'മലൈക്കോട്ടെ വാലിബൻ, പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓർമ്മിച്ചു'; മഞ്ജു വാര്യരുടെ റിവ്യൂ
കൊച്ചി: മോഹൻലാൽ-ലിജോ ജോസ് പല്ലിശേരി കൂട്ടുകെട്ടിലൊരുങ്ങിയ മലൈകോട്ടൈ വാലിബനെ കുറിച്ച് കുറിപ്പുമായി നടി മഞ്ജു വാര്യർ. ലിജോ ജോസ് പെല്ലിശേരി എങ്ങനെ വ്യത്യസ്ത ആശയങ്ങളിലൂടെയും ചിത്രീകരണരീതികളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചോ അതു വാലിബനിലും തുടരുന്നുവെന്ന് മഞ്ജു കുറിച്ചു. മലയാളത്തിൽ അദ്ദേഹത്തിനു മാത്രം ചെയ്യാനാവുന്ന ഒന്നാണ് വാലിബൻ. ട്രെയിലർ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് മലൈക്കോട്ടൈ വാലിബൻ കണ്ടതെന്നും പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ സിനിമ ഓർമ്മിപ്പിച്ചുവെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'സിനിമയിൽ സൃഷ്ടിച്ചെടുക്കാൻ പ്രയാസമുള്ള രണ്ട് കാര്യങ്ങളാണ് നർമവും ഫാന്റസിയും. അതിലെ അയുക്തികളാണ് അതിന്റെ സൗന്ദര്യം. ഗന്ധർവനും യക്ഷിയുമൊക്കെ നമ്മുടെ കഥാപരിസരങ്ങളിൽ എപ്പോഴും ചുറ്റിത്തിരിയുന്നവരാണ്. അതിന്റെ യുക്തിഭദ്രത ചോദ്യം ചെയ്യുന്നതിൽ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ട്രെയിലർ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് മലൈക്കോട്ടൈ വാലിബൻ കണ്ടത്. ചതിയൻമാരായ മല്ലൻമാരും, കുബുദ്ധിക്കാരായ മന്ത്രിമാരും, ചോരക്കൊതിയൻമാരായ രാജാക്കൻമാരും, ക്രൂരൻമാരായ പടയാളികളും, ഒപ്പം നല്ലവരായ ജനങ്ങളും, നർത്തകരും, മയിലാട്ടക്കാരും, എല്ലാം പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓർമ്മിപ്പിച്ചു.

കടുംചായം കോരിയൊഴിച്ചൊരു കാൻവാസ് പോലെ ഭ്രമിപ്പിക്കുന്നു മധു നീലകണ്ഠന്റെ ഫ്രെയിമുകൾ. തിയറ്ററിൽ നിന്നിറങ്ങിയിട്ടും മനസ്സിൽ പെരുമ്പറകൊട്ടുന്ന പ്രശാന്ത് പിള്ളയൊരുക്കിയ പശ്ചാത്തല സംഗീതം. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ! വാലിബൻ ഒരു കംപ്ലീറ്റ് എൽ.ജെ.പി സിനിമയാണ്. ഇതിനു മുൻപ് അദ്ദേഹം എങ്ങനെ വ്യത്യസ്ത ആശയങ്ങളിലൂടെയും ചിത്രീകരണരീതികളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചോ അതു വാലിബനിലും തുടരുന്നു. മലയാളത്തിൽ അദ്ദേഹത്തിനു മാത്രം ചെയ്യാനാവുന്ന ഒന്ന്', പോസ്റ്റിൽ മഞ്ജു പറഞ്ഞു.
വ്യാഴാഴ്ചയായിരുന്നു മലൈകോട്ടെ വാലിബൻ റിലീസായത്. പതിവ് ലിജോ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത് പോലെ തന്നെ സമ്മിശ്ര പ്രതികരമാണ് ചിത്രത്തിന് ലഭിക്കുന്നത്. ലിജോ ജോസിന്റെ പതിവ് ക്ലാസ് ചിത്രമാണെന്നാണ് ചിലരുടെ അഭിപ്രായം. മലയാളത്തിൽ ലിജോ ജോസിന് മാത്രം സാധിക്കുന്നൊരു ചിത്രം കൂടിയാണ് വാലിബൻ എന്നും ഇവർ പറയുന്നു. അതേസമയം മോഹൻലാലിൽ നിന്നും മാസ് പ്രതീക്ഷിച്ച് പോയ ആരാധകർ പലരും കടുത്ത നിരാശയാണ് രേഖപ്പെെടുത്തിയത്.












Click it and Unblock the Notifications