കലാഭവൻ മണി പൃഥ്വിരാജിന്റെ കാല് പിടിക്കാൻ മടിച്ചു; മമ്മൂട്ടി ചെയ്യാൻ തയ്യാറാവാത്തതിനെ കുറിച്ചും ലാൽ ജോസ്
ചില രംഗങ്ങൾ താരങ്ങൾ അഭിനയിക്കാൻ തയ്യാറാകാത്തതിനെ കുറിച്ച് പല സംവിധായകരും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ തനിക്കുണ്ടായ അനുഭവം പറയുകയാണ് സംവിധായകൻ ലാൽ ജോസ്. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തെ കുറിച്ചും പട്ടാളം എന്ന മമ്മൂട്ടി ചിത്രത്തെ കുറിച്ചുമാണ് ലാൽ ജോസ് സംസാരിച്ചത്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
'അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ പൃഥ്വിരാജിന്റെ കാല് പിടിക്കുന്ന സീൻ മണി ചെയ്യാൻ വിമുഖത കാട്ടിയിരുന്നു. എന്റെ കുഞ്ഞിനെ ചികിത്സിക്കണം എന്ന് പറയുന്ന സീനാണത്. അത് ഭയങ്കര ഓവറായിരിക്കുമെന്ന് മണി പറഞ്ഞു. ന്യൂജനറേഷൻ ആളുകളൊക്കെ വളരെ സട്ടിലായിട്ടുള്ള ആളുകൾ ആയത് കൊണ്ട് ഇത് ഭയങ്കര ഓവറായിരിക്കും ഡ്രമാറ്റിക്കായി ഫീൽ ചെയ്യും എന്നൊക്കെ മണിക്ക് തോന്നി. ഞാൻ പഴയ ആളാണല്ലോ , പഴയ രീതിയിലാണ് ചെയ്യുന്നതെന്ന തോന്നൽ തീർച്ചയായും കാണും അത് സ്വാഭാവികമാണ്.

ആക്ടേഴ്സിന് എപ്പോഴും ഡയറക്ടറിൽ സംശയം കാണും. അവർ കറക്ടായിട്ടുള്ള കാര്യങ്ങളാണോ തങ്ങളെ കൊണ്ട് ചെയ്യിക്കുന്നതെന്ന് സ്വയം വെരിഫൈ ചെയ്തോണ്ടിരിക്കും. ഇല്ലെങ്കിൽ അവരാണ് കുഴപ്പത്തിലാകുക. എന്തായാലും ആ സീനിൽ മണി ഇങ്ങനെ തന്നെ വേണമെന്ന് ഞാൻ നിർബന്ധം പറഞ്ഞു. എന്റെ് ഓഫ് ദി ഡേ എന്റെ സിനിമയാണ്. പുതിയ ജനറേഷന് ഇഷ്ടമായില്ലെങ്കിലും ഇത് എന്റെ സിനിമയാണ് എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് വേണ്ടെന്ന് വെയ്ക്കണമെങ്കിൽ ആദ്യം നീ എന്നെ കൺവിൻസ് ചെയ്യൂ, തൃപ്തിപ്പെടുത്തൂ, എന്നിട്ട് നാട്ടുകാരുടെ കാര്യം തീയറ്ററിൽ വരുമ്പോഴല്ലേ നോക്കാം എന്ന് പറഞ്ഞു. ഏറ്റവും അധികം അംഗീകരിക്കപ്പെട്ട സീനാണത്. ഇമോഷൻസിന് ന്യൂജനറേഷൻ എന്നോ ഓൾഡ് ജനറേഷൻ എന്നോ ഇല്ല.
പട്ടാളം സിനിമയിൽ മണിയ്ക്ക് കരയാൻ കുറച്ച് മടി ഉണ്ടായിരുന്നില്ലേയെന്ന ചോദ്യത്തിന് മണിക്ക് മാത്രമല്ല പല താരങ്ങളും പല രംഗങ്ങളും ചെയ്യാൻ മടിച്ചിട്ടുണ്ടെന്ന് ലാൽ ജോസ് പറഞ്ഞു. ' അഭിനേതാക്കളെ കൺവിൻസ് ചെയ്യുകയെന്നതാണ് പ്രധാനം. പല രംഗങ്ങും മമ്മൂട്ടി ചെയ്യാൻ മടിച്ചിട്ടുണ്ട്. ഞാനത് ചെയ്യില്ല, ചെയ്താൽ ഓവറാകും എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതെപ്പോഴും ഒരു നടന്റെ ഉള്ളിലുള്ള കാര്യമാണ്. പട്ടാളം സിനിമയിൽ ഒരു ഡാൻസ് ചെയ്യാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ ഞാനത് ചെയ്യില്ല, ചെയ്താൽ ആൾക്കാര് അംഗീകരിക്കില്ലെന്ന് പറഞ്ഞു. എന്നാൽ ഡാൻസ് അറിയാത്ത ആളാണ് അങ്ങനെ ചെയ്താൽ മതിയെന്ന് ഞാൻ പറഞ്ഞു, അദ്ദേഹം ഒരു മേജറായി അഭിനയിക്കുകയാണല്ലോ. അപ്പോൾ ഡാൻസ് അറിയുക ഉണ്ടാവില്ല. അതുകൊണ്ട് ആഘോഷത്തിന്റെ ഒപ്പം കൂടുമ്പോൾ അയാളും ഒരു മൂവ്മെന്റ് ചെയ്ത് പോയി , അങ്ങനെ ആളുകൾ കാണും എന്ന് പറഞ്ഞു. അങ്ങനെയൊക്കെയാണ് പല ആൾക്കാരെ കൊണ്ടും പലതുമൊക്കെ ചെയ്യിപ്പിച്ചിട്ടുള്ളത്', ലാൽ ജോസ് പറഞ്ഞു.
അഴകിയ രാവൺ എന്ന സിനിമയിലെ രസകരമായ ഒരു സംഭവത്തെ കുറിച്ചും ലാൽ ജോസ് സംസാരിച്ചു. ഇന്നസെന്റിന് തോന്നക്കൽ പഞ്ചായത്ത് എന്ന ഡയലോഗ് പറഞ്ഞ് കൊടുത്തപ്പോൾ ചിരി വന്നിരുന്നോയെന്ന ചോദ്യത്തിനാണ് ലാൽ ജോസ് മറുപടി നൽകിയത്. 'ഞാൻ ചിരിച്ചില്ല, അത് അഭിനയമാണല്ലോ, ചിരിച്ചില്ലെന്ന് മാത്രമല്ല ടെൻഷൻ അടിച്ചോണ്ടാണ് പറഞ്ഞ് കൊടുത്തത്. തെറ്റിച്ചാൽ കമൽ സാറിന്റെ കൈയ്യിൽ നിന്ന് കേൾക്കേണ്ടി വരും. ഷൂട്ട് ചെയ്യുന്നതിന് മുൻപ് ആ സീൻ സെറ്റിൽ ഭയങ്കര ചിരിയുണ്ടാക്കിയിരുന്നു. പക്ഷെ ഷൂട്ടിൽ വരുമ്പോൾ ചിരിക്കാൻ പറ്റില്ലല്ലോ', ലാൽ ജോസ് പറഞ്ഞു.












Click it and Unblock the Notifications