മഞ്ജു വാര്യര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ? അവസാന നിമിഷം ട്വിസ്റ്റ്, പ്രതികരണം ഇങ്ങനെ
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. മുന്നണികള്‍ സീറ്റ് ചര്‍ച്ച ആരംഭിച്ച വേളയില്‍ തന്നെ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളും ആരംഭിച്ചുകഴിഞ്ഞു. 20ല്‍ 20 സീറ്റും നേടുമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ യുഡിഎഫിന്റെ പ്രകടനത്തെ പറ്റി അവകാശപ്പെടുന്നത്. എന്നാല്‍ ഇത്തവണ കൂടുതല്‍ സീറ്റ് പിടിക്കുന്നതിന് കരുത്തരെ ഇറക്കാനാണ് സിപിഎം ആലോചന.
നടി മഞ്ജു വാര്യര്‍ ഇത്തവണ സ്ഥാനാര്‍ഥിയാകുമോ എന്നാണ് പുതിയ ചര്‍ച്ച. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ ഉണ്ണി മുകുന്ദന്‍ ഉള്‍പ്പെടെയുള്ള പേരുകള്‍ ബിജെപി ചര്‍ച്ച ചെയ്യുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സുരേഷ് ഗോപിയുടെ പേര് ബിജെപി പട്ടികയിലുണ്ട്. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്തുകൊണ്ടും വ്യത്യസ്തമാകുമെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്.

സിപിഎം സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ്. ചാലക്കുടി മണ്ഡലത്തില്‍ പാര്‍ട്ടി ആലോചിക്കുന്നവരില്‍ മഞ്ജു വാര്യരും ഉണ്ടെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ നടന്‍ ഇന്നസെന്റിനെ സ്വതന്ത്രനായി മല്‍സരിപ്പിച്ച സിപിഎം തന്ത്രം വിജയിച്ചിരുന്നു. സമാനമായ മാതൃകയില്‍ മഞ്ജുവാര്യര്‍ കളത്തിലിറങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്.
മുന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസ്, സിഐടിയു നേതാവ് യുപി ജോസഫ് എന്നിവരുടെ പേരും ചാലക്കുടിയില്‍ സിപിഎം പരിഗണിക്കുന്നു. സര്‍പ്രൈസ് സ്ഥാനാര്‍ഥിയായി മഞ്ജുവാര്യര്‍ എത്തിയാല്‍ കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്ന് ചാലക്കുടിയായി മാറും. കോണ്‍ഗ്രസിന് വേണ്ടി സിറ്റിങ് എംപി ബെന്നി ബെഹനാന്‍ തന്നെയാകും ഇറങ്ങുക.
ഒന്നാം പിണറായി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു രവീന്ദ്രനാഥ്. ചാലക്കുടി മണ്ഡലത്തില്‍ അദ്ദേഹത്തിന് വ്യക്തമായ സ്വാധീനമുണ്ട് എന്നാണ് വിലയിരുത്തല്‍. കോട്ടയം സ്വദേശിയാണെങ്കിലും യുവാക്കള്‍ക്കിടയിലുള്ള സ്വാധീനമാണ് ജെയ്ക് സി തോമസിനെ പരിഗണിക്കാന്‍ കാരണം. 2014ല്‍ ഇന്നസെന്റ് എത്തിയ പോലെ അവസാന നിമിഷം മഞ്ജുവാര്യര്‍ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയും പാര്‍ട്ടി നേതൃത്വം തള്ളുന്നില്ല.
ഒന്നും തള്ളിക്കളയാന്‍ സാധിക്കില്ല എന്നാണ് മഞ്ജു വാര്യരുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എറണാകുളം ജില്ലാ എല്‍ഡിഎഫ് കണ്‍വീനര്‍ ജോര്‍ജ് എടപ്പരതി പ്രതികരിച്ചത്. ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിത്വം അന്ന് സര്‍പ്രൈസ് ആയിരുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കുക. അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. യുഡിഎഫിന് ഇത്തവണ വിജയം എളുപ്പമാകില്ലെന്നും ജോര്‍ജ് പ്രതികരിച്ചു.
തൃശൂര്‍, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുകയാണ് ചാലക്കുടി മണ്ഡലം. കൈപമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ളത്. ഇതുവരെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇല്ലാത്ത വ്യക്തിയാണ് മഞ്ജു വാര്യര്‍. രാഷ്ട്രീയ കാര്യങ്ങളില്‍ അവര്‍ പ്രതികരിക്കാറുമില്ല. പുതിയ റിപ്പോര്‍ട്ട് സംബന്ധിച്ചും അവര്‍ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications