'മീനാക്ഷി ദിലീപ് എന്റെ ഫീമെയ്ൽ വേഴ്ഷൻ, ഒരേ കാഴ്ചപ്പാടുള്ളവരാണ്'; പ്രണയ അഭ്യൂഹങ്ങളോട് പ്രതികരിച്ച് മാധവ് സുരേഷ്
താരപുത്രൻ എന്ന ലേബൽ പരോക്ഷമായി തനിക്ക് നെഗറ്റീവ് ഉണ്ടാക്കിയിട്ടുണ്ടെന്ന് സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഇതേ ലേബലാണ് എന്നെ മലയാള സിനിമയിൽ എത്തിച്ചത്. പക്ഷെ പരോക്ഷമായി നെഗറ്റീവ് ഉണ്ടാക്കിയിട്ടുണ്ട്. ഇതേ താരത്തേയും താരത്തിന്റെ കുടുംബത്തേയും തരംതാഴ്ത്തി സംസാരിക്കാൻ കെൽപുള്ള ലോകവും മനുഷ്യരുമുണ്ട് ഇവിടെ. അത് ഞങ്ങൾ നാല് മക്കളേയും അമ്മയേയുമൊക്കെ ബാധിച്ചിട്ടുണ്ട്', മാധവ് പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'സ്കൂളിലൊക്കെ പഠിക്കുമ്പോൾ കളിയാക്കലുകൾ ഒക്കെ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ കളിയാക്കലുകൾ എന്ന് അറിയാമായിരുന്നു. എന്നാൽ എന്തുകൊണ്ട് ഞങ്ങൾ എന്ന ചോദ്യം മനസിലുണ്ടായിരുന്നു. ഈ 24 വയസിൽ ഞാൻ ആലോചിക്കുമ്പോൾ ഈ പറയുന്നവർ അല്ല എന്നിക്ക് 3 നേരം ചോറ് തന്നത്. അച്ഛന്റെ പരിശ്രമങ്ങളും കഷ്ടപ്പാടുകളുമാണ്. പട്ടി കുരക്കുന്നുണ്ടെങ്കിൽ കുരക്കട്ടെ. ഞങ്ങളുടെ കുടുംബത്തിന്റെ നേട്ടങ്ങൾ അതിനെ അടിസ്ഥാനപ്പെടുത്തിയല്ല.

അച്ഛന്റെ മകനായത് കൊണ്ട് ചിലയിടങ്ങളിൽ സംസാരിക്കുമ്പോൾ നിയന്ത്രണം പാലിക്കണമെന്ന് തോന്നിയിട്ടുണ്ട്. എന്റെ ഓരോ പ്രവർത്തികളും പ്രതികരണങ്ങളും തീരുമാനങ്ങളും എന്റെ അച്ഛനേയും അമ്മയേയും ബാധിക്കും. ഇവിടെ ഇങ്ങനെയാണ്. പുറത്തെ രാജ്യത്ത് ഇങ്ങനെയല്ല. ഞാൻ പറയുന്ന കാര്യങ്ങളെല്ലാം കറങ്ങി തിരിഞ്ഞ് എന്റെ അച്ഛനും അമ്മയ്ക്കും എതിരെയാണ് വരുന്നത്. എന്റ വിഷമം ഞാൻ പ്രകടിപ്പിച്ച് കഴിഞ്ഞാൽ അത് സ്വീകരിക്കുന്നതിനേക്കാൾ ഉപരി അതിനെ കളിയാക്കാനേ ആളുകൾ ശ്രമിക്കൂ. അതുകൊണ്ട് ഞാനെന്തിനാണ് വെറുതെ എന്റെ പ്രശ്നങ്ങളൊക്കെ പൊതുഇടത്ത് പ്രകടിപ്പിക്കുന്നത്', മാധവ് പറഞ്ഞു.
നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളോടും മാധവ് പ്രതികരിച്ചു. 'ഒരുപാട് ആളുകളെ കൊണ്ട് സോഷ്യൽ മീഡിയ എന്നെ വിവാഹം കളിപ്പിച്ചിട്ടുണ്ട്. സമയം ആകുമ്പോൾ ഞാൻ അറിയിച്ചോളാം. ഞാനൊരു റിലേഷൻഷിപ്പിലാണോ അല്ല, തീർച്ചയായും എനിക്കൊരാളെ ഇഷ്ടമാണ്. എന്റഎ വിവാഹം ഉറപ്പിച്ചിട്ടില്ല. എനിക്ക് അതിന്റെ പ്രായവും പക്വതയും എത്തിയിട്ടില്ല. സമാധാനവും സ്റ്റബിലിറ്റിയും വരുന്നൊരു സമയത്ത് ഒരു പങ്കാളിയെ ഏറ്റെടുക്കേണ്ടി വന്നാൽ ആ സമയത്ത് ഞാൻ ആലോചിക്കേണ്ട കാര്യമാണ് ഇതൊക്കെ. ഇന്ന് മാധവ് സുരേഷ് ഒരു കരിയറിലേക്ക് കടക്കുന്നൊരാളാണ്. ഇതിനിടയിൽ പ്രണയമൊക്കെ ഉണ്ടാകാം. എനിക്ക് ഒരാളെ ഇഷ്ടമാണ്. അത് സാഹചര്യം പോലെയൊക്കെ നടക്കും. അതൊക്കെ അപ്പോൾ മാധ്യമങ്ങളെ അറിയിച്ചോളാം.
മീനാക്ഷിയും ഞാനും വളരെ നല്ല സുഹൃത്തുക്കളാണ്. ഒരേ കാഴ്ചപ്പാടുള്ളവരാണ്, പെരുമാറ്റവും സംസാര രീതിയും ഒക്കെ ഒരുപോലെയാണ്. ശരിക്കും മാധവിന്റെ ഒരു ഫീമെയിൽ വേർഷനാണ് മീനാക്ഷി. ഞങ്ങൾ ക്ലോസ് ഫ്രണ്ട്സ് ആണ്. എന്നാൽ ബെസ്റ്റ് ഫ്രണ്ട്സ് അല്ല. ഞങ്ങൾ ഒരുമിച്ച് ഏതെങ്കിലും പരിപാടിയിൽ കണ്ടാൽ അപ്പോൾ വിവാഹം കഴിക്കുന്നുവെന്ന വാർത്തയാണ്. സെലിബ്രിറ്റികളുടെ മക്കൾ വിവാഹം കഴിക്കുന്നുവെന്ന് വാർത്തകൾ വരുമ്പോൾ ആളുകൾ ക്ലിക്ക് ചെയ്യുമല്ലോ, അതിന് വേണ്ടി ചാനലുകൾ ഓരോ വാർത്തകൾ പടച്ച് വിടും. അവർക്കും വരുമാനം വേണമല്ലോ, പക്ഷെ ആളുകളുടെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചൊക്കെ ഇല്ലാക്കഥ പറയുന്നത് ശരിയല്ല', മാധവ് പറഞ്ഞു.












Click it and Unblock the Notifications