മലയാള സിനിമയിലെ ഏറ്റവും പ്രതിഫലമുള്ള നായിക, ഒരു സിനിമയ്ക്ക് ലഭിക്കുന്നത് ഇത്ര; മഞ്ജുവിന്റെ ആസ്തി കേട്ടോ?
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ കരിയറില്‍ മികച്ച ഒരുപിടി വേഷങ്ങള്‍ ചെയ്ത് നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടാന്‍ താരത്തിനായിരുന്നു. ദേശീയ-സംസ്ഥാന അവാര്‍ഡുകളും ഫിലിം ഫെയര്‍ അവാര്‍ഡും വാരിക്കൂട്ടിയ താരത്തിന്റെ 46-ാം പിറന്നാളാണിന്ന്. സ്‌കൂള്‍ യുവജനോത്സവത്തിലെ കലാതിലകം പട്ടമാണ് മഞ്ജുവിനെ സിനിമയിലേക്ക് എത്തിക്കുന്നത്.
മോഹാരവം എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. 1995 ല്‍ തന്റെ 17-ാം വയസിലാണ് മഞ്ജു ആദ്യ സിനിമയില്‍ അഭിനയിച്ചത്. സാക്ഷ്യം എന്ന ചിത്രമായിരുന്നു അത്. തൊട്ടടുത്ത വര്‍ഷം സൂപ്പര്‍ഹിറ്റായ സല്ലാപം എന്ന സിനിമയിലൂടെ നായികയായി. പിന്നീട് മഞ്ജുവിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ശോഭന, രേവതി, ഉര്‍വശി, പാര്‍വതി തുടങ്ങിയവര്‍ അടക്കിവാണ മലയാള സിനിമയിലെ നായികാപദവിയിലേക്ക് മഞ്ജു നടന്ന് കയറി.

കലാമൂല്യവും വാണിജ്യപരവുമായ ചിത്രങ്ങളില്‍ താരം അഭിനയിച്ചു. അഭിനയ മികവ് തന്നെയായിരുന്നു മഞ്ജുവിന്റെ കൈമുതല്‍. ഏത് വേഷവും തനിക്കിണങ്ങും എന്ന് തെളിയിക്കാന്‍ മഞ്ജുവിന് അധികകാലമൊന്നും വേണ്ടി വന്നില്ല. മികച്ച നര്‍ത്തകി കൂടിയാണ് താരം. വിവാഹത്തിന് മുന്‍പ് വെറും മൂന്ന് വര്‍ഷം മാത്രമാണ് മഞ്ജു സിനിമയില്‍ ഉണ്ടായിരുന്നത്. അതിനിടെ 20 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.
കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം സ്വന്തമാക്കി. ഈ പുഴയും കടന്ന് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറി നിന്ന മഞ്ജു വാര്യര്‍ വിവാഹമോചനത്തിന് ശേഷം 2014 ല്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി.
ഏറെ ശ്രദ്ധ നേടിയ ഈ ചിത്രം മഞ്ജുവിന്റെ തിരിച്ചുവരവായി അടയാളപ്പെടുത്തി. അതിന് ശേഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ള നായിക എന്ന നേട്ടവും മഞ്ജുവിനെ തേടിയെത്തി. ഒരു സിനിമയ്ക്ക് മലയാളത്തില്‍ 75 ലക്ഷത്തിനും ഒന്നരക്കോടിക്കും ഇടയിലാണ് മഞ്ജു വാര്യര്‍ ഈടാക്കുന്നത്. തമിഴ് സിനിമയില്‍ നിന്ന് ഇതിലേറെ പ്രതിഫലമാണ് മഞ്ജുവിന് ലഭിക്കുന്നത്.
142 കോടിക്കും 150 കോടിക്കും ഇടയിലാണ് മഞ്ജുവിന്റെ ആസ്തി. പരസ്യചിത്രങ്ങളിലേയും മറ്റും സഹകരണങ്ങള്‍ക്ക് 75 ലക്ഷമാണ് താരം ഈടാക്കുന്ന പ്രതിഫലം. ഇതിന് പുറമെ ഉദ്ഘാടനങ്ങളില്‍ നിന്നും താരത്തിന് വരുമാനം ലഭിക്കുന്നുണ്ട്. കേരളത്തില്‍ പലയിടത്തായി വീടുകളും പ്രോപ്പര്‍ട്ടികളും താരത്തിന് സ്വന്തമായുണ്ട്. ആഡംബര കാറുകള്‍ക്കൊപ്പം ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് എന്ന ബൈക്കും മഞ്ജുവിന്റെ ഗാരേജിലുണ്ട്. ഇതിന് ഏകദേശം 21 ലക്ഷം രൂപ വിലവരും.












Click it and Unblock the Notifications