പ്രതീക്ഷിക്കാത്തവർ പോലും പരസ്യമായി ചോദിച്ചു: അതോടെ സിനിമ ഉപേക്ഷിച്ചു, ദുരവസ്ഥ തുറന്ന് പറഞ്ഞ് നടി രമ്യ
'ദാദാസാഹിബ്' എന്ന മമ്മൂട്ടി ചിത്രത്തിലെ 'അല്ലിയാമ്പല്‍ പൂവേ' എന്ന ഒറ്റ ഗാനം കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയില്‍ ഇന്നും ഓർക്കപ്പെടുന്ന നടിയാണ് അതിര. വെള്ളിത്തിരയില്‍ ആതിരയെന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും യഥാർത്ഥ പേര് രമ്യയെന്നാണ്. ദാദാസാഹിബിന് പുറമെ നാലോളം ചിത്രങ്ങളിലും വേഷമിട്ടെങ്കിലും പെട്ടെന്ന് തന്നെ സിനിമ ലോകത്ത് നിന്നും രമ്യ അപ്രത്യക്ഷമായി.
ഇപ്പോഴിതാ വർഷങ്ങള്‍ക്ക് ശേഷം, സിനിമാ ജീവിതം ഉപേക്ഷിക്കാനുണ്ടായ കാരണം തുറന്ന് പറയുകയാണ് രമ്യ. സിനിമ ഒരു ട്രാപ്പാണെന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ താരം പറയുന്നത്. ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതുകൊണ്ടാണ് സിനിമ ജീവിതം അവസാനിപ്പിച്ചതെന്നും താരം വ്യക്തമാക്കുന്നു.

ചില ദുരവസ്ഥകള്‍ ഉണ്ടായി. ആ സമയത്ത് ജീവിതത്തില്‍ അത്ര തന്റേടം തോന്നിയില്ല. ജീവിതത്തെ മൊത്തം അത് താളം തെറ്റിച്ചു. അതില്‍ നിന്ന് ഓടി മാറണം എന്ന അവസ്ഥയില്‍ എത്തി. ആ അവസ്ഥയില്‍ നിന്നുകൊണ്ടാണ് പെട്ടെന്ന് തന്നെ ആരോടും കാര്യം പറയാതെ ആ സിനിമയോടെ അഭിനയം നിർത്തി. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് വിളിച്ചപ്പോള്‍ ഞാന്‍ നിർത്തുവാണ് എന്ന് പറഞ്ഞ് ഫോണ്‍ നമ്പർ വരെ ഉപേക്ഷിച്ചു.
സിനിമാ ഫീല്‍ഡ് എന്താണെന്ന് അറിയാത്തതുകൊണ്ടായിരിക്കാം ഞാന്‍ ആ രീതിയില്‍ പ്രതികരിച്ചത്. നല്ല രീതിയില്‍ തന്നെ മോശം കാര്യങ്ങള്‍ എന്റെ കാര്യത്തിലുണ്ടായിട്ടുണ്ട്. അത് ഇപ്പോഴും ഒരു കണ്ണീരായിട്ട് കിടക്കുന്നുണ്ട്. കുറേ നല്ലവശങ്ങളും കണ്ണീരായി കിടക്കുന്ന ഭാഗങ്ങളും ഉണ്ട്. ഇപ്പോള്‍ ഞാന്‍ എന്തായാലും ഹാപ്പിയാണെന്നും രമ്യ പറയുന്നു.
ആ അനുഭവങ്ങള്‍ കൊണ്ടുതന്നെ സിനിമ അഭിനയ രംഗത്തേക്ക് പോകേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ സിവില്‍ പഠിച്ച ഒരാളാണ്. സിനിമയില്‍ വന്നില്ലെങ്കില്‍ ആ മേഖലയിലേക്ക് പോയെനെ. സിനിമയില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ആ മേഖലയിലേക്ക് പോകാനും സാധിച്ചില്ല. എല്ലാംകൊണ്ടും ഞാന്‍ ഒതുങ്ങിപ്പോയിരുന്നു. ശരിക്കും ഉള്‍വലിഞ്ഞ് ജീവിക്കുകയായിരുന്നു.
സാധാരണ സ്ക്രീനിലോ മറ്റോ കാണുന്ന രീതിക്കുള്ള സംസാരമായിരിക്കില്ല നേരിട്ട് പലരും നടത്തുക. നേരിട്ട് നമ്മളോട് അത് ചോദിക്കാന്‍ മടിയില്ലാത്തവരുണ്ട്. എല്ലാവരും അങ്ങനെയാണെന്ന് അല്ല.ഒരുപാട് നല്ലവരുണ്ട്. കുറച്ചാണെങ്കിലും മോശമായി സംസാരിക്കുന്നവരും ഇവിടെയുണ്ട്. എല്ലാവർക്കും ഒരു പക്ഷെ ഇതിനെ തരണം ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല.
കുറച്ചുനാള്‍ കൂടെ സിനിമ മേഖലയില്‍ പിടിച്ച് നില്‍ക്കണമെന്നുണ്ടായിരുന്നു. സാമ്പത്തികമായി വളരെ മോശം നിലയിലായിരുന്നു ഞങ്ങളുടെ കുടുംബം. എന്നാല്‍ പൈസ കൃത്യമായി വാങ്ങിക്കാനും അറിയില്ല. ഉദ്ഘാടനത്തിനൊക്കെ പോയപ്പോള്‍ ഒരു ഫ്ലവർബേസ് മാത്രം തന്ന് വിട്ടവരുണ്ട്. വണ്ടിക്കാശ് തന്നവരും തരാത്തവരുണ്ട്. അന്നൊക്കെ ഇതൊക്കെ എങ്ങനെ വാങ്ങിക്കണമെന്ന് അറിയില്ല.
പൊലീസില്‍ പരാതി കൊടുക്കാനുള്ള സാഹചര്യമൊന്നുമായിരുന്നില്ല അന്ന്. അതുകൊണ്ടാണ് ഇതൊരു ട്രാപ്പാണെന്ന് ഞാന്‍ പറഞ്ഞത്.നമ്മുടെ ഫോട്ടോ എല്ലാ മാഗസിനിലും മറ്റുമൊക്കെ വന്നിരുന്നു. അതിന് ശേഷമാണ് എല്ലാം ചേഞ്ചാകുന്നത്. നമ്മള്‍ പ്രതീക്ഷിക്കാത്തവർ പോലും അങ്ങനെ ചോദിച്ചതാണ് വിഷമമാക്കിയത്. തുറന്ന് പറയാന്‍ പറ്റാത്തത് പോലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. ഒരു സമയത്ത് ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട്. ആ സമയത്താണ് ദൈവദൂതനെപ്പോലെ എന്റെ ഭർത്താവ് വരുന്നത്. ഞാന്‍ അങ്ങോട്ട് പോയിട്ടാണ് വിവാഹം കഴിച്ചാലോയെന്ന് ചോദിക്കുന്നത്. അതുകൊണ്ട് മാത്രമാണ് ജീവിച്ച് പോയതെന്നും രമ്യ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications