'മമ്മൂട്ടി ചൊറിയൻ വർത്തമാനം പറയും,നാവിന്റെ പ്രശ്നമാണ്,മറ്റുള്ളവരെക്കാൾ മുകളിലെന്ന തോന്നലാവും';കണ്ണൻ പട്ടാമ്പി
മമ്മൂട്ടിയോട് ഇടപെടാൻ ഭയമാണെന്ന് പല താരങ്ങളും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഏത് രീതിയിൽ പെരുമാറുമെന്ന് അറിയില്ലെന്നായിരുന്നു ചിലർ പറഞ്ഞത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ സ്വഭാവത്തെ കുറിച്ച് പറയുകയാണ്
സംവിധായകൻ മേജർ രവിയുടെ സഹോദരനു നടനും പ്രൊഡക്ഷൻ കൺട്രോളറുമെല്ലാമായ കണ്ണൻ പട്ടാമ്പി. മേജർ രവി സംവിധാനം ചെയ്ത മിഷൻ 90 ഡെയ്സ് എന്ന സിനിമയുടെ സെറ്റിലുണ്ടായ രസകരമായ കാര്യങ്ങളും കണ്ണൻ പട്ടാമ്പി പങ്കുവെച്ചു. മാസ്റ്റർ ബിൻ ചാനലിനോടായിരുന്നു പ്രതികരണം. താരത്തിന്റെ വാക്കുകളിലേക്ക്
മിഷൻ 90 ഡെയ്സിൽ എന്റെ കഥാപാത്രം സഹോദരന്റെ കഥാപാത്രത്തിന് സൈനേഡ് കൊടുക്കുന്നൊരു സീനുണ്ട്. അവന് വായിൽ സൈനേഡ് വെച്ച്കൊടുത്ത ശേഷം ബോബ് വെച്ച് മരിക്കുന്ന സീനാണ്. അതിൽ ഞാൻ കരയുന്നൊരു രംഗമുണ്ട്. ഞാൻ പ്രൊഡക്ഷൻ കൺട്രോളറാണല്ലോ, അതുകൊണ്ട് മമ്മൂക്ക എപ്പോളും എന്നോട് ഉടക്കാണ്. ഇയാള് ഉണ്ടാക്കുന്നത് ഞാൻ കാണട്ടെ എന്ന് പറഞ്ഞാണ് സീൻ കാണുന്നത്. മൂപ്പര് ചൂടാവുന്നത് കൊണ്ട് ഞാൻ ഒരു പുച്ഛ ഭാവത്തിൽ നിൽക്കുകയായിരുന്നു. ആ സീൻ കണ്ട് മമ്മൂക്കയുടെ കണ്ണ് നിറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു, ഒക്കെ കൊണ്ടുപോയല്ലോ ക്രെഡിറ്റ് ഒക്കെ കൊണ്ടുപോയല്ലോയെന്ന്.

നമ്മളെ കുറിച്ച് തമാശ പറയുമ്പോഴൊക്കെ അതൊക്കെ കേൾക്കാൻ ആൾക്ക് ഇഷ്ടമാണ്. അത് ആസ്വദിക്കും അദ്ദേഹം. നാവിന്റെ പ്രശ്നമല്ലാതെ വേറൊന്നുമില്ല. അദ്ദേഹം ദയാശീലനും ഭക്ഷണം കൊണ്ടുവന്നാൽ അദ്ദേഹത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കണം എന്നൊക്കെ പറയുന്നയാളാണ്.. അങ്ങനെയുള്ള ആളുകൾ ദുർലബമാണ്.
മമ്മൂക്കയ്ക്ക് സ്നേഹം കാണിക്കാനറിയില്ല. വെറുതെ മനുഷ്യരെ വെറുപ്പിച്ച് കൊണ്ടിരിക്കും,ചൊറിയൻ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കും. നമ്മൾ എന്ത് പറഞ്ഞാലും പുള്ളി കേൾക്കും, നമ്മുടെ ഒപ്പം തന്നെ നിൽക്കുകയും ചെയ്യും. വില്ലത്തരം കാണിച്ച് നടക്കുന്നത് പുള്ളിക്ക് ഇഷ്ടമാണ്. ഞാൻ മറ്റേ ആളെക്കാൾ മുകളിലാണെന്ന് കാണിക്കാനാണോയെന്ന് അറിയില്ല. പാവമാണ്.
ലാൽ സാറ് ചില ബാധ്യതകൾ ഉള്ളത് കൊണ്ടാണ് ചില സിനിമകൾ ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്. മമ്മൂട്ടിയുടെ ഇപ്പോഴത്തെ ചില കഥാപാത്രങ്ങളൊക്കെ കാണുമ്പോൾ. അദ്ദേഹം ഉത്തരവാദിത്തം കാണിക്കുന്നതായി തോന്നിയിട്ടുണ്ട്. മേജർ രവി ചോദിക്കുമ്പോൾ എങ്ങനെയാണ് സിനിമ കൊടുക്കാതിരിക്കുക എന്നൊക്കെയുള്ള ചിന്തയാണ് അദ്ദേഹത്തിന്. അങ്ങനെ വിഷമിപ്പിക്കാൻ അദ്ദേഹത്തിന് മടിയുണ്ട്. സ്വന്തം കഥാപാത്രം മാത്രം നോക്കി മാത്രമല്ല കഥാപാത്രം ഏറ്റെടുക്കുന്നത്, മറ്റുള്ളവരെ സഹായിക്കുക ,അവരോട് എങ്ങനെ നോ പറയും എന്നൊക്കെയാകും അദ്ദേഹത്തിന്റെ ചിന്ത. പിന്നെ മമ്മൂക്ക നോ പറഞ്ഞില്ലെങ്കിലും ആളുകൾ അടുത്ത് പോവാൻ മടിക്കുന്നൊരു സ്വഭാവമാണല്ലോ. മമ്മൂക്ക കറന്റ് പോലെയാണ്. ഷോക്ക് അടിക്കുമെന്ന് പേടി കാരണം തൊടാൻ നിക്കില്ല. ഷോക്കടിക്കുമോയെന്ന് തൊട്ട് നോക്കിയാൽ മാത്രമേ അറിയാനും പറ്റൂ.
കഥ കേൾക്കുന്നത് മമ്മൂക്ക തന്നെയാണ്. വേറെ ആരുടെയും അഭിപ്രായം ചോദിക്കില്ല. മറ്റൊരു സിനിമയുടെ കഥ പറയാൻ പോയപ്പോൾ അദ്ദേഹം ഓസ്ലർ സിനിമയുടെ കഥയെ കുറിച്ച് സംവിധായകനിൽ നിന്നും അറിഞ്ഞു. അപ്പോൾ അദ്ദേഹമാണത്രേ ഇങ്ങോട്ട് പറഞ്ഞത് വില്ലന്റെ കഥാപാത്രം ഞാൻ ചെയ്യാമെന്ന്. അത്തരമൊരു സ്വഭാവമൊക്കെയാണ് അദ്ദേഹത്തിന്. മോഹൻലാൽ കഥ കേൾക്കുമ്പോൾ ക്ഷമ കാണിക്കില്ലാന്ന് തോന്നുന്നുണ്ട്. അപ്പോഴേക്കും കുട്ടിക്കളിയുമായിട്ട് പോകുകയാണെന്ന്. മോഹൻലാലിന്റെ സിനിമകളൊക്കെ ബിൽഡ് അപ്പ് കൊടുത്ത് വരുമ്പോൾ ശ്രദ്ധയില്ലാതാകുന്നതായും തോന്നാറുണ്ട്', കണ്ണൻ പട്ടാമ്പി പറഞ്ഞു.












Click it and Unblock the Notifications