ദിലീപിന്റെ ഭാര്യക്ക് വേണ്ടിയാണെന്ന് പറഞ്ഞു: ദിലീപ് ആരാണെന്ന് ചോദിച്ചു: അന്നാണ് മഞ്ജു വാര്യറെ ആദ്യമായി കണ്ടത്
ജന്മം കൊണ്ട് അസം സ്വദേശിയാണെങ്കിലും ഇന്ന് മലയാളത്തിലെ ഏറ്റവും അറിയപ്പെടുന്ന സെലിബ്രറ്റി മേക്കപ്പ് അർട്ടിസ്റ്റുകളില്‍ ഒരാളാണ് ജാന്മോണി ദാസ്. വിഖ്യാത ഗായകന്‍ ഭൂപന്‍ ഹസാരികയുടെ ബന്ധു കൂടിയായ ജാന്മോണിയെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ മത്സരിക്കാന്‍ എത്തിയതോടെ മലയാളി ടിവി പ്രേക്ഷകർക്കും കൂടുതല്‍ സുപരിചിതയായി.
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, നസ്രിയ നസീം, നേഹ സക്സേന, രഞ്ജിനി ഹരിദാസ്, ശോഭ വിശ്വനാഥ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയ നിരവധി പ്രമുഖർക്ക് വേണ്ടി മേക്കപ്പ് ചെയ്തിട്ടുണ്ട് ജാന്മോണി. ഇന്ന് ഈ രംഗത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിക്കുന്നവരില്‍ ഒരാളുമാണ് അവർ. 2021 വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും പൗരാണിക ശേഖരമുള്ള ബ്രൈഡല്‍ സ്റ്റുഡിയോ അവർ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ താനും മഞ്ജു വാര്യറും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് ജാന്മോണി ദാസ്.

മേക്കപ്പ് ചെയ്ത സെലിബ്രിറ്റികളില്‍ ഏറ്റവും ഫേഫറിറ്റ് ആരാണെന്ന് ചോദിച്ചാല്‍ മഞ്ജു വാര്യർ, രഞ്ജിമ, പൂർണ്ണിമ, ശ്വേത, ഭാവന, അമല, ഷംന, നവ്യ അങ്ങനെ കുറേയധികം ആളുകളുണ്ട്. മഞ്ജു ചേച്ചി തന്ന സാരിയാണ് ഇപ്പോള്‍ അണിഞ്ഞിരിക്കുന്നത്. അവർ ഉപയോഗിച്ച സാരി അലക്കുക പോലും ചെയ്യാതെയാണ് ഞാന്‍ ഉടുക്കുന്നതെന്നും ജാന്മോണി ദാസ് പറയുന്നു. കൈരളി ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
മഞ്ജു ചേച്ചിയെ മേക്കപ്പ് ചെയ്യാനായി ആദ്യമായി വിളിക്കുന്നത് പൂർണ്ണിമ ചേച്ചിയാണ്. എന്റെ ഒരു ഫോട്ടോഷൂട്ട് ഉണ്ട് ചെയ്യുമോ എന്നായിരുന്നു അവർ ചോദിച്ചത്. ചെയ്യാലോ.. ആരാ ആള്‍ എന്ന് ചോദിച്ചപ്പോള്‍ ദിലീപിന്റെ ഭാര്യയാണ് എന്ന് പറഞ്ഞു. ആ സമയത്ത് ഞാന്‍ ജസ്റ്റ് വന്നിട്ടേയുള്ളു. ആരാണ് ഇതൊക്കെയെന്ന് സത്യം പറഞ്ഞാല്‍ എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ ആരാണ് ദിലീപ് എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ പൂർണ്ണിമചേച്ചി പറഞ്ഞത് 'ജാനു.. എന്റെ സുഹൃത്താണ്. നീ മേക്കപ്പ് ചെയ്യൂ' എന്ന് പറഞ്ഞു. അതായത് എന്നെ ഇതൊക്കെ പറഞ്ഞ് മനസ്സിലാക്കിക്കാന്‍ ചേച്ചിക്ക് ബുദ്ധിമുട്ടായിരുന്നു.
ഞാന്‍ പോയി നോക്കുമ്പോള്‍ നല്ല ഒരു സുന്ദരി. മാഗസിന്‍ കവറിന് വേണ്ടിയാണ്. സ്റ്റാർ ആന്‍ഡ് സ്റ്റൈല്‍ മാഗസിന്റെ ആദ്യ എഡിഷന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിനാണ്. ഞാനും ശശാങ്കുമാണ് പോയതെങ്കിലും മേക്കപ്പിനുള്ള ചില സാധനങ്ങള്‍ എടുക്കാന്‍ മറന്ന് പോയിരുന്നു. എങ്കിലും ഞങ്ങള്‍ ഒപ്പിച്ച് തന്നെ, നന്നായി മേക്കപ്പ് ചെയ്തു.
ആ സമയത്താണ് ഞാന്‍ ആദ്യമായി മഞ്ജു ചേച്ചിയെ കാണുന്നത്. ഞാന്‍ ഇവിടേക്ക് വരുന്ന സമയത്ത് അവർ സിനിമയില്‍ സജീവമായിരുന്നല്ലോ. ഇന്നത്തെപ്പോലെ സോഷ്യല്‍ മീഡിയയും ഇല്ല. ഞാന്‍ ഉപയോഗിക്കുന്നത് നോക്കിയയുടെ 1100 എന്ന മോഡല്‍ ഫോണാണ്. മേക്കപ്പിന്റെ കാര്യം എനിക്കൊന്നും അറിയില്ല,ജാനു ജാനുവിന്റെ ഇഷ്ടം പോലെ ചെയ്യൂ എന്നായിരുന്നു മഞ്ജു ചേച്ചി പറഞ്ഞതെന്നും ജാന്മോണി ദാസ് പറയുന്നു.
അന്നത്തെ ആ മേക്കപ്പ് എല്ലാവർക്കും വലിയ ഇഷ്ടമായി. ആ ചിത്രം വലിയ രീതിയില്‍ വൈറലുമായി. അതും സോഷ്യല്‍മീഡിയ അത്ര സജീവം അല്ലാത്ത ഒരു സമയത്ത്. ചിത്രത്തിന് താഴെ എന്റെ ഫോണ്‍ നമ്പറും ഉണ്ടായിരുന്നു. എല്ലാവരും എന്നെ വിളിച്ച് വലിയ രീതിയില്‍ അഭിനന്ദിച്ചു. അപ്പോഴും ഞാന്‍ പൂർണ്ണിമ ചേച്ചിയോട് ചോദിച്ചത് മഞ്ജു ചേച്ചി വല്ല സീരിയലും ചെയ്തിട്ടുണ്ടോയെന്നാണ്. അപ്പോഴാണ് അവർ പറയുന്നത് മഞ്ജു ചേച്ചി മമ്മൂട്ടിയും മോഹന്‍ലാലും പോലെ ഒരു സൂപ്പർ സ്റ്റാർ ആണെന്ന്. കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അത്രയും എളിമയുള്ള ഒരു താരത്തെ ഞാന്‍ ആദ്യമായിട്ടായിരുന്നു കാണുന്നതെന്നും ജാന്മോണി ദാസ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications