മമ്മൂട്ടിയുടെ കാതല്‍ പ്രേക്ഷകരിലേക്ക്: ഗോവ ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം, തുടക്കം മലയാള സിനിമയോടെ
ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം. ഐഎഫ്എഫ്‌ഐയുടെ പ്രധാന ആകർഷണീയത ലോക സിനിമയിലെ മികവിന് നൽകുന്ന സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് ഇത്തവണ അർഹനായിരിക്കുന്നത് ഹോളിവുഡ് നടനും നിർമ്മാതാവുമായ മൈക്കൽ ഡഗ്ലസാണ്. അവാർഡ് സ്വീകരിക്കാൻ, അദ്ദേഹത്തിന്റെ ഭാര്യയും പ്രശസ്ത നടിയുമായ കാതറിൻ സീറ്റ ജോൺസിനൊപ്പം അദ്ദേഹം ഐഎഫ്‌എഫ്‌ഐ വേദിയിലേക്ക് എത്തും.
ഇനോക്സ് പഞ്ചിo, മക്വിനെസ് പാലസ് , ഇനോക്സ് പോർവോറിം , Z സ്ക്വയർ സമ്രാട്ട് അശോക് എന്നീ - 4 വേദികളിലായി 270-ലധികം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. 54-മത്തെ ഐഎഫ്എഫ്‌ഐയുടെ 'അന്താരാഷ്ട്ര വിഭാഗത്തിൽ' 198 സിനിമകൾ ഉണ്ടാകും, 53-ാം ഐഎഫ്‌എഫ്‌ഐയേക്കാൾ 18 എണ്ണം കൂടുതലാണിത് . 13 വേൾഡ് പ്രീമിയർ, 18 ഇന്റർനാഷണൽ പ്രീമിയർ, 62 ഏഷ്യ പ്രീമിയർ, 89 ഇന്ത്യ പ്രീമിയർ എന്നിവ ഇതിൽ ഉണ്ടാകും.

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന 'കാതൽ', ഉണ്ണി മുകുന്ദൻ നായകനായ 'മാളികപ്പുറം' ഉൾപ്പടെയുള്ള മലയാള ചിത്രങ്ങൾ പട്ടികയിലുണ്ട്. മലയാള സിനിമയായ 'ആട്ടം' ആണ് ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രം. രോഹിത് എംജി കൃഷ്ണൻ സംവിധാനം ചെയ്ത 'ഇരട്ട', രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്', ഗണേഷ് രാജിന്റെ 'പൂക്കാലം', എന്നിവയും മുഖ്യധാരാ സിനിമയിൽ ജൂഡ് ആന്തണി ഒരുക്കിയ 2018 ഉം ഫീച്ചർ സിനിമകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ഈ വർഷം IFFI-ക്ക് 105 രാജ്യങ്ങളിൽ നിന്ന് 2926 എൻട്രികൾ ലഭിച്ചു. ഇതിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3 മടങ്ങ് അന്താരാഷ്ട്ര എൻട്രികൾ ഉണ്ടായി. 'ഇന്ത്യൻ പനോരമ' വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള 25 ഫീച്ചർ ഫിലിമുകളും 20 നോൺ ഫീച്ചർ സിനിമകളും പ്രദർശിപ്പിക്കും. കൂടാതെ നോൺ ഫീച്ചർ വിഭാഗത്തിൽ മണിപ്പൂരിൽ നിന്നുള്ള "ആൻഡ്രോ ഡ്രീംസ്" ആണ് ആദ്യ പ്രദർശനത്തിന് ഒരുക്കിയിട്ടുള്ളത്.
ഐഎഫ്എഫ്ഐയുടെ ഈ 54-ാമത് പതിപ്പിലെ നവീന സംരംഭങ്ങളെ കുറിച്ച് സംസാരിച്ച എൻഎഫ്ഡിസി എംഡിയും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം (ഫിലിംസ്) ജോയിന്റ് സെക്രട്ടറിയുമായ പൃഥുൽ കുമാർ ഈ വർഷം മികച്ച വെബ് സീരീസ് (OTT) അവാർഡ് എന്ന വിഭാഗം ഉൾപ്പെടുത്തിയതായും പറഞ്ഞു. ഇതിലൂടെ അഭിവൃദ്ധി പ്രാപിക്കുന്ന ഓ ടി ടി പ്ലാറ്റ്‌ഫോമുകളുടെ സ്രഷ്‌ടാക്കളെയും മികച്ച ഉള്ളടക്കത്തിനെയും അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ബഹുമാനിക്കാനും ലക്ഷ്യമിടുന്നുവെന്നും പറഞ്ഞു.
15 ഓ ടി ടി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് 10 ഭാഷകളിലായി 32 എൻട്രികൾ ലഭിച്ചു. മികച്ച പരമ്പരകൾ സമാപന ചടങ്ങിൽ പ്രഖ്യാപിക്കും.അവയ്ക്ക്സർട്ടിഫിക്കറ്റുകളും 10 ലക്ഷം രൂപയും സമ്മാനത്തുകയായി നൽകും. ലോകമെമ്പാടുമുള്ള ശ്രദ്ധേയമായ ചില ഡോക്യുമെന്ററികൾ ഉൾക്കൊള്ളുന്ന ഒരു ഡോക്യു-മോണ്ടാഷ് വിഭാഗവും അവതരിപ്പിച്ചിട്ടുണ്ട്.ഈ വർഷത്തെ ഇന്ത്യയുടെ ഓസ്‌കാർ പ്രവേശനത്തെ അടയാളപ്പെടുത്തുന്നതിനും ഇന്ന് ചലച്ചിത്ര നിർമ്മാണത്തിൽ ഡോക്യുമെന്ററികളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം എടുത്തുകാട്ടുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഇതിനുപുറമെ, ഇന്ത്യൻ ക്ലാസിക്കുകളുടെ കേടുവന്ന സെല്ലുലോയിഡ് റീലുകളിൽ നിന്ന് നാഷണൽ ഫിലിം ഹെറിറ്റേജ് മിഷന്റെ (NFHM) കീഴിൽ എൻ എഫ് ഡി സി -എൻ എഫ് എ ഐ വീണ്ടെടുത്ത 7 ലോകോത്തര പ്രീമിയറുകൾ ഉൾക്കൊള്ളുന്ന ഒരു 'റീ സ്റ്റോർഡ് ക്ലാസിക്' വിഭാഗവും അവതരിപ്പിച്ചിട്ടുണ്ട്. പ്രമുഖ സിനിമാ നിർമ്മാതാക്കൾ, ഛായാഗ്രാഹകർ, അഭിനേതാക്കൾ എന്നിവരുമായി 20-ലധികം 'മാസ്റ്റർ ക്ലാസുകൾ', 'ഇൻ കോൺവർസേഷൻ' സെഷനുകൾ എന്നിവയും ഉണ്ടാകും.












Click it and Unblock the Notifications