Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജിവച്ചിട്ട് നാലു ദിവസങ്ങള്‍; മമത കുല്‍ക്കര്‍ണി വീണ്ടും മഹാമണ്ഡലേശ്വര്‍ പദവിയില്‍

ന്യൂഡല്‍ഹി: തൊണ്ണൂറുകളില്‍ ബോളിവുഡിന്റെ ഹരമായിരുന്ന താരസുന്ദരി മമത കുല്‍ക്കര്‍ണി ലൗകിക ജീവിതം വെടിഞ്ഞ് ആത്മീയ പാതയിലേക്കു തിരിഞ്ഞതും സന്ന്യാസിനിയായതുമൊക്കെ ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. സന്ന്യാസ ദീക്ഷ സ്വീകരിച്ച നടി മമത കുല്‍ക്കര്‍ണിയെ ട്രാന്‍സ്ജെന്‍ഡര്‍ സന്യാസിമാരുടെ കൂട്ടായ്മയായ കിന്നര്‍ അഖാഡയുടെ മഹാമണ്ഡലേശ്വര്‍ പദവിയില്‍ അവരോധിക്കുകയും ചെയ്തു. മഹാകുംഭമേളയ്ക്കിടെ പ്രയാഗ് രാജില്‍ കഴിഞ്ഞ ജനുവരി 24-നായിരുന്നു ചടങ്ങുകള്‍ നടന്നത്. ആചാര്യ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠിയാണ് സന്യാസദീക്ഷ നല്‍കിയത്. ശ്രീ യാമൈ മമത നന്ദ് ഗിരി എന്ന പേരും സ്വീകരിച്ചു.

എന്നാല്‍ നടിയുടെ വിവാദം നിറഞ്ഞ ജീവിതം ചൂണ്ടിക്കാട്ടിയും സന്യാസിനിയാകാനുള്ള യോഗ്യതയെ ചോദ്യം ചെയ്തും മറ്റു സന്യാസിമാര്‍ ഉള്‍പ്പെടെ രംഗത്തുവന്നു. ക്രിമിനല്‍ പശ്ചാത്തലമടക്കം ചൂണ്ടിക്കാട്ടി വിമര്‍ശനം ശക്തമായതോടെ മമത മഹാമണ്ഡലേശ്വര്‍ പദവിയില്‍ നിന്നു രാജിവച്ചു. മഹാമണ്ഡലേശ്വറായി തന്നെ നിയമിച്ചത് കിന്നര അഖാഡയില്‍ തര്‍ക്കത്തിനു വഴിവച്ചതിനാല്‍ രാജിവയ്ക്കുന്നു എന്നായിരുന്നു മമത പറഞ്ഞത്. ഒരു സാധ്വിയായി ഇനിയും തുടരുമെന്നും അവര്‍ അറിയിച്ചു.

mamta kulkarni

എന്നാല്‍ ഇപ്പോള്‍ ഈ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. വിവാദങ്ങള്‍ക്കൊടുവില്‍ രാജിവച്ചതായുള്ള പ്രഖ്യപാനത്തിനു ശേഷം ദിവസങ്ങള്‍ക്കകം മഹാമണ്ഡലേശ്വര്‍ പദവിയിലേക്ക് മമത തിരിച്ചെത്തിയിരിക്കുകയാണ്. തന്റെ രാജി അംഗീകരിക്കാന്‍ ആചാര്യ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠി തയാറായില്ലെന്നാണ് മമത കുല്‍ക്കര്‍ണി ഇപ്പോള്‍ പറയുന്നത്. ഗുരുവിന്റെ കീഴില്‍ വീണ്ടും സനാതന ധര്‍മ്മം പിന്തുടരാന്‍ തീരുമാനിച്ചുവെന്നും അവര്‍ പറഞ്ഞു. ഒരു വീഡിയോയിലൂടെയാണ് പദവിയിലേക്ക് തിരിച്ചെത്തുന്ന വിവരം മമത അറിയിച്ചത്.

'രണ്ട് ദിവസം മുമ്പ്, എന്റെ ഗുരുവായ ഡോ. ആചാര്യ ലക്ഷ്മി നാരായണ്‍ ത്രിപാഠിക്കെതിരെ ചിലര്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചു. തുടര്‍ന്നുണ്ടായ വൈകാരിക പ്രതികരണമായിരുന്നു രാജി. എന്നാല്‍ എന്റെ രാജി ഗുരു സ്വീകരിച്ചിട്ടില്ല. മഹാമണ്ഡലേശ്വറായപ്പോള്‍ ഞാന്‍ സമര്‍പ്പിച്ച വഴിപാടുകള്‍, രാജകീയ കുട, വടി, മറ്റ് പുണ്യവസ്തുക്കള്‍ എന്നിവ അഖാഡയ്ക്ക് അവകാശപ്പെട്ടതായിരിക്കും. മഹാമണ്ഡലേശ്വറായി എന്നെ പുനഃസ്ഥാപിച്ചതിന് ഗുരുവിനോട് എനിക്ക് നന്ദിയുണ്ട്. മുന്നോട്ടുള്ള പാതയില്‍ കിന്നര്‍ അഖാഡയ്ക്കും സനാതന ധര്‍മ്മത്തിനും വേണ്ടി ഞാന്‍ എന്റെ ജീവിതം സമര്‍പ്പിക്കുന്നു - ഇതായിരുന്നു മമത കുല്‍ക്കര്‍ണി വീഡിയോയില്‍ പറഞ്ഞത്.

കിന്നര്‍ അഖാഡയ്ക്കുള്ളിലെ ആഭ്യന്തര കലഹങ്ങളാണ് മമതയുടെ രാജിയിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കിന്നര്‍ അഖാഡ സ്ഥാപകനായ അജയ് ദാസും ആചാര്യ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠിയും തമ്മില്‍ അധികാരത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതാണ് വിവാദങ്ങളിലേക്കു നയിച്ചത്. ലക്ഷ്മി നാരായണ്‍ ത്രിപാഠി മമതയെ മഹാമണ്ഡലേശ്വറാക്കിയത് തന്നോട് ആലോചിക്കാതെയാണെന്നാണ് അജയ് ദാസ് ആരോപിച്ചത്.

നിയമങ്ങള്‍ മറികടന്ന് ഒറ്റരാത്രികൊണ്ടാണ് മമതയെ മഹാമണ്ഡലേശ്വര്‍ പോലുള്ള വലിയ പദവിയില്‍ അവരോധിച്ചതെന്ന് അജയ് ദാസ് കുറ്റപ്പെടുത്തി. തുടര്‍ന്ന് മമതയെയും ത്രിപാഠിയെയും പുറത്താക്കിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ത്രിപാഠി നിഷേധിച്ചു. അജയ് ദാസിനെ വര്‍ഷങ്ങള്‍ക്കു മുന്‍പേ അഖാഡയില്‍ നിന്ന് പുറത്താക്കിയിരുന്നു എന്നാണ് ത്രിപാഠി പറഞ്ഞത്.

എന്നാല്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, മമത പദവിയില്‍ തുടരുമെന്നും അവരുടെ രാജി സ്വീകരിക്കില്ലെന്നും ത്രിപാഠി വ്യക്തമാക്കി. അതേസമയം, മമതയുടെ നിയമനത്തെച്ചൊല്ലി കിന്നര്‍ അഖാഡയും മറ്റ് സന്യാസിമാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് മമതയുടെ രാജിയിലേക്കു നയിച്ചതെന്ന് മഹാമണ്ഡലേശ്വര്‍ കൗസല്യ നന്ദ് ഗിരി പി.ടി.ഐയോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+