ഉല്ലാസ് ചേട്ടന്റെ വീഡിയോ കണ്ട് മഞ്ജു വാര്യരും ബാലയും വിളിച്ചു; ഇപ്പോള്‍ പറയാനുള്ളത് സന്തോഷ വാര്‍ത്ത
നടനും ടെലിവിഷന്‍ കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ആരോഗ്യാവസ്ഥ അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. പരിപാടികളില്‍ നിന്ന് ഇടവേളയെടുത്ത അദ്ദേഹം കഴിഞ്ഞ ആഴ്ചയാണ് തനിക്ക് എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയത്. സ്‌ട്രോക്ക് വന്ന് ബുദ്ധിമുട്ടി നടക്കുന്ന ഉല്ലാസിന്റെ വീഡിയോയും അതിവേഗത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
കൈകാലുകള്‍ക്ക് സ്വാധീനക്കുറവ് ഉള്ളതിനാല്‍ സ്റ്റിക്ക് ഉപയോഗിച്ച് വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം നടക്കുന്നത്. മുഖത്തെ ഒരു ഭാഗത്തിനും വ്യത്യാസം ഉണ്ടായിരുന്നു. ഒരു സ്വകാര്യ ചടങ്ങിന് എത്തിയ ഉല്ലാസ് പന്തളത്തെ അന്ന് ടെലിവിഷന്‍ അവതാരകയായ ലക്ഷ്മി നക്ഷത്രയാണ് കൈപിടിച്ച് വേദിയിലേക്ക് കയറ്റിയത്.
അന്ന് ഏറെ വികാരാധീനനായാണ് ഉല്ലാസ് പന്തളത്തെ കാണപ്പെട്ടത്. ഏറെ സങ്കടപ്പെട്ടാണ് അദ്ദേഹം ആ പരിപാടിയില്‍ നിന്നും മടങ്ങിപ്പോയത്. സോഷ്യല്‍ മീഡിയയില്‍ അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കാനാണ് തന്റെ ആരോഗ്യ വിവരം പങ്കുവയ്ക്കാന്‍ മടിച്ചതെന്ന് ഉല്ലാസ് പന്തളം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ലക്ഷ്മി നക്ഷത്രയുടെ നിര്‍ബന്ധത്തിലാണ് ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് എത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, അന്നത്തെ ഉല്ലാസ് ചേട്ടന്റെ ആ വീഡിയോയ്ക്ക് ശേഷം നിരവധി സെലിബ്രിറ്റികള്‍ വിളിച്ചിരുന്നുവെന്ന് ലക്ഷ്മി നക്ഷത്ര പറഞ്ഞു. ഒരു പരിപാടിക്ക് എത്തിയപ്പോഴായിരുന്നു ലക്ഷ്മി നക്ഷത്രയുടെ പ്രതികരണം.

ലക്ഷ്മിയുടെ വാക്കുകള്‍: ആ വീഡിയോ വന്ന ശേഷം ഒരുപാട് പോസിറ്റീവായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആ ചടങ്ങിനു ശേഷമാണ് 90 ശതമാനം ആളുകള്‍ക്കും ഉല്ലാസ് ചേട്ടന്റെ യഥാര്‍ത്ഥ സിറ്റുവേഷന്‍ എന്താണെന്ന് മനസിലായത്. വീഡിയോ കണ്ട് മഞ്ജു ചേച്ചി (മഞ്ജു വാര്യര്‍) വിളിച്ചിരുന്നു. ചേച്ചിയെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന സഹായങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞു. നടന്‍ ബാല, പക്രു ചേട്ടന്‍, നാദിര്‍ഷ എന്നിവരൊക്കെ വിളിച്ചിരുന്നു. ചേട്ടന്റെ ഫിസിയോതെറാപ്പി ഒരു ബ്രാന്‍ഡ് ഏറ്റെടുത്തു. അങ്ങനെ ഒരുപാട് നല്ല കാര്യങ്ങള്‍ ഉണ്ടായി. 28ന് ഞാന്‍ ഉല്ലാസ് ചേട്ടനെ കാണാന്‍ പോകുന്നുണ്ട്.
ഉല്ലാസ് ചേട്ടന്‍ ഇപ്പോള്‍ ഭയങ്കര ഹാപ്പിയാണ്. വാക്കിംഗ് സ്റ്റിക്ക് ഇല്ലാതെ തന്നെ അദ്ദേഹം നടന്നു തുടങ്ങി. ഒരുപാട് പ്രേക്ഷകരുടെ പ്രാര്‍ത്ഥനയുടെ ഫലമാണിത്. ഉല്ലാസ് ചേട്ടന്റെ ഭാര്യ ദിവ്യ എന്നെ വിളിച്ച് ഒരുപാട് പേര്‍ പുഷ്പാര്‍ച്ചന നടത്തിയ രസീത് കാണിച്ചു തന്നു. ആരാണ് എന്നൊന്നും അറിയില്ല. വാട്‌സാപ്പില്‍ ഇങ്ങനെ ഒരുപാടു പേര്‍ അയച്ചു കൊണ്ടിരിക്കുകയാണ്. ചേട്ടനു വേണ്ടി പുഷ്പാഞ്ജലി നടത്തി എന്നു പറഞ്ഞ്.
അവരുടെയും പ്രേക്ഷകരുടെയും പ്രാര്‍ത്ഥന ആയിരിക്കും പുള്ളിയെ പോസിറ്റീവ് ആക്കി മാറ്റിയത്. വൈകാതെ തന്നെ ഉല്ലാസ് ചേട്ടനെ പുലിക്കുട്ടിയായി സ്‌ക്രീനില്‍ കാണാന്‍ കഴിയും. നല്ലൊരു കാര്യത്തിന്റെ ചെറിയൊരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് - ലക്ഷ്മി നക്ഷത്ര കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications