മഞ്ജുവാര്യർക്ക് ഇത്രയും ആസ്തിയോ? 150 കോടിയിലേറെയെന്ന്, പല നടന്മാരും പിന്നില്‍ നില്‍ക്കണം
ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമ രംഗത്തേക്ക് അതിശക്തമായി തിരിച്ച് വന്ന താരമാണ് മഞ്ജു വാര്യർ. ദിലിപുമായുള്ള വിവാഹം കഴിഞ്ഞ സാഹചര്യത്തിലാണ് 1999 ഓടെ മഞ്ജു വാര്യർ സിനിമ രംഗത്ത് നിന്നും വിട്ടു നിന്നതെന്നും എല്ലാവർക്കും അറിയാം. എന്നാല്‍ ഈ താര വിവാഹം നിയമപരമായി വേർപിരിഞ്ഞതിന് പിന്നാലെ 2014 ല്‍ മഞ്ജു വാര്യർ സിനിമ രംഗത്തേക്ക് തിരിച്ച് വരികയും ചെയ്തു.
രണ്ടാം വരവിലും മഞ്ജു വാര്യറെ പഴയ അതേ സ്നേഹത്തോടെ തന്നെ മലയാളികള്‍ സ്വീകരിച്ചു. രണ്ടാം വരവില്‍ മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരത്തെയാണ് കാണാന്‍ സാധിച്ചത്. ധനുഷിന്റെ അസുരനായിരുന്നു മഞ്ജു വാര്യർ അഭിനയിച്ച ആദ്യ തമിഴ് ചിത്രം.

അജിത്തിന്റെ തുനിവിന് പിന്നാലെ രജനീകാന്തിന്റെ വേട്ടയ്യന്‍, വിടുതലൈ പാർട്ട് 2 എന്നീ തമീഴ് ചിത്രങ്ങളിലും താരം അഭിനയിക്കുന്നു. ചതുർമുഖം, ലളിതം സുന്ദരം എന്നീ സിനിമകളുടെ സഹനിർമ്മാതാവായും ഇതിനിടയില്‍ മഞ്ജു വാര്യർ മാറി.
ഇന്ന് മലയാളത്തില്‍ ഏറ്റവും അധികം ശമ്പളം വാങ്ങുന്ന താരങ്ങളില്‍ ഒരാളുമാണ് മഞ്ജു വാര്യർ. മലയാളത്തില്‍ ഒരു സിനിമക്ക് 50 ലക്ഷത്തോളം രൂപയാണ് താരം പ്രതിഫലമായി വാങ്ങുന്നതെന്നാണ് അനൌദ്യോഗിക വിവരങ്ങള്‍. എന്നാല്‍ തുനിവ് എന്ന തമിഴ് ചിത്രത്തിനായി 90 ലക്ഷം മുതല്‍ ഒരു കോടി രൂപവരെയായിരുന്നു മഞ്ജു വാര്യറുടെ പ്രതിഫലം എന്ന റിപ്പോർട്ടുകളുമുണ്ട്.
രജനീകാന്തിന്റെ വേട്ടയ്യനില്‍ തുണിവിനേക്കാള്‍ കുറഞ്ഞ പ്രതിഫലനമാണ് മഞ്ജു വാര്യർക്ക് ലഭിച്ചതെന്ന സൂചനയുമുണ്ട്. രജനീകാന്ത് ചിത്രത്തില്‍ 85 ലക്ഷമാണ് മഞ്ജുവിന് പ്രതിഫലമായി ലഭിച്ചതെന്നാണ് വിവരം. അതേസമയം രജനീകാന്തിന് 100 മുതൽ 120 കോടി, അമിതാബ് ബച്ചന് 7 കോടി, ഫഹദ് ഫാസിലിന് 4 കോടി എന്നിങ്ങനെയുമായി പ്രതിഫലമെന്നും വിവിധ റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു.
മഞ്ജു വാര്യറുടെ ആകെ ആസ്തി 150 കോടിയോളമാണെന്നാണ് ഫില്‍മി ബീറ്റ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്. സ്വാഭാവികമായും ഒരു വർഷത്തിനിടയില്‍ ഇത് വർധിച്ചിട്ടുണ്ടാകാം. എന്നാല്‍ മഞ്ജു വാര്യറുടെ സ്വത്ത് വിവരം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പൊതുജന മധ്യത്തില്‍ ലഭ്യവുമല്ല.
അഭിനയത്തിന് പുറമെ ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വളരെ സജീവമാണ് മഞ്ജു വാര്യർ. സോഷ്യല്‍ മീഡിയ വഴിയും അല്ലാതേയുമുള്ള പരസ്യങ്ങള്‍ക്കായി താരം വലിയ തുക ഈടാക്കുകയും ചെയ്യുന്നുണ്ട്. ബ്രാന്‍ഡ് മൂല്യം അനുസരിച്ച് ഇത് 50 ലക്ഷം വരെയായൊക്കെ ഉയരും.
മലയാളത്തിനും തമിഴിനും പുറമെ അടുത്ത വർഷം ഹിന്ദിയിലേക്ക് കൂടി കാല്‍വെക്കുകയാണ് മഞ്ജു വാര്യർ. മാധവനോടൊപ്പം അമ്രീകി പണ്ഡിറ്റ് എന്ന ചിത്രത്തിലാണ് താരം അഭിനയിക്കാന്‍ പോകുന്നത്. അതോടൊപ്പം തന്നെ തമിഴ് സൂപ്പർ സ്റ്റാർ വിജയ് നായകനാകുന്ന അവസാന ചിത്രത്തിലും മഞ്ജു വാര്യർ ഉണ്ടാകുമെന്ന സൂചനയുമുണ്ട്.
തുനിവിന്റെ സംവിധായകന്‍ എച്ച് വിനോദ് തന്നെയാണ് വിജയ് യുടെ അവസാന ചിത്രവും സംവിധാനം ചെയ്യുന്നത്. മികച്ച പ്രകടനത്തിന് സാധ്യതയുള്ള ഒരു സിനിമ നല്‍കാം എന്ന് എച്ച് വിനോദ് തന്നോട് പറഞ്ഞതായുള്ള മഞ്ജു വാര്യറുടെ വെളിപ്പെടുത്തലാണ് ഇത് സംബന്ധിച്ച സൂചനകള്‍ ശക്തമാക്കിയത്.


Click it and Unblock the Notifications