മമ്മൂട്ടി അടിച്ചെടുക്കുമോ, അതോ ആസിഫോ?: വിജയരാഘവനും പ്രതീക്ഷ: സംസ്ഥാന അവാർഡ് പ്രഖ്യാപനം നവംബറില്‍
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നവംബർ ആദ്യവാരത്തോടെ ഉണ്ടായേക്കും. 128 സിനിമകളാണ് ഇത്തവണ അവാർഡിനായി എത്തിയിരിക്കുന്നത്. രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് വിഭാഗമായി തിരിഞ്ഞുള്ള ആദ്യ ഘട്ട സ്ക്രീനിങ് ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു. ഒക്ടോബർ ഇരുപതിന് ഉള്ളില്‍ തന്നെ ആദ്യഘട്ട സ്ക്രീനിങ് പൂർത്തിയാക്കാനാണ് നിർദേശം.
ആദ്യഘട്ട സ്ക്രീനിങ് പൂർത്തിയാകുന്നതോടെ 38 സിനിമകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് ഉള്‍പ്പെടുന്ന അന്തിമ ജൂറി ഈ 38 സിനിമകളായിരിക്കും കാണുക. ഇതിന് ശേഷം മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി തുടങ്ങിയ എല്ലാ അവാർഡുകളും സംബന്ധിച്ച പട്ടിക സർക്കാറിന് കൈമാറും. എല്ലാ നടപടികളും പൂർത്തിയാക്കി നവംബർ ആദ്യം പ്രഖ്യാപനം നടത്തും.

ഇതിനോടകം രാജ്യാന്തര വേദികളില്‍ ശ്രദ്ധനേടിയും തിയേറ്ററുകളില്‍ വന്‍ വിജയമായതും ഉള്‍പ്പെടേയുള്ള സിനിമകളാണ് അവാർഡിനായി പരിഗണിക്കുന്നത്. ഭ്രമയുഗം, ബറോസ്, മലൈക്കോട്ടെ വാലിബന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഇത്തവണയും മത്സരത്തില്‍ മുന്‍ നിരയില്‍ തന്നെയുണ്ട്. ഇവർക്ക് പുറമെ ഫഹദ് ഫാസില്‍, വിജയരാഘവന്‍, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവരാണ് മികച്ച നടനുള്ള പുരസ്കാരത്തിനായി പരിഗണിക്കുന്നവരില്‍ മുന്‍ നിരയിലുള്ളത്.
കനി കുസൃതി, അനശ്വരാ രാജന്‍, ജ്യോതിര്‍മയി എന്നിവരാണ് മികച്ച നടിക്കുള്ള പുരസ്കാരം പ്രതീക്ഷിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, മാർക്കോ, കിഷ്കിന്ധകാണ്ഡം, ഫെമിനിച്ചി ഫാത്തിമ തുടങ്ങിയവാണ് മികച്ച ചിത്രത്തിനായി മത്സരിക്കുന്നവയില്‍ പ്രധാനപ്പെട്ട ചിലത്. മത്സരിക്കാനെത്തിയ 128 സിനിമകളില്‍ 53 ചിത്രങ്ങള്‍ നവാഗതർ സംവിധാനം ചെയ്തതാണ് എന്നതാണ് ശ്രദ്ധേയം. ഇതില്‍ ബറോസ് എന്ന ചിത്രത്തിലൂടെ മോഹന്‍ലാലും പണി എന്ന ചിത്രത്തിലൂടെ ജോജു ജോർജും മത്സര രംഗത്തുണ്ട്.
അടുത്ത മാസം ആദ്യത്തോടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതും കൂടെ പരിഗണിച്ചാണ് അവാർഡ് നടപടികള്‍ വേഗത്തിലാക്കുന്നത്. പ്രകാശ് രാജിന് പുറമെ അന്തിമ ജൂറിയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പിന്നണി ഗായിക ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനര്‍ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് അംഗങ്ങള്‍. പ്രാഥമിക ജൂറിയിലെ രണ്ട് സബ് കമ്മിറ്റികളിലെ ചെയര്‍പേഴ്സണ്‍മാരായ രഞ്ജന്‍പ്രമോദ്, ജിബുജേക്കബ് എന്നിവരും അന്തിമ വിധിനിര്‍ണയസമിതിയിലെ അംഗങ്ങളാണ്.
പ്രാഥമിക ജൂറിയില്‍ ആദ്യമായി ഒരു ട്രാന്‍സ്പേഴ്സണുമുണ്ട്, ഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക. ചലച്ചിത്ര നിരൂപകന്‍ എംസി രാജ നാരായണന്‍, സംവിധായകന്‍ വി സി അഭിലാഷ്, ഛായാഗ്രാഹകന്‍ സുബാല്‍ കെ.ആര്‍., നിര്‍മ്മാതാവ് രാജേഷ് കെ, എഴുത്തുകാരനും ഗാനരചയിതാവുമായ ഷംഷാദ് ഹുസൈന്‍ എന്നിവരാണ് പ്രാഥമിക ജഡ്ജിംഗ് പാനലിലെ മറ്റ് അംഗങ്ങള്‍.












Click it and Unblock the Notifications