മമ്മൂട്ടിയെ പോലെ എത്രപേർ ചെയ്യും: അന്നും ഇന്നും ഒരുപോലെ; റിവ്യൂവിന്റെ പേരില്‍ നടക്കുന്നത് കോപ്രായങ്ങള്‍
മലയാള സിനിമ മേഖലയില്‍ നിലവില്‍ റിവ്യൂവിന്റെ പേരില്‍ നടക്കുന്നത് കോപ്രായങ്ങളാണെന്ന് പി ശ്രീകുമാർ. സിനിമയെക്കുറിച്ച് നന്നായി പഠിച്ചിട്ട് നിരൂപണം എഴുതുന്ന ഒരാള്‍പോലും ഇപ്പോഴില്ല. ഇവിടെ ഒരുത്തന്‍ മാജിക്കിലേതെന്ന പോലത്തെ വേഷമൊക്കെ ഇട്ടോണ്ട് വന്ന് എന്തൊക്കെയോ പറയുന്നു. വേറെ ഒരുത്തന്‍ എന്തൊക്കെയോ പുലമ്പുന്നു. ഇവരുടെ റിവ്യൂവൊക്കെ സിനിമയെ ബാധിക്കുമെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. ഞാന്‍ ഒരു സിനിമ കാണണമെന്ന് വിചാരിച്ചാല്‍ അത് കണ്ടിരിക്കുമെന്നും അദ്ദേഹം പറയുന്നു.
റിവ്യൂ നോക്കി ഇന്നുവരെ ഒരു പടം കാണാനോ കാണാതിരിക്കാനോ ഞാന്‍ തുനിഞ്ഞിട്ടില്ല. റിവ്യൂ നോക്കി പോകുന്നവരുണ്ടെങ്കില്‍ അവർ പോകട്ടെ. സിനിമയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്ന കാലമാണ്. കുടുംബകഥകള്‍, മൂല്യങ്ങളൊക്കെ സിനിമയില്‍ നിന്നും കുറഞ്ഞ് വരുന്നു. ആരോ പറഞ്ഞുകേട്ട് ഹൃദയം വരെ പറിച്ചെടുക്കുന്ന ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്. ഞാന്‍ ആ പടം കണ്ടിട്ടില്ല. യുവതലമുറ അതിനെ ഇഷ്ടപ്പെടുന്നുവെന്ന് പറയുമ്പോള്‍ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും.

എന്റെ സിനിമകളില്‍ വളരെ മികച്ച രീതിയില്‍ സഹകരിച്ച വ്യക്തിയാണ് മമ്മൂട്ടി. എന്റെ കരിയർ മുന്നോട്ട് പോകാനായും അദ്ദേഹം സഹായിച്ചു. നിർമ്മാതാക്കളെ അടക്കം അദ്ദേഹം ഉണ്ടാക്കി തന്നിട്ടുണ്ട്. എത്രപേർ അങ്ങനെ ചെയ്യും. ഇപ്പോഴും മമ്മൂട്ടി അതുപോലെ പലരേയും സഹായിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ഭാഗമായി പുതിയ സംവിധായകന്മാർക്ക് അദ്ദേഹം അവസരം നല്‍കുന്നുവെന്നും പി ശ്രീകുമാർ പറയുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില മുന്‍കാല സംവിധായകന്മാർക്ക് സൂപ്പർ താരങ്ങള്‍ ഡേറ്റ് കൊടുക്കാതിരിക്കുന്നുണ്ടാവും. എന്നാല്‍ അർഹരായവർക്ക് അവരെ കിട്ടാറുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഹരിഹരന്റെ ഒരു പടത്തില്‍ ഇവരില്‍ ആരെ വിളിച്ചാലാണ് ഡേറ്റ് കിട്ടാത്തത്. പിന്നെ ഇവരൊക്കെയാണ് മറ്റുള്ളവരെ ഉണ്ടാക്കിവിട്ടത് എന്ന് പറയുന്നതിനോട് ഞാന്‍ ഒട്ടും യോജിക്കുന്നില്ല. അംബികയെ ഇന്‍ഡ്രഡ്യൂസ് ചെയ്തത് ഞാനാണല്ലോ? എന്നാല്‍ അവരെ നടിയാക്കി വിട്ടത് ഞാനാണെന്ന് പറയാന്‍ സാധിക്കുമോ? ഞാന്‍ ഒരു നിമിത്തം ആയെന്ന് മാത്രം.
മുകേഷും സായികുമാറുമൊക്കെ ഇങ്ങോട്ട് വേഷം തേടി വന്നിട്ടുണ്ട്. അവർക്ക് അവസരം നല്‍കിയിട്ടുണ്ട്. നമ്മുടെ സിനിമ നന്നാകുക എന്നതില്‍ ഉപരി ആരെയെങ്കിലും നശിപ്പിക്കാനോ നന്നാക്കാനോ നമ്മള്‍ നോക്കുന്നില്ല. ഇപ്പോള്‍ അവസരം ലഭിക്കുന്നില്ല എന്നതില്‍ എനിക്ക് വലിയ വിഷമം ഇല്ല. കഴിവ് അല്ല, ആളുകളുമായുള്ള ബന്ധം നിലനിർത്തുന്നു എന്നതാണ് വേഷങ്ങള്‍ ലഭിക്കുന്നതില്‍ പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications