'മമ്മൂട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റം; പാർവതി മെസേജ് അയച്ചതിന് ശേഷം പറഞ്ഞത്'; ആലപ്പി അഷറഫ് പറയുന്നു
മമ്മൂട്ടി നായകനായെത്തിയ കസബ എന്ന ചിത്രത്തില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന നടി പാർവതി തിരുവോത്തിന്റെ വാക്കുകൾ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. മമ്മൂട്ടിയെ വിമർശിച്ചെന്ന് ചൂണ്ടിക്കാട്ടി നടിക്കെതിരെ കടുത്ത സൈബർ ആക്രമണവും നടന്നു. നടിയെ പിന്തുണച്ച് കൊണ്ട് മമ്മൂട്ടി പിന്നീട് സംസാരിച്ചതോടെയാണ് ഒരുപരിധി വരെയെങ്കിലും ഈ പ്രശ്നം അടങ്ങിയത്.
ഒടുവിൽ പുഴു എന്ന ചിത്രത്തിലൂടെ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ സംഭവങ്ങൾ ചൂണ്ടിക്കാട്ടി മമ്മൂട്ടിയുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. 'ആലപ്പി അഷ്റഫ് കണ്ടതും കേട്ടതും' എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം

'ഒരിക്കൽ പാർവതി തിരുവോത്ത് മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെ കുറിച്ച് ഒരു ആക്ഷേപം ഉന്നയിച്ചിരുന്നു. സ്ത്രീവിരുദ്ധത കടന്നുവരുന്ന ഭാഗങ്ങളിൽ സംവിധായകരും എഴുത്തുകാരും അഭിനേതാക്കളും കുറച്ച് കൂടി ജാഗ്രത പുലർത്തിയാൽ നന്നായിരിക്കുമെന്നായിരുന്നു അതിന്റെ സൂചന. അതിന് എതിരെ മമ്മൂട്ടിയെ ആക്ഷേപിച്ചു എന്ന തരത്തിൽ ഫാൻസുകാർ വലിയ സൈബർ ആക്രമണം അഴിച്ചുവിട്ടു. പാർവതിയെ ഇനി സിനിമാ രംഗത്ത് നിന്ന് പാടെ തുടച്ച് മാറ്റുമെന്ന് പലരും ധരിച്ചിരുന്നു.
പാർവതി തിരുവോത്ത് അന്ന് വിദേശത്തായിരുന്ന മമ്മൂട്ടിക്ക് തന്റെ നിലാപടുകളെ കുറിച്ച് വ്യക്തമായ ഒരു വാട്സ് ആപ്പ് മെസേജ് അയച്ചു. അവരുടെ വാട്സ് ആപ്പ് മെസേജ് വായിച്ച് അത് ഉൾക്കൊണ്ടുകൊണ്ട് മമ്മൂട്ടി പറഞ്ഞത് ആവിഷ്കാര സ്വാതന്ത്ര്യത്തെ പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യവും എന്ന്. അവരുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മമ്മൂട്ടിയുടെ പുഴു എന്ന സിനിമയിൽ അവരെ നായികയാക്കുകയും ചെയ്തു.
പണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷെ മമ്മൂട്ടി ആലോചിക്കാതെ എന്തെങ്കിലും എടുത്ത് ചാടി അഭിപ്രായം പറഞ്ഞേനെ. പക്ഷെ ഇപ്പോൾ മമ്മൂട്ടിയുടെ സ്വഭാവത്തിൽ ഒരുപാട് പ്രകടമായ നല്ല മാറ്റം സംഭവിച്ചിട്ടുണ്ട്. നല്ല ഇരുത്തവും വന്നിട്ടുണ്ട്. ഇപ്പോൾ കഴിയുന്നതും വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാനാണ് മമ്മൂട്ടി ആഗ്രഹിക്കുന്നത്.
മമ്മൂട്ടിയുടെ സഹപ്രവർത്തകരോടുള്ള സ്നേഹം എനിക്ക് മനസിലായത് കൊവിഡ് കാലത്തായിരുന്നു. കൊവിഡ് പിടിപെട്ട് ഞാൻ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നപ്പോൾ എനിക്ക് ആദ്യത്തെ വിളി വരുന്നത് മമ്മൂട്ടിയിൽ നിന്നായിരുന്നു. എന്നോട് ഒരുപാട് കാര്യങ്ങൾ ചോദിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത ശേഷം എന്തെങ്കിലും സഹായങ്ങൾ ആവശ്യമുണ്ടോയെന്നും ചോദിച്ചു.വളരെ അധികം സ്നേഹം അദ്ദേഹം എന്നോട് പ്രകടിപ്പിച്ചു. പിന്നീട് മോഹൻലാലും എന്നെ വിളിക്കുകയുണ്ടായി', ആലപ്പി അഷ്റഫ് പറഞ്ഞു.
അതേസമയം കസബ സിനിമയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രതികരണം തനിക്കും മമ്മൂട്ടിക്കും ഇടയിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ലെന്ന് മുൻപ് പാർവതി തിരുവോത്തും വിശദീകരിച്ചിരുന്നു.. ആ സംഭവത്തിന് പിന്നാലെ ഉണ്ടായ 'പൊങ്കാല'യ്ക്കിടയില്‍ ഞാന്‍ അദ്ദേഹത്തിന് മെസേജയച്ചു. ഞാന്‍ പേഴ്സണലി പറഞ്ഞതല്ല എന്ന് പറഞ്ഞു. അതൊന്നും കുഴപ്പമില്ല, ജസ്റ്റ് റിലാക്സ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങളുടെ ഇടയില്‍ ഒരു പ്രശ്നവുമില്ല. ഞാന്‍ അദ്ദേഹത്തെ അറ്റാക്ക് ചെയ്യുകയാണെന്ന തരത്തില്‍ പ്രചരിപ്പിച്ചത് മറ്റ് ചിലരായിരുന്നു. അത് ഒരിക്കലും ഒരു അറ്റാക്ക് അല്ലായിരുന്നു. ഞാനൊരു സത്യമാണ് പറഞ്ഞത്', എന്നായിരുന്നു പാർവതിയുടെ വാക്കുകൾ.












Click it and Unblock the Notifications