'ബോഡി ഷെയിമിങ് ഇന്നും നേരിടുന്നു'; കഴിഞ്ഞ ദിവസം ട്രെയിനില്‍ സംഭവിച്ചത്, മഞ്ജു പത്രോസ് പറയുന്നു
കൊച്ചി: ഫേസ്ബുക്കിലൂടേയും മറ്റും തുറന്ന് പറഞ്ഞ ഒരുകാര്യങ്ങളും വേണ്ടായിരുന്നുവെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്ന് നടി മഞ്ജു പത്രോസ്. എനിക്ക് ശരിയെന്ന് തോന്നിയിട്ടുള്ള കാര്യങ്ങളാണ് ഇതുവരെ പറഞ്ഞിട്ടുള്ളത്. അത് മറ്റുള്ളവർക്ക് എത്രമാത്രം ശരിയാണെന്ന് എനിക്ക് അറിയില്ല. അതിന് വരുന്ന കമന്റുകളൊന്നും വായിച്ച് നോക്കാറില്ലെന്നും മഞ്ജു പത്രോസ് പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ഇഷ്ടം പോലെ ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിരുന്നു. ഈ അടുത്ത് മാഹിയില്‍ ഒരു പരിപാടി ഉണ്ടായിരുന്നു. 6.30 ന് തുടങ്ങുമെന്ന് പറഞ്ഞിട്ട്, ശരിക്കും പരിപാടി തുടങ്ങുമ്പോള്‍ 8.30 ആയി. 9.45 എനിക്ക് തിരികെ വരാനുള്ള ട്രെയിനാണ്. പെട്ടെന്ന് തന്നെ സംസാരിപ്പിച്ച് അവർ എന്നെ വിട്ടു. സെറ്റ് സാരിയൊക്കെ ഉടുത്ത് ആകെ വിയർത്താണ് ഞാന്‍ ട്രെയിനിലേക്ക് എത്തുന്നത്.

ട്രെയിനില്‍ കയറിയപ്പോള്‍ ബെർത്തില്‍ ഒരു ചേട്ടന്‍ ഇരിക്കുന്നുണ്ട്. എന്റെ പപ്പയുടെയൊക്കെ പ്രായം കാണും. എന്നെ നോക്കിയിട്ട് മഞ്ജു പത്രോസ് അല്ലേ എന്ന് ചോദിച്ചു. "എന്തായിത് വണ്ണം വെച്ച് എവിടെ പോകുന്നു" എന്നായിരുന്നു അടുത്ത ചോദ്യം. ഞാന്‍ കരുതി എന്നെ നേരത്തെ അറിയുന്നതായിരിക്കുമെന്ന്. ചോദിച്ചപ്പോള്‍ അറിയില്ല. പാവം പിടിച്ച ഒരു മനുഷ്യനാണ്. എന്നെ വേദനിപ്പിക്കാന്‍ പറയുന്നതല്ല. എന്നാല്‍ എനിക്ക് പിന്നെ ആ ചേട്ടനോട് സംസാരിക്കാന്‍ തോന്നിയില്ല.
ഇങ്ങനെ വണ്ണം വെച്ചിട്ട് അസുഖങ്ങളൊന്നും ഇല്ലേ എന്നായിരുന്നു അടുത്ത ചോദ്യം. ഞാന്‍ പതിയെ അവിടുന്നു മാറി. പിന്നെ ഡ്രസ്സൊക്കെ മാറി വന്ന് ഒരാളെ ആദ്യം കാണുമ്പോള്‍ സുഖമാണോ എന്ന് ചോദിച്ചാല്‍ നമുക്കും ഒരു സുഖം ഉണ്ടാകും കേള്‍ക്കുന്നയാള്‍ക്കും സുഖമുണ്ടാകും എന്ന് പറഞ്ഞു. "അയ്യോ.. ഞാന്‍ അങ്ങനെ പറഞ്ഞതല്ല, തമാശ പറഞ്ഞതാണ്" എന്നായിരുന്നു പുള്ളിയുടെ മറുപടി. ഇത്തരത്തില്‍ തമാശയിലൂടെ വേദനിപ്പിക്കുന്ന ബോഡി ഷെയിമിങ്ങും ഉണ്ടായിട്ടുണ്ടെന്നും മഞ്ജു പത്രോസ് പറയുന്നു.
ജീവിത്തില്‍ ഉടനീളം ബോഡി ഷെയിമിങ്ങിന് ഇരയായിട്ടുണ്ട്. എപ്പോഴും അത് തിരുത്താന്‍ ശ്രമിക്കും. അപ്പുറത്ത് ഇരിക്കുന്ന ആള്‍ പ്രശ്നമുണ്ടാക്കും എന്ന് കരുതിയാണ് പലരും ഇത്തരം ബോഡി ഷെയിമിങ് കോമഡികള്‍ ഒഴിവാക്കുന്നത്. അത് അല്ല വേണ്ടത്. അതിലെ പ്രശ്നം അവർ തന്നെ യഥാർത്ഥത്തില്‍ തിരിച്ചറിയുകയാണ് വേണ്ടത്.
ട്രോളുകളൊന്നും വിഷമിപ്പിക്കാറില്ല. അതൊക്കെ ആസ്വദിക്കാറുണ്ട്. അല്ലെങ്കില്‍ തന്നെ ബിഗ് ബോസില്‍ നിന്നും വന്ന ആരെങ്കിലും ഇതൊക്കെ കണ്ട് വിഷമിക്കുമോ? കുടുംബ ബന്ധങ്ങള്‍ നിലനിർത്താന്‍ തന്നെയാണ് ശ്രമിക്കുന്നത്. പാളിച്ചകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ അത് തിരുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകട്ടെ. ദൈവം എന്താണ് നമുക്കായി കരുതിവെച്ചിരിക്കുന്നതെന്ന് അറിയില്ലാലോയെന്ന് മഞ്ജു പത്രോസ് പറയുന്നു.












Click it and Unblock the Notifications