'മമ്മൂട്ടി ഇടപെട്ട് സിനിമയിൽ അവസരങ്ങൾ ഇല്ലാതാക്കിയെന്ന് അറിഞ്ഞു,ഇന്നസെന്റിനോട് പരാതിപ്പെട്ടു'; നടി ഉഷ പറയുന്നു
ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന നടിയായിരുന്നു ഉഷ. എന്നാൽ പിന്നീട് താരത്തിന് അവസരങ്ങൾ കുറഞ്ഞു. ഇപ്പോൾ സിനിമയിൽ ഉഷയെ കാണാറേ ഇല്ല. എന്തുകൊണ്ടാണ് സിനിമയിൽ നിന്നും വിട്ടുനിന്നതെന്ന് പറയുകയാണ് ഇപ്പോൾ താരം. മലയാള സിനിമയിൽ മമ്മൂട്ടി ഇടപെട്ട് അവസരങ്ങൾ ഇല്ലാതാക്കിയെന്ന ആരോപണങ്ങളിൽ താരം പ്രതികരിച്ചു. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലെ വാക്കുകൾ ഇങ്ങനെ
'മമ്മൂട്ടി ഇടപെട്ട് എന്റെ അവസരങ്ങൾ ഇല്ലാതാക്കിയെന്ന് ഞാനും പല കമന്റുകൾ കണ്ടിട്ടുണ്ട്. അറിഞ്ഞിട്ടുണ്ട്. അങ്ങനെ ചില പടങ്ങളിൽ നിന്ന് എന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന്. കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നി. മുൻപ് ഞാൻ അത് അമ്മ സംഘടനയുടെ പ്രസിഡന്റായ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞിരുന്നു. ജനറൽ ബോഡി നടക്കുമ്പോഴായിരുന്നു പറഞ്ഞത്. ഇതോടെ അദ്ദേഹം പറഞ്ഞു ഞാൻ ചോദിക്കാമെന്ന്. എന്നാൽ ഞാൻ തടഞ്ഞു.
എനിക്ക് അതിൽ പരാതിയില്ല, വിഷമവുമില്ല എന്ന് അദ്ദേഹത്തോട് പറയണമെന്ന് പറയാൻ പറഞ്ഞു.കാരണം ഞാനും മമ്മൂക്കയുമൊക്കെ വിശ്വസിക്കുന്ന ഒരു പടച്ചോൻ ഉണ്ടല്ലോ. പടച്ചോൻ വിചാരിച്ചാലല്ലേ എനിക്ക് എന്തെങ്കിലും കിട്ടൂ. പടച്ചോൻ തരാൻ വിചാരിച്ചൊരു സാധനം ആര് വിചാരിച്ചാലും തരാനും പറ്റില്ല, തടുക്കാനും പറ്റില്ല. മമ്മൂട്ടി എന്റെ അവസരങ്ങൾ ഇല്ലാതാക്കിയ വാർത്തകളിൽ എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ല.

സിനിമയിൽ നിന്നും ഞാൻ മാറി നിന്നതല്ല. അവസരങ്ങൾ ഇല്ലാതായതാണ്. സിനിമയുടെ ട്രെന്റ് മാറിയപ്പോൾ ഞാൻ ചെയ്യുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ഇല്ലാതായി. സ്ത്രീ കഥാപാത്രങ്ങൾക്കേ പ്രധാന്യം ഇല്ലാതായി. എന്നിരുന്നാലും ഇടക്കിടെ ചില റോളുകൾ ലഭിച്ചിരുന്നു. സിനിമയിൽ സജീവമല്ലെന്നേ ഉള്ളൂ. സീരിയലുകളിലും സ്റ്റേജ് ഷോകളിലുമെല്ലാം ഭാഗമാകുന്നുണ്ട്', താരം വ്യക്തമാക്കി.
അൽപം രാഷ്ട്രീയം...
ഞാനൊരു ഇടതുപക്ഷ സഹയാത്രികയാണ്. ആലപ്പുഴയിൽ ആൽഫി ജയിക്കും. ഇത്തവണ എൽ ഡി എഫിന് 20 സീറ്റും കിട്ടണമെന്നാണ് ആഗ്രഹണം. കൂടുതൽ സീറ്റ് എന്തായാലും ലഭിക്കും. 12 വരെ സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.മികച്ച സർക്കാർ ആരാണ് പിണറായി സർക്കാർ. കൊവിഡ് വന്ന സമയത്തും പ്രളയം വന്ന സമയത്തുമെല്ലാം ഇടത് സർക്കാർ ജനങ്ങളെ എങ്ങനെയാണ് ചേർത്ത് പിടിച്ചത്. എത്ര നല്ലത് ചെയ്താലും ചെറിയൊരു പോരായ്മ ഉണ്ടെങ്കിൽ അതിന് വലിയ രീതിയിൽ ചർച്ചയാക്കാൻ നോക്കും. നമ്മുടെ നാട്ടിലെ വികസനം തന്നെ നോക്കൂ. ഞങ്ങളുടെ ആലപ്പുഴയിൽ തന്നെ നോക്കിയാൽ മതിയല്ലോ', താരം പറഞ്ഞു.












Click it and Unblock the Notifications