'മമ്മൂട്ടിക്ക് ആകെയുള്ളൊരു ദുശ്ശീലം ഇതാണ്'; ഗ്ലാമറിനും ഫിറ്റ്നെസിനും പിന്നിലെ രഹസ്യവും
കൊച്ചി: 72ാം വയസിലും മമ്മൂട്ടി ചെറുപ്പം കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹം പുലർത്തി പോരുന്ന ജീവിത രീതിയൊന്ന് കൊണ്ടാണ്. കൃത്യമായ ഭക്ഷണ രീതികൾ പിന്തുടരുന്ന ആളാണ് മമ്മൂട്ടി. മാത്രമല്ല ചിട്ടയോടെ വ്യായാമവും അദ്ദേഹം ചെയ്ത് പോരാറുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിൽ വളരെ അധികം നിയന്ത്രണം അദ്ദേഹം പുലർത്താറുണ്ടെന്ന് മകൻ ദുൽഖർ സൽമാൻ അടക്കം തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഭക്ഷണകാര്യത്തിൽ അദ്ദേഹത്തിന് ഒരു ദുശ്ശീലമുണ്ടെന്നാണ് മുൻപ് നടന്റെ കുക്ക് കൂടിയായ ലെനീഷ് തുറന്ന് പറഞ്ഞത്.
വാരിവലിച്ച് മമ്മൂട്ടി ഭക്ഷണം കഴിക്കാറില്ലെന്ന് ലെനീഷ് പറയുന്നു. അതുമാത്രമല്ല മറ്റുള്ളവർ ഹോട്ടൽ ഭക്ഷണങ്ങൾക്ക് പുറകെ പോകുമ്പോൾ എരിവും പുളിയും മസാലകളും അധികം ചേർത്ത് കഴിക്കുന്ന ആളല്ല മമ്മൂട്ടിയെന്നും ലെനീഷ് പറയുന്നുണ്ട്. കൃത്യമായ ഭക്ഷണ ശീലം അദ്ദേഹത്തിനുണ്ട്. ഉച്യ്ക്ക് ചോറ് കഴിക്കാറില്ല. ഓട്സ് കൊണ്ടുള്ള പുട്ടാണത്രേ അദ്ദേഹത്തിന് പ്രിയം. മീനിനോടാണ് താത്പര്യം. അതുകൊണ്ട് തന്നെ ഓട്സിനൊപ്പമെല്ലാം മീൻ ചേർത്താണ് കഴിക്കാറുള്ളത്. കരിമീൻ, തിരുത, പൊടിമീൻ, കൊഴുവ എന്നിവയെല്ലാമാണ് ഇഷ്ട മത്സ്യങ്ങൾ.

താരങ്ങൾ മിക്കവരും പച്ചക്കറികളും പഴങ്ങളും ചേർത്തുണ്ടാക്കുന്ന സാലഡ് കഴിക്കുന്നവരാണ്. വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിൽ ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കാനും ഇത്തരം സാലഡുകൾ സഹായിക്കും. മാത്രമല്ല ജലാംശം നിലനിർത്താനും ഇവ ഉത്തമമാണ്. മമ്മൂട്ടിയും ഇത്തരത്തിൽ സാലഡ് കഴിക്കുന്നയാളാണ്. രാത്രിയിലും ഗോതമ്പ്, ഓട്സ് ദോശകളോടാണ് താത്പര്യം. അതിനൊപ്പം തേങ്ങാപ്പാൽ അധികം ചേർക്കാത്ത മസാലകൾ അധികം ഉപയോഗിക്കാത്ത ചിക്കൻ കഴി കഴിക്കും. ചമ്മന്തിയായാലും താത്പര്യം തന്നെ.
ഇഷ്ച ഭക്ഷണങ്ങൾ ഒരുപാട് ഉണ്ട് മമ്മൂട്ടിക്ക് എന്നാണ് ലെനീഷ് പറയുന്നത്. എന്നാൽ അത് തന്നെ അധികം കഴിക്കില്ലത്രേ. മട്ടനോ ബീഫോ കഴിക്കണമെന്ന് ആഗ്രഹം തോന്നിയാലും കഴിക്കില്ലെന്നും ബിരിയാണി കഴിക്കാൻ ആഗ്രഹം തോന്നിയാൽ ഇടക്ക് ഒരു ബിരിയാണി ഉണ്ടാക്കാൻ ആവശ്യപ്പെടുമെന്നും ലെനീഷ് പറയുന്നു.
സിനിമ സെറ്റിലും ഈ രീതികൾക്കൊന്നും ഒരു മാറ്റവുമില്ല. സെറ്റിൽ ഓണം അടക്കമുള്ള ആഘോഷങ്ങൾ ഉണ്ടായാലും വളരെ കുറച്ച് മാത്രമേ ഭക്ഷണം കഴിക്കൂ. ഭക്ഷണത്തിന്റെ കാര്യത്തിൽ മാതൃകയാക്കാവുന്ന ആളാണ് മമ്മൂട്ടിയെന്നും ലെനീഷ് പറഞ്ഞു. എന്നാൽ അദ്ദേഹത്തിന് ഭക്ഷണ കാര്യത്തിൽ ഒരു ദുശ്ശീലമുണ്ടെന്നും അത് ഇടയ്ക്കിടെയുള്ള കട്ടൻചായ കുടിക്കലാണെന്നും ലെനീഷ് മുൻപ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.












Click it and Unblock the Notifications