'മമ്മൂട്ടിക്ക് റിയൽ ജീവിതത്തിലും ശങ്കർദാസിന്റെ പൊങ്ങച്ചം ഉണ്ടല്ലോ'; ശ്രീനി പറഞ്ഞതിനെ കുറിച്ച് കമൽ
മമ്മൂട്ടി-ശ്രീനിവാസൻ-കമൽ കോമ്പോയിൽ നിരവധി ഹിറ്റുകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. പാവം പാവം രാജകുമാരന്‍, മഴയെത്തും മുമ്പേ, അഴകിയ രാവണന്‍, അയാള്‍ കഥയെഴുതുകയാണ് എന്നിങ്ങനെ പോകുന്നു ഹിറ്റുകൾ. മഴയത്തും മുൻപെ എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷമാണ് അഴകിയ രാവണൻ ചെയ്യാൻ ശ്രീനിയും കമലും തീരുമാനിച്ചത്. ഇപ്പോഴിതാ സിനിമയിലേക്ക് മമ്മൂട്ടിയെത്തിയതും സിനിമയുടെ ലൊക്കേഷനിൽ സംഭവിച്ച രസകരമായ സംഭവത്തെ കുറിച്ചുമെല്ലാം പറയുകയാണ് സംവിധായകൻ കമൽ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
'മഴയത്തും മുൻപേയ്ക്ക് ശേഷമാണ് അഴകിയ രാവണൻ ചെയ്യുന്നത്. പൊങ്ങച്ചക്കാരനായിട്ടുള്ള മുതലാളിയുടെ കഥയിൽ പിടിച്ചാലോയെന്നാണ് കഥയെ കുറിച്ച് ശ്രീനിവാസൻ എന്നോട് പറയുന്നത്. അങ്ങനെയാണ് അഴകിയ രാവണിലെ ശങ്കർദാസിലേക്ക് എത്തുന്നത്. വേദനിക്കുന്ന കോടീശ്വരൻ എന്ന് മമ്മൂക്കയോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ആദ്യം കത്തിയിരുന്നില്ല. പിന്നീടാണ് തമാശ മനസിലാകുന്നത്.

സിനിമയിൽ നായിക കഥാപാത്രത്തിൻറെ വീട്ടിൽ വെച്ച് ഷൂട്ടിങ് നടക്കുന്ന സീനുകളൊക്കെ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നതാണ്. അതിൽ ഇന്നസെന്റിന്റെ കഥാപാത്രത്തിന്റെയൊക്കെ ഡയലോഗുകൾ വളരെ അധികം ഇംപ്രവൈസ് ചെയ്ത് വന്നാണ്. എല്ലാവരും ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് ഉണ്ടായിട്ടുള്ള കോമഡികളാണ് സിനിമയിൽ മിക്കവാറും സംഭവിച്ചത്. പല ഡയലോഗുകളും ലൊക്കേഷനിൽ വെച്ച് അപ്പോൾ ഉണ്ടായതാണ്.
കരയോഗം പ്രസിഡന്റായി അഭിനയിക്കുന്ന ഇന്നസെന്റ് കഥാപാത്രം സിനിമയിൽ അഭിനയിക്കുന്നൊരു രംഗമുണ്ട്. 'തോന്നക്കൽ പഞ്ചായത്തിലെ എല്ലാ വീടും അരിച്ച് പെറുക്കിയെന്നാണ് ഡയലോഗ്. ശ്രീനി ലൊകേഷനിൽ വെച്ച് അപ്പോൾ എഴുതിയതാണത്. ഇത് സാധാരണ രീതിയിൽ പറഞ്ഞാൽ മതിയെന്നാണ് ആദ്യം ചർച്ച ചെയ്ത് തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്നസെന്റ് അത് പറഞ്ഞ് വന്നപ്പോൾ അത് ഉണ്ടാക്കിയ ചിരി. അരിപെറുക്കി എന്ന ഡയലോഗൊക്കെ പിന്നീട് ഒരു ഫ്രെയിസായി തന്നെ മാറി.
സിനിമ പക്ഷെ റിലീസ് ആയ സമയത്ത് കൾട്ടായിരുന്നില്ല. കാരണം നമ്മൾ പലയിടത്തും ചിരിക്കും എന്ന് കരുതിയ രംഗങ്ങളിൽ പ്രേക്ഷകർ ചിരിച്ചിരുന്നില്ല. ശ്രീനി ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമയുടെ കഥ പറയുമ്പോൾ ആളുകൾ ചിരിക്കും എന്ന് ഞങ്ങൾ കരുതി. പക്ഷെ അതുണ്ടായില്ല. എന്നാൽ ഭാവിയിൽ അതൊരു കൾട്ടായി മാറി. ചിറകൊടിഞ്ഞ കിനാവുകൾ എന്ന പേരിൽ തന്നെ ഒരു സ്പൂഫ് സിനിമയടക്കം വന്നു. ചില സിനിമകൾ അങ്ങനെയാണ് കാലത്തിന് ശേഷം ചർച്ച ചെയ്യപ്പെടുകയും അത് പിന്നീട് ആൾക്കാർ ഏറ്റെടുക്കുകയും ചെയ്യും. അത്തരത്തിലൊരു സിനിമ കൂടിയാണ് അഴകിയ രാവണൻ.
കൾട്ടായിട്ടുള്ള കോമഡികളും സീനുകളും ഉള്ളപ്പോൾ തന്നെ അഴകിയ രാവണൻ എന്ന സിനിമ പ്രേക്ഷകർ ഇത്രയും ഓർക്കാൻ കാരണം മമ്മൂക്കയാണ്. അതുവരെ ഗൗരവമുള്ള കഥാപാത്രങ്ങൾ മാത്രം അവതപിപ്പിച്ചിരുന്നൊരു നടനായിരുന്നു അദ്ദേഹം. വളരെ പൗരുഷമുള്ള ,വൈകാരികമായ കഥാപാത്രങ്ങളെയൊക്കെയാണ് അദ്ദേഹം അവതരിപ്പിച്ചോണ്ടിരുന്നത്. ശങ്കർദാസ് എന്നത് ഒരു തമാശ ക്യാരക്ടർ ആണ്. വളരെ പൊങ്ങച്ചക്കാരനായ ഒരാൾ.
കഥ പറഞ്ഞപ്പോൾ പ്രൊഡ്യൂസർ ചോദിച്ചത് ഇത് മമ്മൂട്ടി എങ്ങനെ ചെയ്യും മോഹൻലാൽ അല്ലേ ചെയ്യേണ്ടത് എന്നാണ്. അതിന് ശ്രീനി കൊടുത്ത മറുപടി മോഹന്‍ലാല്‍ ഈ റോള്‍ ചെയ്താല്‍ ഒരു പുതുമയുണ്ടാകില്ല പക്ഷേ മമ്മൂട്ടിയാണ് ചെയ്യുന്നതെങ്കില്‍ അതിൽ ഒരു പുതുമയുണ്ടാകും. പൊങ്ങച്ചം കറക്ടായി വരണമെങ്കിൽ അത് മമ്മൂട്ടി ചെയ്യണം.പൊങ്ങച്ചം റിയൽ ലൈഫിലും മമ്മൂട്ടിക്ക് അങ്ങനെ തന്നെ ആണല്ലോയെന്ന് ശ്രീനി എന്നോട് തമാശ പറഞ്ഞു. ഇക്കാര്യം ശ്രീനി മമ്മൂക്കയോടും പറഞ്ഞിട്ടുണ്ട്. വേറെ ആരെങ്കിലുമാണ് പറഞ്ഞതെങ്കില്‍ മമ്മൂക്ക അപ്പോൾ അദ്ദേഹത്തെ അടിച്ചേനെ. ശ്രീനി പറഞ്ഞപ്പോൾ മമ്മൂക്ക അതിനെ വളരെ തമാശയാക്കി എടുക്കുകയും ചെയ്തു.












Click it and Unblock the Notifications