'പണിയില്ലാതെ ഇരിക്കുകയല്ലേ'? ജൂഡ് വിളിച്ച് ചൂടായി, 2018 ല്‍ എന്തുകൊണ്ട് അഭിനയിച്ചില്ലെന്ന് മെറീന
മോഡലിങ് രംഗത്ത് നിന്നും സിനിമയിലെത്തി ചുരുങ്ങിയ വർഷങ്ങള്‍ക്കുള്ളില്‍ തന്നെ തന്റേതായ ഇടം കണ്ടെത്താന്‍ സാധിച്ചിരിക്കുന്ന താരമാണ് മെറീന മൈക്കിള്‍ കുരിശിങ്കല്‍. കമല്‍ സംവിധാനം ചെയ്ത വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രമാണ് മെറീനയുടേതായി ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷനിനിടെ ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ചും താരം പിന്നീട് തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ 2018 എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ അവസരം നഷ്ടപ്പെടുത്തിയതിനെക്കുറിച്ചും മെറീന വ്യക്തമാക്കുകയാണ്. ഗൃഹലക്ഷ്മിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. സംവിധായകന്‍ ജൂഡ് ആന്റണിയുമായി ഉണ്ടായ ചില തർക്കങ്ങളെ തുടർന്നാണ് ആ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നതെന്നാണ് മെറീന പറയുന്നത്.

'2018 എന്ന ചിത്രത്തില്‍ അപർണ ബാലമുരളി ചെയ്ത മാധ്യമപ്രവർത്തകയുടെ വേഷം ചെയ്യേണ്ടത് ഞാനായിരുന്നു. ഒരു ദിവസം ഷൂട്ടിന് പോകുകയും ചെയ്തിട്ടുണ്ട്. സിനിമയിലെ ക്ലൈമാക്‌സിനോടടുപ്പിച്ചുള്ള സീനില്‍ ഞാനുണ്ട്. എന്നാല്‍ സംവിധായകനോടുള്ള വഴക്കിന്റെ പേരില്‍ ആ വേഷം നഷ്ടപ്പെട്ടു. അതില്‍ എനിക്ക് യാതൊരു കുറ്റബോധവുമില്ല' അഭിമുഖത്തില്‍ മെറീന പറയുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് പലതവണ ഷെഡ്യൂള്‍ മാറിയിരുന്നു. ആസിഫ് അലിക്ക് പനിയായത് അടക്കമുള്ള കാരണങ്ങള്‍ കൊണ്ടാണ് മാറ്റിവെക്കപ്പെട്ടത്. അതിന് മുമ്പ് ഒരു കുഞ്ഞ് സിനിമയില്‍ ഞാന്‍ കമ്മിറ്റ് ചെയ്തിരുന്നു. 2018 ലെ ആളുകള്‍ ഷെഡ്യൂള്‍ മാറ്റുന്നതിനനുസരിച്ച് അവരോടും ഞാന്‍ ഡേറ്റ് മാറ്റി പറഞ്ഞുകൊണ്ടിരുന്നു. അവര്‍ ക്യാമറയും ലൊക്കേഷനുമൊക്കെ ബുക്ക് ചെയ്ത് കഴിയുമ്പോഴാവും ഞാന്‍ മാറ്റം പറയുന്നത്.
ഞാന്‍ ഡേറ്റ് മാറ്റുന്നത് അവരെ സംബന്ധിച്ച് പ്രശ്നമാണ്. മുന്‍നിരനായികമാരുടെ ഡേറ്റ് കിട്ടാഞ്ഞിട്ടാണ് നിങ്ങളെ വിളിക്കുന്നത്. അപ്പോള്‍ നിങ്ങള്‍ക്കും ഡേറ്റില്ലാന്ന് പറയുമ്പോള്‍ എന്താ ചെയ്യാ എന്നവര്‍ ചോദിച്ചു. ഇതോടെ 2018-ന്റെ അസോസിയേറ്റ് ഡയറക്ടറോട് ഞാന്‍ വളരെ വിനയത്തോടെ കാര്യം അന്വേഷിക്കുകയും ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്ന് പറയുകയും ചെയ്തെന്നും മെറീന പറയുന്നു.
ഇതിന് ശേഷം സംവിധായകന്‍ ജൂഡേട്ടന്റെ ഒരു ഓഡിയോ മെസേജാണ് വന്നത്. "നിന്നെ വെച്ച് പടം ചെയ്തിട്ട് ബുദ്ധിമുട്ടായി. നീ ഡേറ്റ് ക്ലാഷിന്റെ ആളാണ്" എന്നൊക്കെ ദേഷ്യത്തോടെ പറയുന്ന ഓഡിയോ ആയിരുന്നു അത്. ചേട്ടാ, അല്പം സെല്‍ഫ് റെസ്‌പെക്ടോടുകൂടി സംസാരിക്കണമെന്നും അസിസ്റ്റന്റ് ഡയറക്ടറോട് ഞാന്‍ അപേക്ഷിക്കുന്നതുപോലെയാണ് സംസാരിച്ചത് എന്നൊക്കെ ജുഡേട്ടനോട് പറഞ്ഞു.
ഒരു സൂപ്പര്‍സ്റ്റാറിന്റെ തലക്കനത്തോടെ ഇങ്ങനെയാണെങ്കില്‍ നാളെ മുതല്‍ വരില്ല എന്ന രീതിയില്‍ ഞാന്‍ പറഞ്ഞതുപോലെയാണല്ലോ ചേട്ടന്‍ പെരുമാറുന്നത് എന്നും പറഞ്ഞു. ഇതോടെയാണ് അദ്ദേഹം 'കാസ്റ്റ് ചെയ്യുന്നതിനുമുന്നേ പണിയില്ലാതെ വെറുതെയിരിക്കുകയായിരുന്നില്ലേ' എന്ന് ചോദിക്കുന്നത്. ഇതോടെ 'ഒരാള്‍ക്ക് എല്ലായ്‌പ്പോഴും വെറുതെ ഇരിക്കാന്‍ പറ്റില്ലല്ലോ ചേട്ടാ. ചായ ഇടാനെങ്കിലും എഴുന്നേല്‍ക്കുമല്ലോ. ഈ സിനിമ ഞാന്‍ ചെയ്യുന്നില്ല' എന്ന് പറഞ്ഞെന്നും മെറീന വ്യക്തമാക്കുന്നു.
2018 എന്ന സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന തീരുമാനം ഭാവിയില്‍ എന്റെ കരിയറിന് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടാകുമോ എന്നൊന്നും ഞാന്‍ നോക്കിയിട്ടില്ല. അങ്ങനെയുള്ള പേടിയുമില്ല. എനിക്ക് ഉള്ളതാണെങ്കില്‍ എന്നെ തേടി വരിക തന്നെ ചെയ്യുമെന്നാണ് വിശ്വാസം. ജൂഡ് ഏത് പൊസിഷനില്‍ ഇരിക്കുന്ന ആളുമായിക്കോട്ടെ. അങ്ങനെ അദ്ദേഹം ആരോടും സംസാരിക്കാന്‍ പാടില്ല. അപ്പുറത്ത് ഉള്ള ആള്‍ തെറ്റായിട്ടാണ് സംസാരിച്ചതെന്ന് നോക്കിയിട്ട് വേണം പെരുമാറാന്‍. അത് മാത്രമാണ് ഞാന്‍ അപ്പോള്‍ ചിന്തിച്ചതെന്നും താരം കൂട്ടിച്ചേർത്തു












Click it and Unblock the Notifications