'മമ്മൂട്ടി ഒരു പാക്കറ്റ് ചിപ്സ് അകത്താക്കി, രണ്ടാമത്തേതും പൊട്ടിച്ച് കഴിച്ചു തുടങ്ങി', ജിയോ ബേബി പറയുന്നു
കൊച്ചി: പ്രായം 72 ആയിട്ടും മമ്മൂട്ടി ചെറുപ്പം നിലനിർത്തുന്നത് എങ്ങനെയാണ്? മമ്മൂട്ടിയുടെ ഡയറ്റ് എന്താണ്? ഒരു ശരാശരി മലയാളിയുടെ എന്നത്തേയും കൗതുകങ്ങളിൽ ഒന്നാണിത്. ശാരീരിക ക്ഷമത നിലനിർത്താനും ആരോഗ്യത്തോടെ ഇരിക്കാനും വളരെയധികം ശ്രദ്ധ പുലർത്തുന്ന താരം ഭക്ഷണത്തിൽ കടുത്ത നിയന്ത്രണം പാലിക്കുന്നയാളാണെന്നാണ് മമ്മൂട്ടിയുടെ മകൻ കൂടിയായ ദുൽഖാർ സൽമാൻ അടക്കം തുറന്നുപറഞ്ഞത്. എന്നാൽ മമ്മൂട്ടിയുടെ പുതിയ ചിത്രമായ കാതലിന്റെ സംവിധായകൻ ജിയോ ബേബിക്ക് പറയാനുള്ളത് മറ്റൊന്നാണ്. ഡയറ്റ് എടുക്കുന്ന മമ്മൂക്ക 2 ചിപ്സ് പാക്കറ്റ് ഒറ്റയടിക്ക് തീർത്തെന്നാണ് ജിയോ ബേബി പറയുന്നത്. ഇങ്ങനെ കഴിക്കുന്നയാൾ പിന്നെങ്ങനെ ഇങ്ങനെ ഗ്ലാമർ നിലനിർത്തുന്നതെന്ന് ചോദിച്ചാൽ അതിന്റെ ഗുട്ടൻസും ജിയോ ബേബി തന്നെ തുറന്നു പറഞ്ഞു. വായിക്കാം
' മമ്മൂക്ക കപ്പ ചിപ്സ് കഴിക്കുന്നൊരു ഷോട്ടുണ്ട്. പ്രോപ്പർട്ടിയായി കുറെ പാക്ക് അത് വാങ്ങി വെച്ചിട്ടുണ്ട്. എന്റെ ധാരണ മമ്മൂക്ക ഒന്നോ രണ്ടോ കഴിക്കുമെന്നാണ്. കാരണം ഇത്രയും ആരോഗ്യമൊക്കെ ശ്രദ്ധിക്കുന്ന ആളല്ലേ. ഞാൻ നോക്കുമ്പോൾ ഒരു പാക്കറ്റ് തീർന്നു. എന്റെ മകൻ അവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ കരുതി അവനാണ് കൂടുതൽ തിന്നുന്നത് എന്നാണ്. അപ്പോഴതാ മമ്മൂക്ക പറയുന്നു അടുത്തത് പൊട്ടിക്കാൻ , അതും ഇവര് കഴിക്കുന്നു. മമ്മൂക്ക തന്നെ പറയുന്നുണ്ട് ഇതിവിടെ കൊണ്ടുവന്ന് വെച്ച് കഴിഞ്ഞാൽ ശരിയാവില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. ഞാൻ ചോദിച്ചു മമ്മൂക്ക ഇത്രയൊക്കെ ഡയറ്റൊക്കെ ഫോളോ ചെയ്യുന്ന ആളാണെന്ന് പറഞ്ഞിട്ട് ഇതെങ്ങനെ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഞാൻ ഇതൊക്കെ കഴിക്കും, എന്നിട്ട് രാവിലെ നടക്കും അല്ലാതെ തന്നെ പോലെയല്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കാതൽ തുടങ്ങുന്ന സമയത്ത് ഡയറ്റ് എടുക്കണമെന്ന് കരുതിയ ആളാണ് ഞാൻ.രാവിലെ എന്നും ഒരു മണിക്കൂർ നടക്കുന്ന ആളാണ് ഞാൻ. പക്ഷേ എന്നും മധുരം കഴിക്കും. ചിപ്സ് കഴിക്കുന്നയാളാണ്. മമ്മൂക്ക പറയുന്നൊരു കാര്യമുണ്ട്. നമ്മുക്ക് ഇഷ്ടമുള്ളതൊക്കെ കഴിക്കാം. ഇഷ്ടമുള്ളത്രയും കഴിക്കാതിരുന്നാൽ മതിയെന്നാണ്. മമ്മൂക്ക ഇതൊക്കെ കഴിച്ചിട്ട് പോയിട്ട് നന്നായി വർക്കൗട്ട് ചെയ്യും. പക്ഷേ നമ്മൾ ഇതൊക്കെ കഴിച്ചിട്ട് റൂമിൽ പോയി വെറുതെ ഇരിക്കും'.












Click it and Unblock the Notifications