'മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി';മുഖത്ത് ചുളിവുകളും നരയും കഷണ്ടിയും.. പ്രചരിക്കുന്ന ചിത്രത്തിന്റെ യാഥാർത്ഥ്യം
കൊച്ചി: 'മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി' എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി മമ്മൂട്ടിയുടെ പി ആർ ഒ ആയ റോബർട്ട് കുര്യാക്കോസ്. മുഖത്ത് ചുളിവുകളുമായി നരയും കഷണ്ടിയുമുള്ള ചിത്രമാണ് മമ്മൂട്ടിയുടേതെന്ന എന്ന പേരിൽ പ്രചരിക്കുന്നത്. എന്നാൽ മമ്മൂട്ടിയുടെ യഥാർത്ഥ ചിത്രം എങ്ങനെ ഫോട്ടോഷോപ്പ് ചെയ്ത് മാറ്റി എന്ന് കാണിക്കുന്ന വീഡിയോ ആണ് റോബേർട്ട് പങ്കുവെച്ചിരിക്കുന്നത്.
ഒരുപാട് പേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവ്വനത്തിന് ചുളിവും നരയും നൽകിയ ഡിജിറ്റൽ തിരക്കഥയുടെ വഴി: കാലത്തിന് തോൽപ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്', എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് റോബേർട്ട് കുര്യാക്കോസ് കുറിച്ചത്. പോസ്റ്റിന് താഴെ മമ്മൂട്ടിയുടെ ഒറിജിനൽ ഫോട്ടോയും ഡ്യൂപ്ലിക്കേറ്റ് ചിത്രങ്ങളും ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്.

ഫിറ്റ്നെസിന്റേയും ഗ്ലാമറിന്റേയും കാര്യത്തിൽ പ്രായം കൂടുന്തോറും ഞെട്ടിക്കുകയാണ് മമ്മൂട്ടി. 71ാം വയസിലും ഇൻഡസ്ട്രിയിലെ യുവ താരങ്ങളെയെല്ലാം പിന്തള്ളി 'ചുള്ളനായി' തന്നെ തുടരുകയാണ് താരം. കൃത്യമായ വ്യായാമവും ജീവിത ചര്യയും തന്നെയാണ് ആരേയും അസൂയപ്പെടുത്തുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം.
വളരെ കൃത്യമായ ഭക്ഷണരീതി പിന്തുടരുന്നയാളാണ് മമ്മൂട്ടിയെന്ന് അദ്ദേഹത്തിന്റെ ഷെഫ് മുൻപ് പറഞ്ഞിട്ടുണ്ട്. ഓട്സ്, പപ്പായ, മുട്ടയുടെ വെള്ള, തലേദിവസം വെള്ളത്തിൽ കുതിർത്ത ബദാം എന്നിവയാണ് മമ്മൂട്ടി പ്രഭാത ഭക്ഷണമായി കഴിക്കാറുള്ളത്. ഉച്ചയ്ക്ക് ചോറ് കഴിക്കാറില്ല. അതിന് പകരം ഓട്സ് കൊണ്ടുള്ള പുട്ടാണ് കഴിക്കാറുള്ളതെന്നും ഷെഫ് വിശദീകരിക്കുന്നു. വൈകീട്ട് ചോറ് കഴിക്കുന്ന പതിവില്ലത്രേ മമ്മൂട്ടിക്ക്. പകരം ചായയും കട്ടൻ ചായ കുടിക്കാറുണ്ട്. രാത്രിയിൽ ഗോതമ്പോ ഓട്സോ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണമാണ് കഴിക്കാറുള്ളത്. രാത്രി ഭക്ഷണത്തിനൊപ്പം തേങ്ങാ പാൽ ചേർത്ത നാടൻ ചിക്കൻ കഴിയും കഴിക്കും. ചിക്കൻ അല്ലെങ്കിൽ ചട്ണി. രാത്രി കൂൺ സൂപ്പോടെ ഒരു ദിവസത്തെ മെനു അവസാനിക്കുമത്രേ.
ഇങ്ങനെയൊക്കെ ഭക്ഷണം കഴിച്ചാൽ പിന്നെ ശരീരത്തിന് പ്രായമാകുമോയെന്ന് ചോദിച്ചാൽ മുതിർന്ന മറ്റ് എത്ര സിനിമാ താരങ്ങൾ ഇത്തരത്തിൽ ചിട്ടയായി ജീവിക്കുന്നുണ്ടെന്നാണ് മമ്മൂട്ടി ആരാധകരുടെ ചോദ്യം. ഈ പ്രായത്തിലും ഇതുപോലെ ശരീരം കാത്ത് സൂക്ഷിക്കാൻ പറ്റണമെങ്കിൽ നിശ്ചയദാർഢ്യം കുറച്ചൊന്നും പോരെന്നാണ് ആരാധക പക്ഷം.












Click it and Unblock the Notifications