മമ്മൂട്ടിയുടെ ആ സിനിമ കരഞ്ഞു കൊണ്ടാണ് ചെയ്തത്; നുണ പറയാനാകാത്തത് കൊണ്ട് തുറന്ന് പറയുന്നു: മഞ്ജു പത്രോസ്
സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ അഭിനയിക്കുക എന്നത് ഉയർന്നുവരുന്ന ഏതൊരു താരത്തിന്റെയും വലിയ ആഗ്രഹമായിരിക്കും. അത്തരം ഒരു അവസരം ലഭിച്ചാല്‍ തന്നെ തങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും അത് മറക്കുകയും ഇല്ല. എന്നാല്‍ താന്‍ അഭിനയിച്ച ഒരു മമ്മൂട്ടി ചിത്രങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നെ ഇനി ഒരിക്കല്‍ പോലും ഓർക്കാതിരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് നടി മഞ്ജു പത്രോസ് തുറന്ന് പറയുന്നത്. കൗമുദി മൂവീസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
മുന്തിരി വള്ളികള്‍ തളിർക്കുമ്പോള്‍ എന്ന ലാലേട്ടന്‍ പടത്തിന് ശേഷമാണ് മമ്മൂട്ടിയുടെ ആ പടത്തിലേക്ക് എത്തുന്നത്. ലാലേട്ടന്‍ പടത്തിലേക്ക് എത്തുന്നത് വലിയൊരു കഥയാണ്. ലാലേട്ടന്റെ പടത്തില്‍ പ്രധാനപ്പെട്ട ഒരു റോള്‍ ചെയ്യുന്നത് മഞ്ജുവാണെന്ന് ജിബുചേട്ടന്‍ വിളിച്ചു പറഞ്ഞു. എന്നെ തന്നെയാണോ വിളിച്ചതെന്നാണ് ഞാന്‍ ആദ്യം കരുതിയത്. മഞ്ജു പിള്ള ചേച്ചിയെ വിളിച്ചത് മാറിപ്പോയതാണോയെന്ന് വരെ ഞാന്‍ ആലോചിച്ചു.

കരിയർ തുടങ്ങുന്ന സമയത്ത് തന്നെ അത്തരം ഒരു വേഷം കിട്ടിയതോടെ ചിരിക്കണോ സന്തോഷിക്കണോ എന്ന് അറിയാത്ത അവസ്ഥയായി. ഷൂട്ട് തുടങ്ങാന്‍ ഒരു 11 ദിവസം ഉള്ളപ്പോഴാണ് എനിക്ക് ഒരു ആക്സിഡന്റ് പറ്റുന്നത്. ഞാനും സുനിച്ചനും കൂടി വണ്ടിയില്‍ നിന്ന് വീണു. ഭാഗ്യത്തിന് സുനിച്ചന് ഒന്നും പറ്റിയില്ല. എന്റെ മുഖത്തിന്റെ ഒരു സൈഡ് കീറിപ്പോയി. ആശുപത്രിയില്‍ ചെന്നപ്പോള്‍ പറഞ്ഞത് പ്ലാസ്റ്റിക് സർജറി ചെയ്യണമെന്നായിരുന്നു. ഞാന്‍ ഓർമ്മയൊക്കെ പോയ അവസ്ഥയിലാണ്.
അപകടത്തെക്കുറിച്ച് ജിബുചേട്ടനോട് വിളിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ എന്തായാലും ഇപ്പോള്‍ വേറെ ആളെ നോക്കുന്നില്ലെന്ന് പറഞ്ഞു. അങ്ങനെ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ എന്റെ ഫോട്ടോ അയച്ച് കൊടുക്കുമായിരുന്നു. ആ ഫോട്ടോ ഇപ്പോഴും എന്റെ കൈവശമുണ്ട്. അത് കാണുമ്പോള്‍ വലിയ സങ്കടമാകും. എട്ട് ദിവസമൊക്കെ കഴിഞ്ഞിട്ടും നീര് പോകാത്ത അവസ്ഥയായതോടെ നിങ്ങള്‍ വേറെ ആളെ വെച്ചോയെന്ന് ഞാന്‍ ജിബു ചേട്ടനെ വിളിച്ച് പറഞ്ഞു.
എന്നാല്‍ എന്നോട് ലൊക്കേഷനിലേക്ക് എത്താനായിരുന്നു ജിബു ചേട്ടന്‍ ആവശ്യപ്പെട്ടത്. കോഴിക്കോടായിരുന്നു ലൊക്കേഷന്‍. മേക്കപ്പ് ടെസ്റ്റൊക്കെ നടത്തിയതിന് ശേഷം എനിക്ക് തന്നെ ആ വേഷം ലഭിച്ചു. അതായത് നമ്മുടെ പേര് എഴുതിയ അരി നമുക്ക് തന്നെ കിട്ടും. അത് വേറെ ഒരിടത്തേക്കും പോകില്ല. നമുക്ക് വരാനുള്ള നമ്മുടെ അടുത്ത് തന്നെ കിട്ടും. ലാലേട്ടന്‍ എന്ന് പറയുന്നത് വലിയ ഓറയുള്ള ഒരു വ്യക്തിയാണ്. പ്രകാശം പരത്തുന്ന ഒരു വ്യക്തി. തന്റെ ഓപ്പോസിറ്റ് നില്‍ക്കുന്നത് ഏതൊരു വ്യക്തിയാണെങ്കില്‍ അവർക്കും തുല്യ ബഹുമാനം കൊടുക്കുന്നയാളാണ് ലാലേട്ടനെന്നും മഞ്ജു പത്രോസ് പറയുന്നു.
മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചു എന്ന് പറയുമ്പോഴും ഇനി പറയുന്ന കാര്യം എന്തൊക്കെ വിവാദം ആകുമെന്ന് പറയാന്‍ പറ്റില്ല. എന്നാലും നുണ പറയാന്‍ പറ്റാത്തോണ്ട് പറയുകയാണ്. ആ സിനിമ (ഉട്യോപ്യയിലെ രാജാവ്) ഞാന്‍ അത്ര ആസ്വദിച്ച് ചെയ്തതല്ല. ഒരുപാട് സങ്കടപ്പെട്ടും കരഞ്ഞുമൊക്കെയാണ് ഞാന്‍ ആ സിനിമ പൂർത്തിയാക്കിയത്. ആ സിനിമയിലെ കോസ്റ്റ്യൂം ഒന്നും എനിക്ക് ഒട്ടും ഓക്കെയായിരുന്നില്ല.
അതിന്റെ കഥ കേള്‍ക്കാനായി ഞാനും സുനിച്ചനും കൂടെ കാക്കാനാട് ഒരു സ്ഥലത്ത് ചെന്നിരുന്നു. അന്നൊക്കെ കഥാപാത്രം എന്താണെന്നൊക്കെ ചോദിക്കുന്നതിന് മുമ്പ് തന്നെ ആദ്യം ചോദിക്കുന്നത് കോസ്റ്റ്യൂം എന്താണെന്നാണ്.അത്രയും ധൈര്യമൊന്നും അന്ന് വന്നിട്ടില്ല. ഇന്ന് ചിലപ്പോള്‍ ഞാന്‍ അത് ചെയ്തേക്കും. ഒരു കാലാകാരിയെ സംബന്ധിച്ച് അവരുടെ വസ്ത്ര ധാരണത്തേക്കാള്‍ പ്രധാനം പെർഫോമന്‍സിനാണെന്ന് എനിക്ക് ഇപ്പോള്‍ അറിയാം. എന്നാല്‍ അന്ന് അറിയില്ലായിരുന്നു.
വേലക്കാരിയുടെ വേഷമാണ്. സാരിയും നൈറ്റിയുമായിരിക്കും കോസ്റ്റ്യൂം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ഷൂട്ടിനായിരുന്നു ചെന്നും. എല്ലാവരും അങ്ങനെ തമാശയൊക്കെ പറഞ്ഞ് ഇരിക്കുന്ന സമയത്താണ് കോസ്റ്റ്യൂം മാറാനായി വിളിക്കുന്നത്. അവിടെ ഒരു ബ്ലൗസും മുണ്ടും എടുത്തു വെച്ചിരിക്കുന്നത് കണ്ടു. ബ്ലൗസ് ഇങ്ങനെ ഇറങ്ങി ഭയങ്കര വൈഡ് നെക്ക്. എനിക്ക് ഇപ്പോഴും അത് ഭയങ്കര വിഷമം വരുത്തുന്നുണ്ട്. ഞാൻ ഭയങ്കരമായി കരഞ്ഞു. ഞാൻ ഇത് ഇടൂല്ലെന്ന് പറഞ്ഞു. ഇപ്പോഴും നോക്കിയാല്‍ നിങ്ങള്‍ക്ക് കാണാം ആ ബ്ലൗസൊക്കെ ഞാന്‍ പരമാവധി വലിച്ച് കയറ്റി വെച്ചരിക്കുകയാണ്.
കുനിയാനൊക്കെ പേടിയായിരുന്നു. അതുകൊണ്ടെല്ലാം തന്നെ വളരെ പ്രയാസപ്പെട്ട് ചെയ്ത് സിനിമയാണ്. ആ സിനിമയുടെ ഭാഗങ്ങള്‍ വ്യക്തമായി ഓർമ്മയില്ല. റിലീസായതിന് ശേഷം സിനിമ കാണാനും പോയിട്ടില്ല. എനിക്കും ഒട്ടും തൃപ്തി തരാതിരുന്ന ഒരു സമയമായിരുന്നു. പക്ഷെ മമ്മൂട്ടി എന്ന മനുഷ്യനോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ഇന്നും എനിക്ക് മോഹന്‍ലാലിന്റെ നമ്പർ കാണാതെ അറിയില്ല. പക്ഷെ മമ്മൂട്ടിയുടെ നമ്പർ അറിയാം. ഏതെങ്കിലും സിനിമ ചെയ്തെന്ന് പറഞ്ഞ് മെസേജ് അയച്ചാല്‍ അപ്പോള്‍ തന്നെ മറുപടി വരും. തന്റെ പ്രേക്ഷകർക്ക് അത്രയും വാല്യൂ കൊടുക്കുന്ന ഒരു സാധാരണക്കാരനായ മനുഷ്യനാണ് അദ്ദേഹമെന്നും മഞ്ജു പത്രോസ് പറയുന്നു.












Click it and Unblock the Notifications