അപ്പോള്‍ ആ മനുഷ്യന്റെ മകനാണ് ഞാനെന്നു തോന്നി: എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു; മമ്മൂട്ടി
കോഴിക്കോട്: മലയാള സിനിമ ലോകത്തിന്റെ സുകൃതവും എഴുത്തിന്റെ പെരുന്തച്ചനുമായ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ വികാരനിർഭരമായ കുറിപ്പുമായി മമ്മൂട്ടിയും മഞ്ജു വാര്യറും. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
'ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.' മമ്മൂട്ടി കുറിച്ചു.

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓർക്കുന്നില്ലിപ്പോൾ. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു - എന്നും മമ്മൂട്ടി കുറിച്ചു.
ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം ടി സാറിനെന്നാണ് മഞ്ജു വാര്യർ അനുസ്മരിക്കുന്നത്. 'എം ടി സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല.' മഞ്ജു വാര്യർ കുറിച്ചു.
'ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍,ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും' എന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications