മമ്മൂട്ടിയോ മോഹന്‍ലാലോ? മലയാളത്തിലെ ഏറ്റവും ജനപ്രിയ താരം ആര്, ആദ്യ അഞ്ചില്‍ ഇവർ
മമ്മൂട്ടിയോ മോഹന്‍ ലാലോ ? മലയാളികള്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് ഇത്. അഭിനയത്തിന്റെ കാര്യത്തിലായാലും ജനപ്രീതിയുടെ കാര്യത്തിലായാലും ഈ രണ്ട് താരങ്ങള്‍ കഴിഞ്ഞിട്ട് മാത്രമാണ് കേരളീയർക്ക് മറ്റേതൊരു നടനേയും പരിഗണിക്കാന്‍ സാധിക്കൂ. അഭനയിക്കുന്ന സിനിമകളുടെ വിജയ പരാജയങ്ങളാണ് ഒരോ നടന്റേയും ജനപ്രീതി നിശ്ചയിക്കുന്നത്. എന്നാല്‍ ഇവർ രണ്ടുപേരുടേയും കാര്യത്തില്‍ അത് അങ്ങനെയല്ലെന്ന് പറയേണ്ടി വരും.
തുടർച്ചയായി അഞ്ചോ ആറോ സിനിമകള്‍ പൊട്ടിയ ഒരു നടന്റെ അടുത്ത പടം വരുമ്പോള്‍ സ്വാഭാവികമായും തിയേറ്ററിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകും. എന്നാല്‍ മമ്മൂട്ടിയേയും മോഹന്‍ലാലിന്റേയും സിനിമയാണെങ്കില്‍ എത്ര പരാജയങ്ങള്‍ക്ക് ശേഷവും കാണാന്‍ തിയേറ്ററില്‍ ആളുകളുണ്ടാവും എന്നതാണ് സത്യം. അത്രയേറെയാണ് ഇരു താരങ്ങളും മലയാളികള്‍ക്കിടയില്‍ ഉണ്ടാക്കിയെടുത്ത ജനപ്രീതി.

ഇരുവരില്‍ കൂടുതല്‍ ജനപ്രീതി ആർക്കാണെന്ന് ചോദിച്ചാല്‍ അപ്പോള്‍ തുടങ്ങും മലയാളികളുടെ "തല്ല്". എന്നാല്‍ പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സിന്‍റെ മലയാളത്തിലെ നായക നടന്മാരുടെ ഏറ്റവും പുതിയ ജനപ്രിയ ലിസ്റ്റ് പ്രകാരം മോഹന്‍ലാലാണ് കേരളത്തില്‍ ജനപ്രീതിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന താരം. ജനപ്രീതിയില്‍ മുന്നിലുള്ള അഞ്ച് താരങ്ങളുടെ പട്ടികയാണ് ഏജന്‍സി പുറത്ത് വിട്ടിരിക്കുന്നത്.
സെപ്റ്റബംർ മാസത്തിലെ ലിസ്റ്റാണിത്. പട്ടികയില്‍ ഒന്നാം സ്ഥാനം മോഹന്‍ലാലിനാണെങ്കില്‍ തൊട്ടുപിറകില്‍ രണ്ടാമതായി മമ്മൂട്ടിയുമുണ്ട്. ഇത്തരമൊരു കണക്ക് എടുക്കുമ്പോള്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും വരുമെന്ന് ഉറപ്പായതിനാല്‍ തന്നെ തുടർന്നുള്ള സ്ഥാനങ്ങളില്‍ ആരൊക്കെയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പട്ടികയില്‍ മൂന്നാമത് ടൊവിനോ തോമസും നാലാമത് ദുല്‍ഖര്‍ സല്‍മാനും അഞ്ചാമത് ഫഹദ് ഫാസിലും. ഓഗസ്റ്റ് മാസത്തില്‍ ഓർമാക്സ് പുറത്ത് വിട്ട ലിസ്റ്റിലും താരങ്ങളുടെ സ്ഥാനങ്ങള്‍ ഇതുപോലെ തന്നെയായിരുന്നു. ഏജന്‍സിയുടെ ഇതുവരേയുള്ള മലയാളത്തിലെ ജനപ്രിയ താരങ്ങളുടെ പട്ടികയിലെല്ലാം മോഹന്‍ലാല്‍ ഒന്നാമതും മമ്മൂട്ടി രണ്ടാമതുമായിരുന്നു.
തമിഴ് സിനിമയിലേക്ക് വരുമ്പോള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ദളപതി വിജയ് ആണ്. രണ്ടാം സ്ഥാനത്തും അജിത്തും മൂന്നാം സ്ഥാനത്ത് സൂര്യയുമാണ്. ജയിലറിലൂടെ വമ്പന്‍ തിരിച്ച് വരവ് നടത്തിയ രജനീകാന്താണ് നാലാം സ്ഥാനത്ത്. ജനുവരിയിലെ ലിസ്റ്റ് പ്രകാരം കമൽ ഹാസൻ അഞ്ചാം സ്ഥാനത്തായിരുന്നെങ്കില്‍ ഇത്തവണ അഞ്ചാം സ്ഥാനത്തേക്ക് ധനുഷ് എത്തിയതോടെ കമൽഹാസന് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഏഴാം സ്ഥാനത്തായിരുന്ന ശിവകാർത്തികേയൻ ഇത്തവണ ഒൻപതാം സ്ഥാനത്തായപ്പോള്‍ വിക്രം ഏഴാമത് എത്തി. ഒന്‍പതാം സ്ഥാനത്ത് നിന്നും വിജയ് സേതുപതി എട്ടാമത് എത്തിയപ്പോള്‍ കാർത്തിയാണ് പത്താം സ്ഥാനത്ത്. തമിഴ് നടിമാരില്‍ നയന്‍താരയാണ് ജനപ്രീതിയില്‍ ഒന്നാമത് നില്‍ക്കുന്നത്. പട്ടികയില്‍ രണ്ടാമത് സാമന്തയും മൂന്നാമത് തൃഷയുമാണ്.












Click it and Unblock the Notifications