'മഞ്ജു വാര്യരുടെ അച്ഛൻ എന്നെ ചീത്ത വിളിച്ചു, നിന്റെ പെങ്ങൾക്കാണ് സംഭവിച്ചതെങ്കിലോ എന്ന് ചോദിച്ചു'
മലയാള സിനിമ ലോകത്തെ ഞെട്ടിച്ച് കൊണ്ടായിരുന്നു 1998 ൽ ദിലീപും മഞ്ജു വാര്യരും തമ്മിൽ വിവാഹം കഴിക്കുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച കാലത്ത് തുടങ്ങിയ പ്രണയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. മഞ്ജു വാര്യർ സിനിമയിൽ കത്തി നിൽക്കുന്ന സമയം കൂടിയായിരുന്നു അത്. അതുകൊണ്ട് തന്നെ വിവാഹവും പിന്നാലെ സിനിമയിൽ നിന്നുള്ള മഞ്ജുവിന്റെ പിൻമാറ്റവുമെല്ലാം ആരാധകരെ വളരെ വേദനിപ്പിച്ചു.
വീട്ടുകാരുടെ അറിവോടെയായിരുന്നില്ല വിവാഹം, ഒളിച്ചോട്ടമായിരുന്നു. മലയാള സിനിമയിൽ ദിലീപിന്റെ സുഹൃത്തുക്കളായിരുന്ന പലരും ആ ഒളിച്ചോട്ടത്തിന് കൂട്ടുനിന്നു. അതിലൊരാൾ കലാഭവൻ മണിയായിരുന്നു. അതിനെ കുറിച്ച് മുൻപ് മണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. കൈരളി ചാനലിന് നൽകിയൊരു അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.

നടന്റെ വാക്കുകൾ ഇങ്ങനെ-'ദിലീപിന്റേയും മഞ്ജു വാര്യരുടേയും വിവാഹത്തിൽ എനിക്ക് പങ്കുണ്ട്. അക്കൂട്ടത്തിൽ ലാൽ ജോസേട്ടൻ, ബിജു മേനോൻ, ഞാൻ, ആലുവയിൽ ദിലീപിന്റെ ഒരു ഫ്രണ്ട്, ഒരു അഭിഭാഷകൻ ഒക്കെയുണ്ടായിരുന്നു. ഇവിടെ തൃശൂരിൽ സൗത്തിൽ ലോഹിതാദാസ് സാറിന് സ്വീകരണം കൊടുക്കുന്നൊരു പരിപാടി ഉണ്ടായിരുന്നു. അതിന്‌റെ ടിക്കറ്റ് കൗണ്ടർ ഉദ്ഘാടനം ചെയ്യാനായി ദിലീപ് വന്നിരുന്നു. ദിലീപിനോട് ഞാൻ ചോദിച്ചപ്പോൾ ഈ പരിപാടിക്ക് വന്നതാണെന്ന് പറഞ്ഞു. മറ്റൊരു സംഭവം കൂടിയുണ്ട്, ഇങ്ങനെയാണ് കാര്യങ്ങൾ ഞാൻ എന്താ ചെയ്യേണ്ടതെന്ന് ചോദിച്ചു. അതിനെന്താ ഞാൻ ചെയ്യാലോ എന്ന് പറഞ്ഞ് ഞാൻ ഒരു സാധനം എന്റെ കാറിന്റെ ഉള്ളിലേക്ക് എടുത്തിട്ട് തൃശൂരിലേക്ക് പോയി.
അന്ന് പക്ഷെ എന്റെ കൈയ്യിൽ മൊബൈൽ ഫോണൊന്നും ഉണ്ടായിരുന്നില്ല. ദിലീപിന്റെ കൂടെ പോയിട്ട് അന്ന് താമസിക്കേണ്ടിയിരുന്നത് ബിജു മേനോന് പരിചയമുള്ള ഒരു ഹോട്ടലിലായിരുന്നു. രാത്രി 12 ആയപ്പോൾ ഞാൻ പറഞ്ഞു വീട്ടിലേക്കൊന്ന് ഫോൺ ചെയ്ത് വരാമെന്ന്. കുറച്ച് കഴിഞ്ഞപ്പോൾ ഇവരെന്നെ കളിയാക്കുകയായിരുന്നു, അവനെ പോയി നോക്ക് ചിലപ്പോൾ ബൂത്തിൽ നാടൻ പാട്ടും പാടി ഇരിക്കുന്നുണ്ടാകുമെന്ന്. അങ്ങനെയാണ് അവിടെ നിന്ന് പോകുന്നതും മഞ്ജുവിനെ കൊണ്ടുവരുന്നതും വിവാഹം കഴിക്കുന്നതും.
അന്ന് എനിക്ക് മഞ്ജുവിന്റെ അച്ഛന്റെ കൈയ്യിൽ നിന്നും നല്ല തെറി കിട്ടി. ഞാൻ ഒന്നും ചെയ്തില്ല, ആ പുള്ളി എന്നെ ചീത്ത വിളിച്ചപ്പോൾ ഞാൻ ഒരു ചിരി ചിരിച്ചു. ആ ചിരിയിൽ പുള്ളിക്ക് തോന്നിക്കാണും എല്ലാം കൂടി തിരിച്ച് പറഞ്ഞതായിരിക്കുമോയെന്ന്. അദ്ദേഹം എന്നോട് ചോദിച്ചത് ശരിയാണ്, നിന്റെ പെങ്ങൾക്കാണ് ഇത് വന്നതെങ്കിൽ നീയെന്താണ് ചെയ്യുകയെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ പറഞ്ഞു എനിക്കുള്ള പെങ്ങമ്മാരുടെ വിവാഹമൊക്കെ കഴിഞ്ഞെന്ന്. അല്ലാതെ എന്ത് പറയാനാണ്. ഒരു അച്ഛന്റെ വിഷമമാണ് അദ്ദേഹം പറഞ്ഞത്', മണി പറഞ്ഞത്.
അതേസമയം അഭിമുഖത്തിന് താഴെ നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്. മഞ്ജുവിന്റെ അച്ഛനായിരുന്നു ശരി എന്ന് കാലം തെളിയിച്ചുവെന്നാണ് ചിലർ കുറിച്ചത്. പക്വത ഇല്ലാത്ത ആ പ്രായത്തിൽ വിവാഹം കഴിച്ചത് തെറ്റായിപ്പോയെന്നും അന്ന് മഞ്ജു സിനിമയിൽ നിന്നും മാറി നിന്നില്ലായിരുന്നുവെങ്കിൽ അവർ മറ്റൊരു തരത്തിൽ വളർന്നേനെയെന്നും ചില ആരാധകർ പറയുന്നു.
17 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2017 ലാണ് ദിലീപും മഞ്ജു വാര്യരും തമ്മിൽ വേർപിരിയുന്നത്. വിവാഹം പോലെ തന്നെ ഇരുവരുടേയും വിവാഹമോചനവും വലിയ ചർച്ചയായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് വിവാഹബന്ധം അവസാനിപ്പിച്ചതെന്ന് ഇരുവരും ഒരിക്കൽ പോലും പൊതുവേദികളിൽ പറയാൻ തയ്യാറായിരുന്നില്ല.












Click it and Unblock the Notifications