മമ്മൂട്ടി ഹൈദരബാദില്‍ നിന്നും നേരെ യുകെയിലേക്ക്: തിരിച്ച് വരവിനെ കുറിച്ച് രമേഷ് പിഷാരടി പറയുന്നത്
ചികിത്സ ഇടവേള പൂർത്തിയാക്കി മമ്മൂട്ടി സിനിമ മേഖലയിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റിന്റെ ഹൈദരാബാദ് ഷെഡ്യൂളില്‍ ഒക്ടോബർ ഒന്നിന് മമ്മൂട്ടി ചേരുമെന്ന് രമേഷ് പിഷാരടി മാധ്യമങ്ങളോട് വ്യക്തമാക്കി. ഹൈദരാബാദിലെ ഷൂട്ടിങ് പൂർത്തിയാക്കിയതിന് ശേഷം ഇതേ ചിത്രത്തിന്റെ തന്നെ ഭാഗമായി അദ്ദേഹം യുകെയിലേക്കും പോകും. യുകെ യിലെ ഷൂട്ട് പൂർത്തിയാക്കിയ ശേഷം അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.
പാട്രിയറ്റിന്റെ ഷൂട്ടിങ് ശ്രീലങ്കയില്‍ നടക്കുന്നതിന് ഇടയിലായിരുന്നു മമ്മൂട്ടി അസുഖ ബാധിതനാകുന്നത്. തുടർന്ന് ചെന്നൈയിലെ വീട്ടില്‍ താമസിച്ചായിരുന്നു ചികിത്സ. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങിയ വന്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയിലറും ഉടന്‍ റിലീസ് ചെയ്യുമെന്ന സൂചനയും രമേശ് പിഷാരടി നല്‍കുന്നു.

'വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം സിനിമ ലൊക്കേഷനിലേക്ക് എത്തുന്നത്. ഇതിന് മുൻപ്, മമ്മൂക്ക വരുന്നു, വന്നുകൊണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളൊക്കെയും വ്യാജമാണ്. യഥാർഥത്തിൽ ഒന്നാം തീയതി അദ്ദേഹം ഹൈദരാബാദിലെ ലൊക്കേഷനില്‍ എത്തും. അവിടെ നിന്നും യുകെയിലേക്ക് പോകും. അവിടെയാണ് സിനിമയുടെ തുടർന്നുള്ള ഷെഡ്യൂളുകൾ നിശ്ചയിച്ചിരിക്കുന്നത്. അതുകഴിഞ്ഞായിരിക്കും ഒരുപക്ഷേ കേരളത്തിലേക്ക് എത്തുക.' രമേഷ് പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു.
മമ്മൂട്ടിയുടെ മടങ്ങി വരവ് നിർമ്മാതാവും സുഹൃത്തുമായ ആന്റോ ജോസഫും സ്ഥിരീകരിച്ചിട്ടുണ്ട്. 'പ്രിയപ്പെട്ട മമ്മൂക്ക വരുന്നു.. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതൽ. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു.' അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മമ്മുക്ക ഹൈദരാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. പ്രാർത്ഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അർപ്പിക്കുന്നതായും ആന്റോ ജോസഫ് കുറിച്ചു. അതേസമയം മമ്മൂട്ടി ലൊക്കെഷനിലേക്ക് മടങ്ങി വരുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങളെന്നായിരുന്നു സംവിധായകന്‍ മഹേഷ് നാരായണന്റെ പ്രതികരണം.
"ഞങ്ങൾ മമ്മൂക്കയുടെ ലൊക്കേഷനിലേക്കുള്ള തിരിച്ചുവരവിന്റെ ആവേശത്തിലാണ്. അദ്ദേഹത്തിന്റെ ചില രംഗങ്ങൾ ഇനി ഷൂട്ട് ചെയ്യാനുണ്ട്. ഹൈദരാബാദിലെ ഷൂട്ടിന് ശേഷം യുകെയിൽ ചില ഭാഗങ്ങൾ ചിത്രീകരിക്കും. മമ്മൂക്കയും ലാലേട്ടനും ഒന്നിക്കുന്ന കോമ്പിനേഷൻ സീനുകളും അതില്‍ ഉൾപ്പെടുന്നു. സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷകൾ വാഗ്ദാനം ചെയ്യുന്നില്ല-സിനിമ തന്നെ സംസാരിക്കട്ടെ." - മഹേഷ് നാരായണന്‍ പറഞ്ഞു.












Click it and Unblock the Notifications