ഞാനൊന്നും കണ്ടില്ലെന്ന് വെച്ച് പോകാലോ.
അസുഖമായി കിടക്കുമ്പോൾ 1 മണിക്കൂറൊക്കെ വിളിച്ച് സംസാരിക്കുമായിരുന്നു. മുഖമൊന്നും കാണിക്കില്ല. ചിലപ്പോൾ കാലൊക്കെ കാണിക്കും, മക്കൾ വരുന്നതും പോകുന്നതും കാണിക്കും. അങ്ങനെയൊക്കെയാണ്. ഞങ്ങളുടേത് സിനിമയുടെ ഫ്ലേവറില്ലാത്ത സൗഹൃദമാണ്. ഞങ്ങൾ പല കാര്യങ്ങളും സംസാരിക്കും. ഞാൻ പൊട്ടത്തരമാണെങ്കിലും അദ്ദേഹത്തോട് പറയും. അത് ആള് തിരുത്തും. എന്ത് പറഞ്ഞാലും മമ്മൂട്ടി സമ്മതിക്കില്ല കേട്ടോ, അത് അങ്ങനെയാണ് രീതി. ഞാനും അതിന് അനുസരിച്ച് പറയും.
സ്വന്തമായി കാര്യങ്ങൾ ചെയ്യേണ്ടി വരും ബേജാറടിക്കുന്ന ആളാണ് അദ്ദേഹം. രാജമാണിക്യത്തിന്റെ സമയത്ത് സ്ലാങ് പഠിപ്പിക്കാൻ സുരാജ് വെഞ്ഞാറമുട് വന്നിരുന്നു. ആ സമയത്ത് ഞാൻ പോയിരുന്നു. അന്ന് സുരാജ് അത്ര ഫെയിമസല്ല. ആ സിനിമയ്ക്ക് ശേഷം സുരാജിന് നിറയെ അവസരങ്ങൾ ലഭിച്ചു. പിന്നീട് ഭരത് അവാർഡ് വരെ കിട്ടി. ഈ സമയത്തും മമ്മൂട്ടി അയാളോട് സംസാരിക്കുന്നത് പണ്ട് ഭാഷ പഠിപ്പിക്കാൻ വന്ന ആളോട് പെരുമാറിയത് പോലെയാണ്. അതായത് അവര് രണ്ടും ഈക്വലാണ്. അപ്പോൾ അങ്ങനെയല്ലേ സംസാരിക്കേണ്ടത്. പക്ഷെ പുള്ളി അതൊന്നും ആലോചിക്കില്ല.
ബിസിനസൊക്കെ മമ്മൂട്ടി ചെയ്തിട്ടുണ്ടെങ്കിലും അതിലൊന്നും നിത്യ ശ്രദ്ധ ഉള്ള ആളല്ല.
കുറെ തുറന്ന് ജീവിക്കുന്ന ആളുകളാണ്. മോഹൻലാൽ ആണെങ്കിൽ ഷൈ ആണ്. ബിഗ് ബോസ് ഒക്കെ സെയിഫായ സ്ഥലമാണല്ലോ. പ്രമോഷനിലൊക്കെ പ്രശ്നമാണ്. ദേവാസുരത്തിന്റെ സമയത്ത് ഒരു വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നു. പാടത്തൂടെ നടന്നിട്ട് വേണം ഭാരതപ്പുഴയിൽ കുളിക്കാൻ പോണം. സൂപ്പർ സ്റ്റാർ ആണ് ആ സമയത്ത് അദ്ദേഹം. അദ്ദേഹത്തിന് വേണെങ്കിൽ പറയാം പറ്റില്ലെന്ന്. പക്ഷെ മോഹൻലാൽ അതൊന്നും പറഞ്ഞില്ല. മോഹൻലാലുമായി നല്ല സൗഹൃദമുണ്ട്. എപ്പോഴെങ്കിലുമൊക്കെ വിളിക്കാറുള്ളൂ', ശ്രീരാമൻ പറഞ്ഞു. .












Click it and Unblock the Notifications