വാശിയേറിയ ലേലം: ഇഷ്ട നമ്പറായ 369 സ്വന്തമാക്കാന്‍ മമ്മൂട്ടി മുടക്കിയത് എത്ര ലക്ഷമെന്ന് അറിയുമോ?
എറണാകുളം: നടന്‍ മമ്മൂട്ടിക്ക് ഡ്രൈവിങ്ങിനോടുള്ള താല്‍പര്യം സിനിമക്ക് അകത്തും പുറത്തും ഉള്ളവർക്ക് ഒരുപോലെ അറിയുന്ന കാര്യമാണ്. ഡ്രൈവർ കൂടെയുണ്ടാകുമെങ്കിലും താരം തന്നെയാണ് അധികവും വാഹനം ഓടിക്കാറുള്ളത്. മമ്മൂട്ടിയുടെ ഡ്രൈവിങ്ങിനെക്കുറിച്ചുള്ള ഒരുപാട് കഥകള്‍ സഹതാരങ്ങള്‍ തന്നെ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുമുണ്ട്.
ഡ്രൈവിങ്ങിനോടെന്ന പോലെ വാഹനങ്ങളോടും മമ്മൂട്ടിക്ക് വലിയ താല്‍പര്യാണ്. നിരവധി വാഹനങ്ങളാണ് താരത്തിന്റെ ഗാരേജിലുള്ളത്. അടുത്തിടെ പുതിയ മോഡല്‍ ബെന്‍സും താരം സ്വന്തമാക്കിയിരുന്നു. തന്റെ വാഹനങ്ങള്‍ക്കെല്ലാം 369 എന്ന നമ്പർ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന താരം കൂടിയാണ് മമ്മൂട്ടി. ഇപ്പോഴിതാ പുതിയ മോഡല്‍ ബെന്‍സിനും 369 എന്ന നമ്പർ കരസ്ഥമാക്കിയിരിക്കുകയാണ് താരം.

കെഎല്‍ 07 ഡിസി 369 എന്ന നമ്പറാണ് പുതിയ മോഡല്‍ ബെന്‍സിന് മെഗാ സ്റ്റാര്‍ സ്വന്തമാക്കിയത്. എറണാകുളത്തെ ആർ ടി ഓഫീസില്‍ നടന്ന ലേലത്തിലൂടെയാണ് തന്റെ ഇഷ്ടനമ്പറായ 369 പുതിയ വാഹനത്തിനും മമ്മൂട്ടി നേടിയത്. കഴിഞ്ഞ ദിവസം ഫാന്‍സി നമ്പറായ കെഎല്‍ 07 ഡിസി. 369 നമ്പര്‍ മമ്മൂട്ടി കമ്പനി ബുക്ക് ചെയ്തിരുന്നു. ഇന്നലെയായിരുന്നു ലേലം.
മമ്മൂട്ടിയെപ്പോലെ തന്നെ മകന്‍ ദുല്‍ഖർ സല്‍മാനും തികഞ്ഞ വാഹന പ്രേമിയാണ്. ഇരുവരുടേയും ഗ്യാരേജിലെ പല വാഹനങ്ങള്‍ക്കും 369 എന്ന നമ്പറാണ് അവര്‍ സ്വന്തമാക്കിയിട്ടുള്ളത്. മെഴ്‌സിഡീസ് മെയ്ബ ജി.എല്‍.എസ് 600, ജി വാഗണ്‍, ബെന്‍സ് വി ക്ലാസ്, എസ് ക്ലാസ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, റേഞ്ച് റോവര്‍, ഫോക്‌സ്‌വാഗണ്‍ പോളോ ജിടിഐ തുടങ്ങി മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും കാരവാനുകള്‍ക്ക് വരെ 369 എന്ന നമ്പറാണുള്ളത്.
കെഎല്‍ 07 ഡിസി 369 എന്ന നമ്പറിനായി മമ്മൂട്ടിക്ക് പുറമെ മറ്റ് രണ്ടുപേര്‍ കൂടി രംഗത്തെത്തിയതോടെയാണ് ലേലം നടത്താന്‍ തീരുമാനിച്ചത്. തുടർന്ന് ഓണ്‍ലൈനായി നടന്ന ലേലത്തിലൂടെ 1.31 ലക്ഷം രൂപയ്ക്ക് താരം നമ്പര്‍ സ്വന്തമാക്കുകയായിരുന്നു. 5,000 രൂപ മാത്രം അടിസ്ഥാന വിലയിട്ടിരുന്ന 369 എന്ന നമ്പറില്‍ മമ്മൂട്ടി കണ്ണുവെച്ചതോടെയാണ് വിലയേറിയ നമ്പറായി മാറിയത്.
അതേസമയം, മറ്റ് ചില നമ്പറുകള്‍ കൂടി ഇന്നലെ ലേലത്തില്‍ പോയി. കെഎല്‍ 07 ഡിസി 500 എന്ന നമ്പർ വാശിയേറിയ മത്സരത്തിലൂടെ കൊച്ചി സ്വദേശി 2.45 ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഈ നമ്പറിനായി അഞ്ചുപേരാണ് മത്സര രംഗത്തുണ്ടായിരുന്നതെന്നും എറണാകുളം ജോയിന്റ് ആർ ടി ഒ വ്യക്തമാക്കുന്നു.


Click it and Unblock the Notifications