മഞ്ജു വാര്യരുടെ തമിഴിലെ പ്രതിഫലം കണ്ണ് തള്ളിക്കും; അതും വെറും 4 സിനിമ കൊണ്ട്, ആസ്തിയും വർധിച്ചോ?
തിരിച്ചുവരവിൽ പ്രേക്ഷകരെ ഞെട്ടിച്ച നടി ആരെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേ ഉള്ളൂ, മഞ്ജു വാര്യർ. രണ്ടാം വരവിൽ ഒരുപാട് ഹിറ്റുകൾ സമ്മാനിക്കാൻ കഴിഞ്ഞില്ലെങ്കിലും താരത്തിനുള്ള ജനപ്രീതിക്ക് ഇന്നും യാതൊരു കുറവും ഇല്ല. മാത്രമല്ല മഞ്ജുവിന് ലഭിക്കുന്ന അവസരങ്ങളും നിരവധിയാണ്.
ഇപ്പോൾ തമിഴിലാണ് താരം നിറഞ്ഞ് നിൽക്കുന്നത്. ഏറ്റവും ഒടുവിലായി വേട്ടയാനിലായിരുന്നു മഞ്ജു അഭിനയിച്ചത്. വിജയ് സേതുപതിക്കൊപ്പമുള്ള വിടുതലൈ 2 ആണ് നടിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ മോഷൻ പോസ്റ്ററുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

തിരിച്ചുവരവിൽ മഞ്ജു വാര്യർ ആദ്യമായി വേഷമിട്ട തമിഴ് ചിത്രം അസുരൻ ആയിരുന്നു, ധനുഷിന്റെ നായികായിട്ടായിരുന്നു മഞ്ജു ചിത്രത്തിൽ അഭിനയിച്ചത്. സിനിമയ്ക്കും ചിത്രത്തിലെ മഞ്ജുവിന്‌റെ കഥാപാത്രത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം അജിത്തിന്റെ തുനിവ് ആയിരുന്നു നടി വേഷമിട്ട രണ്ടാമത്തെ തമിഴ് ചിത്രം. അതുകഴിഞ്ഞ് രജനീകാന്തിനൊപ്പം വേട്ടയാനിലും എത്തി. വെട്രിമാരൻ ഒരുക്കുന്ന വിടുതലൈ 2 നടിയുടെ നാലാമത്തെ തമിഴ് സിനിമ ആണ്. ഡിസംബർ 20 നാണ് സിനിമ റിലീസ് ചെയ്യുന്നത്.
സിനിമയുടെ പ്രമോഷൻ പരിപാടികൾ തകൃതിയായി തന്നെ നടക്കുന്നുണ്ട്. അതിനിടെ ഇപ്പോഴിതാ ചിത്രത്തിലെ മഞ്ജുവിൻറെ പ്രതിഫലം സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരികയാണ്. സിനിമയ്ക്കായി 3 കോടിയാണത്രേ നടിക്ക് ലഭിച്ചത്. വേട്ടയാനിൽ 2 കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം. തുനിവിൽ ലഭിച്ചത് ഒരു കോടിയോളവും. നിലവിൽ തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി മലയാളി കൂടിയായ നയൻതാരയാണ്. 10 കോടി വരെയാണ് നയൻസിന് പ്രതിഫലം കിട്ടുന്നത്. എങ്കിലും നാലാമത്തെ ചിത്രത്തോട് കൂടി തന്നെ 3 കോടി പ്രതിഫലം മഞ്ജുവിന് ലഭിച്ചത് ചെറിയ കാര്യമല്ലെന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം മലയാളത്തിൽ മഞ്ജുവിന് എത്രയാണ് പ്രതിഫലം എന്ന ചോദ്യവും ആരാധകർക്കുണ്ട്. 3 കോടിയൊന്നും ഇല്ലെങ്കിലും മലയാളത്തില്‍ ഏറ്റവും അധികം ശമ്പളം വാങ്ങുന്ന താരങ്ങളില്‍ ഒരാൾ തന്നെയാണ് മഞ്ജു വാര്യർ. മലയാളത്തില്‍ ഒരു സിനിമക്ക് 50 ലക്ഷത്തോളമാണ് താരത്തിന് ലഭിക്കുന്ന പ്രതിഫലം എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.
താരത്തിന്റെ ആകെ ആസ്തി 150 കോടി ഉണ്ടാകുമെന്നാണ് നേരത്തേ ഫിൽമി ബീറ്റ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ തമിഴിൽ കൂടുതൽ പ്രതിഫലം വാങ്ങിത്തുടങ്ങിയതോടെ നടിയുടെ ആകെ ആസ്തിയിലും വർധനവ് ഉണ്ടായിട്ടുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും താരത്തിന്റെ ആസ്തി സംബന്ധിച്ച യഥാർത്ഥ കണക്കുകൾ ലഭ്യമല്ല. സിനിമകൾ കൂടാതെ പരസ്യ ചിത്രങ്ങളിലും ഉദ്ഘാടനങ്ങളിലുമെല്ലാം സജീവമാണ് മഞ്ജു. ഇവയിൽ നിന്നും വലിയ വരുമാനം താരത്തിന് ലഭിക്കുന്നുണ്ട്.
ഇനി മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടേതായി ഇറങ്ങാനുള്ള ചിത്രം. മലയാളവും തമിഴും കൂടാതെ ബോളിവുഡിലും ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങുകയാണ് താരം. മാധവനോടൊപ്പമുള്ള അമ്രീകി പണ്ഡിറ്റ് എന്ന ചിത്രത്തിലൂടെയായിരിക്കും മഞ്ജുവിന്റെ ബോളിവുഡ് അരങ്ങേറ്റം.












Click it and Unblock the Notifications